25 April 2024, Thursday

മെഡിസെപ് പദ്ധതി വിപുലീകരിക്കണം

Janayugom Webdesk
July 11, 2022 5:30 am

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമടക്കും മുപ്പത്തിയഞ്ച് ലക്ഷത്തോളം പേര്‍ക്ക് ആശ്വാസമേകിക്കൊണ്ട് മെഡിസെപ് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ്) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലായിരിക്കുകയാണല്ലൊ. മറ്റ് അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറ്റവും വിപുലവും മാതൃകാപരവുമായ സാമൂഹിക ആരോഗ്യ സുരക്ഷാ പദ്ധതിയായി ഇതു മാറും. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം മാതൃകയായ കേരളത്തിന് അത്യപൂര്‍വമായ സാമൂഹിക പരിരക്ഷയേകുന്ന മെഡിസെപ് മറ്റൊരു നാഴികക്കല്ലായിത്തീരും. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, അവരുടെ ആശ്രിതര്‍ എന്നിവരും മെഡിസെപ്പിന്റെ ഗുണഭോക്താക്കളാണ്. തദ്ദേശ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരും പദ്ധതിയില്‍ ഉള്‍പ്പെടും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. കൂടാതെ, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫ്, പെന്‍ഷന്‍കാര്‍ എന്നിവരും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


ഇതുകൂടി വായിക്കൂ: കേന്ദ്രമല്ല ഇത് കേരളം


എല്ലാവര്‍ക്കും സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇനിയും നിരവധി വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി മെഡിസെപ് വിപുലീകരിക്കുന്നത് അഭികാമ്യമായിരിക്കും. പൊതുഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയിലെ ജീവനക്കാരും പെന്‍ഷന്‍കാരും നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. സംസ്ഥാന വൈദ്യുതി ബോര്‍ഡ്, കെഎസ്ആര്‍ടിസി, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയുടെ പരിധിയില്‍ ഇല്ല. ഇതുകൂടാതെ നിരവധി കമ്മിഷനുകളിലെയും ഫാമുകളിലെയും ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയില്‍ ഇല്ല. നിരവധി വലുതും ചെറുതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൗസിങ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കേരഫെഡ്, മത്സ്യഫെഡ്, വെയര്‍ഹൗസിങ് കോര്‍പറേഷന്‍, കേരളാ ഫീഡ്സ്, കെല്‍ട്രോണ്‍, ട്രിബൂണലുകള്‍, മനുഷ്യാവകാശ കമ്മിഷന്‍, വിവരാവകാശ കമ്മിഷന്‍, കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ തുടങ്ങി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും നിലവില്‍ മെഡിസെപ്പില്‍ അംഗത്വമില്ല.

കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും അഞ്ച് ലക്ഷം രൂപ വരെ നിലവില്‍ ചികിത്സാ സഹായം ലഭ്യമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് മെഡിസെപ് പദ്ധതി ആവിഷ്കരിച്ചത്. എല്ലാവര്‍ക്കും സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് ലക്ഷ്യമിടുമ്പോള്‍ ഇതര വിഭാഗം ജീവനക്കാരെയും തൊഴിലാളികളെയും അവരുടെ ആശ്രിതരെയും മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാവുന്നു. ലക്ഷക്കണക്കിനുവരുന്ന ഈ വിഭാഗങ്ങളെക്കൂടി മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതോടെ സമ്പൂര്‍ണ ആരോഗ്യ പരിരക്ഷയില്‍ കേരളം പുതിയ ചുവടുകള്‍ വച്ച് അപൂര്‍വ മാതൃകയാവും.


ഇതുകൂടി വായിക്കൂ: സമഗ്രമായ പ്രാദേശിക ആരോഗ്യ സംവിധാനം


മെഡിസെപ്പില്‍ അംഗമാവുന്ന ഒരു ജീവനക്കാരനില്‍ നിന്നോ പെന്‍ഷന്‍കാരനില്‍ നിന്നോ മാസംതോറും 500 രൂപയാണ് ഇന്‍ഷുറന്‍സിലേക്ക് ഈടാക്കുന്നത്. ഒരു വര്‍ഷം മൊത്തം 6000 രൂപ ഈടാക്കുന്ന പദ്ധതിയുടെ ഭാഗമായി മൂന്നു ലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ലഭ്യമാവുന്നത്. ഇത്രയും കവറേജ് ഇല്ലാത്ത മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാര്‍ഷിക പ്രീമിയം 15,000 മുതല്‍ 20,000 രൂപ വരെയാണ്. ഓരോ വര്‍ഷവും ഒരു കുടുംബത്തിന് മൂന്നു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മെഡിസെപ് പദ്ധതിയുടെ ഭാഗമായി ചെലവാകാത്ത തുകയില്‍ ഒന്നരലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തെ കവറേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പോളിസിയുടെ കാലാവധിയാവട്ടെ മൂന്നു വര്‍ഷവുമാണ്.

സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 150 ഓളം ആശുപത്രികളും സ്വകാര്യ മേഖലയിലെ 250 ല്‍ പരം ആശുപത്രികളും മെഡിസെപ് പദ്ധതി പ്രകാരം എംപാനല്‍ ചെയ്യപ്പെട്ടവയാണ്. മെഡിസെപ്പില്‍ അംഗമായിട്ടുള്ള രോഗിക്ക് ഈ ആശുപത്രികളില്‍ ചികിത്സാ സംബന്ധമായ ചെലവ്, മരുന്നു വില, ഡോക്ടര്‍, അറ്റന്‍ഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജുകള്‍, രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്യപ്പെട്ടവയാണ്. ഇതുകൂടാതെ, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, കന്യാകുമാരി, മധുര, മംഗലാപുരം, മുംബൈ, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളും എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രിയെങ്കിലും എംപാനല്‍ ചെയ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.


ഇതുകൂടി വായിക്കൂ: സ്ത്രീമുന്നേറ്റത്തില്‍ കേരളം മാതൃക


മാരകരോഗങ്ങള്‍ക്കും അവയവ മാറ്റത്തിനുമായി 35 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് പദ്ധതിയുടെ ഭാഗമായി വകയിരുത്തിയിട്ടുണ്ട്. ഒരാളില്‍ നിന്നും പ്രീമിയമായി ഈടാക്കുന്ന 6000 രൂപയില്‍ ഇന്‍ഷുറന്‍സിലേക്ക് പോകുന്നത് ജിഎസ്‌‌ടി ഉള്‍പ്പെടെ 5664 രൂപയാണ്. ബാക്കി വരുന്ന തുക കൊണ്ടാണ് 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റത്തിനുമായുള്ള കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപയുടെ കവറേജും അവയവമാറ്റം, ആന്‍ജിയോ പ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളും വിഭാവനം ചെയ്യുന്നത് മെഡിസെപ്പിന്റെ പ്രത്യേകതയാണ്.

രോഗി ആശുപത്രിയില്‍ എത്തിയാല്‍ ആശുപത്രി അധികൃതര്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യം ഉറപ്പാക്കും. സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാഷ് ലെസ് സമ്പ്രദായമായതിനാല്‍ ആശുപത്രികള്‍ക്ക് ഇഷ്ടമുള്ള നിരക്കുകള്‍ നിശ്ചയിക്കാനോ അധിക തുക ഈടാക്കാനോ സാധ്യമല്ല. രോഗിയില്‍ നിന്നും അധിക തുക ഈടാക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ല. എന്നാല്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൂടിയ മുറി തിരഞ്ഞെടുത്താല്‍ അധികം വരുന്ന തുക രോഗി നല്കേണ്ടിവരും. ജനറല്‍ വാര്‍ഡിന് 1000 രൂപയും സെമി പ്രൈവറ്റ് വാര്‍ഡിന് 1500 രൂപയും പ്രൈവറ്റ് വാര്‍ഡിന് 2000 രൂപയുമാണ് മെഡിസെപ്പില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ വാടകയുള്ള മുറി തിരഞ്ഞെടുത്താല്‍ അധികം വരുന്ന തുക രോഗിയുടെ ഭാഗത്തുനിന്നും ഒടുക്കേണ്ടതായി വരും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന മെഡിസെപ് പദ്ധതിയില്‍ മറ്റ് ജീവനക്കാരെയും തൊഴിലാളികളെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി വിപുലീകരിക്കുമ്പോള്‍ ആരോഗ്യ പരിരക്ഷയില്‍ സമഗ്രമായ സംരക്ഷണം ഉറപ്പാവും. സാര്‍വത്രിക ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കിയ ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം മാതൃകാപരമായി ഉയര്‍ത്തപ്പെടാന്‍ ഇത് അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: ആദ്യം ആരോഗ്യം, മിതവ്യയം പിന്നീട്


ഒരു സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും അംഗത്വമെടുക്കാതെ ലക്ഷക്കണക്കിന് ജീവനക്കാരും തൊഴിലാളികളും ശേഷിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. 15,000 ത്തിനും 20,000 ത്തിനും ഇടയില്‍ വരുന്ന തുക ഒരുമിച്ച് അടയ്ക്കാന്‍ പലകാരണങ്ങളാലും കഴിയാത്തവരാണ് നല്ലൊരു പങ്കും. കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍‍ക്കായി ചെലവിടുമ്പോള്‍ പലപ്പോഴും മാറ്റിവയ്ക്കുന്നത് ഇന്‍ഷുറന്‍സ് പോലെയുള്ള കാര്യങ്ങളാണ്. അതല്ലെങ്കില്‍ ഇന്‍ഷുറന്‍സിന് അത്രയും പ്രാധാന്യം കൊടുക്കാത്തവരാണ് പലരും. മെഡിസെപ് പോലെയുള്ള സര്‍ക്കാര്‍ പദ്ധതിയാവുമ്പോള്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ 500 രൂപ വീതം മാസം ഈടാക്കുന്നത് വലിയൊരുബാധ്യതയായി മാറുന്നില്ല. മെഡിസെപ് അവര്‍ക്കൊരു അനുഗ്രഹമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.