വീണ്ടും മാവോയിസ്റ്റ് വേട്ടയെന്ന വാർത്ത ഇപ്പോൾ പതിവായിരിക്കുന്നു. പൊലീസ് പടച്ചുവിടുന്ന വിവരങ്ങളെയും അവകാശവാദങ്ങളെയും വാർത്തകളാക്കുക എന്ന പ്രക്രിയയ്ക്കപ്പുറം വസ്തുതകൾ പുറത്തുവരുന്നുമില്ല. കഴിഞ്ഞ ദിവസവും ഛത്തീസ്ഗഢിൽ നിന്ന് മാവോയിസ്റ്റുകളെ കൊന്നുതള്ളിയതിന്റെ വാർത്തകളുണ്ടായി. ഛത്തീസ്ഗഢ് അതിർത്തിയിൽ നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്താണ് സുരക്ഷാസേന 27 മാവോയിസ്റ്റുകളെ വധിച്ചത്. ഒന്നര കോടി രൂപ ഇനാം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവ് റാവുവും കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നുണ്ട്. ഈ വർഷം ആരംഭിച്ചതിനുശേഷമുള്ള അഞ്ച് മാസത്തിനിടെ 300 മാവോയിസ്റ്റുകളെ വധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഇതിൽ 201 പേരും ഛത്തീസ്ഗഢിൽ നിന്നായിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നക്സൽ വേട്ടയും 2009ന് ശേഷം ഒരുവർഷം കൊന്നുതള്ളിയ കണക്കിലെ ഏറ്റവും ഉയർന്ന നിരക്കുമാണിതെന്ന അവകാശവാദവുമുണ്ട്. 2009ൽ 314 പേരെയാണ് വധിച്ചത്. 2000 മുതൽ 2024വരെയുള്ള കാലയളവിൽ ആറായിരത്തിലധികം പേരെയാണ് മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി കൊല ചെയ്തത്. കഴിഞ്ഞ 16 മാസത്തിനിടെ നാനൂറോളം ആളുകളെ ഛത്തീസ്ഗഢിൽ മാത്രം വധിച്ചു. ഈ വർഷം നക്സൽ മരണങ്ങളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നടപടികൾ ഇപ്പോഴത്തെ വേഗതയിൽ മുന്നേറിയാൽ എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ട് നക്സൽ വേട്ടയിലെ സുപ്രധാന വർഷമായി 2025 മാറുമെന്നും കേന്ദ്ര സർക്കാരും സുരക്ഷാ സേനയും അവകാശപ്പെടുന്നുണ്ട്.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഹൃദയേഷ് ജോഷിയുടെ ലാൽ ലകീർ എന്ന നോവലിൽ (ബസ്തറിലെ ചുവപ്പ് വരകൾ എന്ന പേരിൽ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്) ഛത്തീസ്ഗഢിൽ ബസ്തറിലെയും പരിസരങ്ങളിലെയും മാവോയിസ്റ്റുകളുടെയും അതിനെ നേരിടാനെന്ന പേരിലുള്ള സൈനിക സന്നാഹങ്ങളുടെയും സാന്നിധ്യത്തിനുനടുവിൽ പ്രതിസന്ധി നേരിടുന്ന ആദിവാസികളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരിൽ ആദിവാസികളെ ചേർത്തുണ്ടാക്കിയ സാൽവാ ജുദൂം എന്ന സംഘടനയുടെ പേരിലുള്ള ഉപദ്രവങ്ങളും വരച്ചുകാട്ടുന്നുണ്ട്. പ്രകൃതി ചൂഷണത്തിനെത്തുന്ന കോർപറേറ്റുകൾക്കെതിരെ നടക്കുന്ന തദ്ദേശവാസികളുടെ സമരത്തെ നക്സലിസമെന്ന് മുദ്രകുത്തി വേട്ടയാടുന്ന ഭരണകൂട സമീപനങ്ങളും നോവലിൽ തുറന്നുകാട്ടുന്നു. ഭരണകൂടത്തിന്റെയും നക്സലിസത്തിന്റെയും സാൽവാ ജുദൂമിന്റെയും നടുവിൽ യഥാർത്ഥ മനുഷ്യർ നേരിടുന്ന പ്രതിസന്ധികളാണ് നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്. ബിജെപി അധികാരത്തിലെത്തിയതിനുശേഷമാണ് മാവോയിസം, നക്സലിസം എന്നീ പേരുകളിൽ മനുഷ്യവേട്ട