മാനേജരുടെ റോള്‍ അഴിച്ചുവെച്ചു ഡോക്ടറായി ദുരന്തഭൂമിയില്‍

Web Desk
Posted on August 24, 2019, 8:49 pm

കല്‍പറ്റ: ‘മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. വീട്ടില്‍ ഇനി ഒരിക്കലും എത്താന്‍ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്. എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണ്. കുറച്ചുപേര്‍ പുറത്ത് കരയാനുണ്ട്. ഒരു നാട്, അത് കാണാനേയില്ല. പുത്തുമലയില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്, മഴ പെയ്യുന്നുണ്ട്… മണ്ണിനടിയില്‍ ആരോക്കെയോ മഴ കൊളളുന്നുണ്ട്.….’ കഴിഞ്ഞ ഓഗസ്റ്റ് 9നു ശേഷം ഹൃദയസ്പര്‍ശിയായി വന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഒന്നാണിത്.

ആരൊക്കെയോ മണ്ണിനടിയില്‍ മഴ കൊള്ളുന്നു. അവര്‍ക്കായി ഒരുപാട് പേര്‍ പുറത്തു കാത്തിരിക്കുന്നു. ഈ വരികള്‍ക്കുടമ ഇന്നും പുത്തുമലയിലെ ദുരന്തഭൂമിയിലുണ്ട്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ മലപ്പുറം ഓടക്കയം സ്വദേശി ഡോ. ബി.അഭിലാഷ്. മാനേജറുടെ റോള്‍ അഴിച്ചുവച്ച് ഡോക്ടറും രക്ഷാപ്രവര്‍ത്തകനുമായി സി.കെ ശശീന്ദ്രന്‍ എംഎല്‍എയ്ക്കും സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷിനുമൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മേപ്പാടി പുത്തുമലയില്‍ അന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ ഉരുള്‍പൊട്ടല്‍. ഉരുള്‍ കൊണ്ടുപോയത് ആരെയൊക്കെ ആണെന്നുപോലും അപ്പോള്‍ അറിയില്ലായിരുന്നു. ഒടുവില്‍ കണക്കുകള്‍ പുറത്തുവന്നു17.

നാലുവയസ്സുള്ള പിഞ്ചുകുഞ്ഞ് അടക്കം 17 പേരെ ഉരുളെടുത്തിരിക്കുന്നു. കുറേ പേരെ അന്നുതന്നെ പുറത്തെടുത്തു. അന്നുമുതല്‍ ഇന്നോളം ഡോ. അഭിലാഷ് സേവന സന്നദ്ധനായി ദുരന്തഭൂമിയിലുണ്ട്. എടവക പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറായി 2015 ജൂണിലാണ് ഡോക്ടര്‍ അഭിലാഷ് വയനാട്ടില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വെള്ളമുണ്ട, കുറുക്കന്‍മൂല പിഎച്ച്‌സികളുടേയും ചുമതല വഹിച്ചു. പിന്നീട് 2016 ലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറായി ചുമതലയേറ്റത്. പുത്തുമലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ചൂരല്‍മല ഭാഗത്ത് ആദ്യഘട്ടത്തില്‍ തന്നെ അടിയന്തര വൈദ്യസഹായം എത്തിച്ചത് ഡോക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും യാത്ര അസാധ്യമായിരുന്ന പുത്തുമല പാലത്തിലൂടെ സൈന്യത്തിന്റെ സഹായത്തോടെയാണ് സംഘം ചൂരല്‍മല എത്തിയത്. 280 ഓളം ദുരിതബാധിതരുണ്ടായിരുന്ന വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പിലായിരുന്നു ആദ്യത്തെ മെഡിക്കല്‍ ക്യാമ്പ്. വിദഗ്ധ പരിചരണം ആവശ്യമായവരെ നാട്ടുകാരുടെ സഹായത്തോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതായിരുന്നു തുടക്കം.

പിന്നീടങ്ങോട്ട് പുത്തുമല ബസ് സ്‌റ്റോപ്പ് കണ്‍ട്രോള്‍ യൂണിറ്റാക്കി എംഎല്‍എയ്ക്കും സബ്കലക്ടര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളും രോഗ പ്രതിരോധമരുന്ന് കഴിച്ചുവെന്ന് ഉറപ്പാക്കിയായിരുന്നു പ്രവര്‍ത്തനം. ഏറ്റവുമൊടുവില്‍, ഇനിയും കണ്ടെത്താത്ത അഞ്ചുപേര്‍ക്ക് വേണ്ടി പരപ്പന്‍പാറ വഴി 25 കിലോമീറ്റര്‍ താണ്ടി മലപ്പുറം ഭാഗത്ത് തിരച്ചില്‍ നടത്തിയ സംഘത്തില്‍ ഡോക്ടര്‍ അഭിലാഷുമുണ്ടായിരുന്നു. തിങ്കളാഴ്ച നടക്കുന്ന അവസാനവട്ട തിരച്ചിലിലും ഡോക്ടര്‍ ഉണ്ടാവും, സഹപ്രവര്‍ത്തകരുടെ ആരോഗ്യം സംരക്ഷിച്ചും ഉരുള്‍ കൊണ്ടുപോയ ഉറ്റവരുടെ കണ്ണീരൊപ്പിയും.

YOU MAY LIKE THIS VIDEO ALSO