Web Desk

January 10, 2020, 9:08 am

വെടിമരുന്നുകൾ നിറച്ചു; മരട് ഫ്ലാറ്റുകൾ നാളെ പൊളിച്ചു തുടങ്ങും

Janayugom Online

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് നഗരസഭാ പ്രദേശത്തെ അഞ്ചു ഫ്ലാറ്റുകൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ അറിയിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റിലാണ് ഏറ്റവും അവസാനമായി സ്ഫോടക വസ്തുക്കൾ നിറച്ചത്. ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന.

സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച പ്രകാരം ഫ്ലാറ്റുകളിൽ സുരക്ഷിതമായി സ്ഫോടനം നടക്കുമെന്ന് വിജയ് സാക്കറെ അറിയിച്ചു. രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണ് നാളെ നിലംപൊത്തുന്നത് ആൽഫയിലെ ഇരട്ട ടവറുകൾ (സെറീൻ, വെ­ഞ്ച്വ­ർ), എച്ച്ടുഒ ഹോളിഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് നാളെ രാവിലെ നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുക. വെടിമരുന്നുകൾ നിറച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്നലെ ഉച്ചയോടെ തികയാതെ വന്ന വെടിമരുന്നുകൾ ആൽഫ വെഞ്ച്വറിൽ എത്തിച്ചു നിറയ്ക്കുകയും ചെയ്തതോടെ ഈ ജോലികൾ പൂർണമായി.

you may also like this video;

ഇന്നു രാവിലെ മോക്ഡ്രിൽ നടത്തി പിഴവുകൾ വല്ലതുമുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കും. നാളെ രാവിലെ 11ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ആണ് ആദ്യം പൊളിക്കുക. 11.30 ന് ആൽഫ സെറീനും വെഞ്ച്വറും പൊളിക്കും. 11 സെക്കൻഡുകൾകൊണ്ട് എച്ച്ടുഒയും 10 സെക്കൻഡുകൾകൊണ്ട് ആൽഫയിലെ ഇരട്ട ടവറുകളും ഓർമ്മയാകും. നൂറുകണക്കിന് ചെറുസ്ഫോടനങ്ങൾ നടത്തിയാണ് ഫ്ലാറ്റ് പൊളിക്കുക. എന്നാൽ, മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്ഫോടനം നടക്കുന്നതുകൊണ്ട് ഇത് ഒറ്റ സ്ഫോടനമായേ തോന്നുകയുള്ളൂ. നാലു ഘട്ടങ്ങളിലാണ് സ്ഫോടനം നടക്കുന്നത്. ആദ്യം ഗ്രൗണ്ട് ഫ്ളോറിൽ സ്ഫോടനം നടക്കും.

പിന്നീട് പടിപടിയായി മുകൾനിലകളിൽ സ്ഫോടനം നടത്തിയാണ് ഫ്ളാറ്റുകൾ തകർക്കുക. ആൽഫയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ 45 ഡിഗ്രി ചരിച്ച് കായലരികിലേക്കാകും വീഴ്ത്തുക. സമീപത്ത് വീടുകൾ ഉള്ളതുകൊണ്ടാണ് കായലരികിലേക്ക് ചരിച്ചുവീഴ്ത്തുന്നത്. ഹോളിഫെയ്ത്ത് രണ്ട് സൈഡിലേക്ക് വീഴ്ത്തും. ഐഒസി പൈപ്പ് ലൈൻ, കായൽ, കുണ്ടന്നൂർ‑തേവര പാലം, മൂന്നുമീറ്റർ അരികെ വീടുകൾ എന്നിവയുള്ളതുകൊണ്ടാണ് ഈവിധം ഫ്ലാറ്റ് വീഴ്ത്തുന്നത്. 12ന് രാവിലെ 11ന് ജയിൻ കോറൽകോവും 2 മണിക്ക് ഗോൾഡൻ കായലോരവും പൊളിക്കും.