വർധിച്ചത് എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. യഥാർത്ഥത്തിൽ ഉത്തരേന്ത്യയിലെ അവികസിത ഗ്രാമങ്ങളിലെ അതിസമ്പന്നമായ പ്രകൃതിവിഭവങ്ങളുടെ കലവറകളിൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന കോർപറേറ്റ് കയ്യേറ്റശ്രമം ശക്തവും വ്യാപകവുമായപ്പോഴാണ് ഈ രണ്ടുപേരുകളിലുമുള്ള വേട്ടകൾ വർധിച്ചതെന്നത് ശ്രദ്ധേയവും നിർണായകവുമായി കാണേണ്ടതുമാണ്. തങ്ങളുടെ ജീവനോപാധികൾ നഷ്ടമാകുന്ന തദ്ദേശീയ ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെയാകെ നക്സലിസമെന്നോ മാവോയിസമെന്നോ പേരിട്ട് അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന സംശയം ഇതുവരെ ദൂരീകരിക്കപ്പെട്ടിട്ടുമില്ല.
മാവോയിസവും നക്സലിസവുമെന്നത് മാർക്സിസത്തിന്റെ വഴിപിഴച്ച വ്യാഖ്യാനമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും അതിന്റെ പേരിൽ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് കൊന്നുതള്ളുന്ന നടപടി അംഗീകരിക്കാവുന്നതല്ല. അത് നിയമസംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും നേരെ ആയുധങ്ങളുപയോഗിച്ച് നടത്തുന്ന വെല്ലുവിളിയും ഭരണകൂട ഭീകരതയുമാണ്. തെറ്റ് ചെയ്യുന്നവരെ കൊന്നുതള്ളുകയെന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിലൊരിടത്തും ഇല്ലാത്തതാണ്. വധശിക്ഷ പോലും അങ്ങേയറ്റത്തെ ശിക്ഷയായി കണക്കാക്കുന്ന നീതിന്യായവ്യവസ്ഥയാണ് രാജ്യത്തുള്ളത്. കൊടുംകുറ്റവാളികൾക്ക് പോലും മാനസാന്തരം വരുത്തുവാനുള്ള അവസരം നൽകണമെന്ന് നിഷ്കർഷിക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥ. ജയിൽവാസം പോലുള്ള ശിക്ഷാമുറകൾതന്നെ അതിനുള്ളതാണ്. അങ്ങനെയൊരു രാജ്യത്ത് ഇത്തരം നീതിനിർവഹണം കാടത്തമാണ്. ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കുറ്റാരോപിതരെ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍, ബുൾഡോസർരാജ് തുടങ്ങിയ നിയമാതീത ശിക്ഷകൾക്ക് വിധേയമാക്കുന്നതിനെ സുപ്രീം കോടതി പോലും നിശിതഭാഷയിൽ വിമർശിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. നേർവഴിക്കുവരാൻ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചവരെപ്പോലും ഏറ്റമുട്ടലുകളിൽ വധിച്ചുവെന്ന് അവകാശപ്പെടുന്നത് ഭീരുത്വവുമാണ്. മാവോയിസമെന്ന പേരിൽ വഴിപിഴച്ചുപോയ സ്വന്തം പൗരന്മാരെ കൊന്നുതള്ളുന്നത് ആഘോഷമാക്കുകയും നേട്ടമായി കൊണ്ടാടുകയും ചെയ്യുന്ന ഭരണകൂട നടപടിയെ മനുഷ്യത്വരഹിതം എന്ന് മാത്രം വിശേഷിപ്പിച്ചാൽ മതിയാകില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം രാജ്യത്തെ സാധാരണ പൗരന്മാർക്കുണ്ട്. അതുകൊണ്ട് മാവോയിസ്റ്റ് വേട്ട എന്ന പേരിൽ സർക്കാരും സുരക്ഷാസേനയും നടത്തുന്ന ഭീകരത പുറത്തുകൊണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണവും നീതിപീഠങ്ങളുടെ ഫലപ്രദമായ ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.