അനുകരണീയം ഈ ശിക്ഷാവിധി

Web Desk
Posted on August 27, 2019, 8:04 pm

ഡോ. ലൈലാ വിക്രമരാജ്

വിദ്യാലയാന്തരീക്ഷവും ക്ലാസ് മുറികളും സമാധാനപരമായിരിക്കണമെന്ന് എല്ലാ രക്ഷകര്‍ത്താക്കളും അധ്യാപകരും ഒരുപോലെ ആഗ്രഹിക്കുന്നു. എന്നാല്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ അവസരമൊത്തുവന്നാല്‍ തമ്മില്‍ തല്ലുകൂടുമെന്നതില്‍ സംശയം വേണ്ട. അത്തരം സംഭവങ്ങള്‍ പലതും അധികൃതര്‍ അറിയാതെ പോവുകയാണ് പതിവ്. ഏതെങ്കിലും തരത്തില്‍ അറിയാനിടയായാല്‍ ശിക്ഷ കിട്ടുമെന്നതില്‍ തര്‍ക്കമില്ല. ആദ്യം ഉപദേശിച്ച് നേരെയാക്കാന്‍ ശ്രമിക്കും. പിന്നീട് ചെറിയ ശിക്ഷകള്‍ കൊടുക്കും. അതും കഴിഞ്ഞാല്‍ ടി സി കൊടുത്തുവിടുക എന്നതാണ് പോംവഴി.

വ്യത്യസ്തമായ ശിക്ഷ
എന്നാല്‍ വ്യത്യസ്തമായൊരു ശിക്ഷാവിധിയെക്കുറിച്ചാണ് പറയുവാന്‍ പോകുന്നത്. സഹപാഠികള്‍ തമ്മില്‍ തല്ലുകൂടുകയും തല്ലിയവന് കിട്ടിയ ശിക്ഷയെക്കുറിച്ചുമാണിവിടെ പരാമര്‍ശിക്കുന്നത്. സംഭവം നടന്നത് രാജസ്ഥാനിലെ ധോല്‍പൂരിലാണ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന താര്‍ മരുഭൂമിയിലെ ഒരു സിറ്റിയാണ് ധോല്‍പൂര്‍. അവിടെ ജവഹര്‍ നവോദയ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി സഹപാഠിയായ മറ്റൊരുവനെ മര്‍ദ്ദിച്ച് അവശനാക്കി. സഹപാഠിയെ മര്‍ദ്ദിച്ചതിന് ഒന്‍പതാം ക്ലാസുകാരനായ മര്‍ദ്ദകവീരന് സ്‌കൂള്‍ അധികൃതര്‍ ഒരു വിചിത്രമായ ശിക്ഷ നല്‍കി. ”മൂന്നു മാസം അഞ്ച് മരത്തൈകളെ നന്നായി പരിപാലിച്ചു വളര്‍ത്തണം.” ഇതായിരുന്നു വിധി. നൂതനവും അനുകരിക്കാവുന്നതുമായ ഈ ശിക്ഷാവിധി പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്.

ടി സി നല്‍കേണ്ട
മര്‍ദ്ദിച്ച കുറ്റത്തിന് കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വിടാനായിരുന്നു അധികൃതരുടെ ആദ്യ തീരുമാനം. ശുപാര്‍ശ മുന്നിലെത്തിയപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷകൂടിയായ ജില്ലാ കളക്ടര്‍ നേഹഗിരിയാണ് ടി സി നല്‍കുന്നതിന് പകരം പുതുമയുള്ള ഈ ശിക്ഷ നിര്‍ദേശിച്ചത്. വൃക്ഷത്തൈകളെ പരിപാലിക്കുന്നതിലൂടെ കുട്ടിക്ക് പ്രകൃതിയെ സ്‌നേഹിക്കുവാനും ഉത്തരവാദിത്വമുള്ളൊരു കുട്ടിയായി വളരാനും പ്രേരണയാകുമെന്നതാണീ ശിക്ഷാവിധിയുടെ പ്രത്യേകത എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

കുട്ടിയുടെ ഭാവിയെ ഓര്‍ത്ത്
കുറ്റവാളിയായ കുട്ടിയെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സ്‌കൂളില്‍ നിന്നും പുറത്താക്കിയാല്‍ അത് കുട്ടിയുടെ പഠിത്തത്തെയും ഭാവിയെയും ഗുരുതരമായി ബാധിക്കുമെന്നവര്‍ കണക്കുകൂട്ടി. ചിലപ്പോള്‍ അത്തരം സംഭവങ്ങളിലൂടെ കുട്ടി ഒരു സാമൂഹ്യവിപത്തായി മാറാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ ഒരവസരം കുട്ടിക്ക് നല്‍കുവാന്‍ തീരുമാനിച്ചത്. ഇത്തരമൊരു ശിക്ഷാവിധി ആദ്യമായാണെന്നാണ് മനസിലാകുന്നത്. ഇതിനെ നൂതനവും ഉത്തമവും അനുകരണീയവുമായ ശിക്ഷാവിധിയെന്ന് വിളിക്കാം.

ശിക്ഷ നമ്മുടെ നാട്ടില്‍
അപ്പോള്‍ മറ്റൊരു ശിക്ഷാരീതിയെക്കുറിച്ചറിഞ്ഞ കാര്യം ഓര്‍മ്മയിലെത്തുന്നു. വിദ്യാസമ്പന്നരുടെ നാടെന്നഭിമാനിക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ പഠിച്ച സ്ഥാപനത്തിന്റെ അധികൃതര്‍ ഒരു വിദ്യാര്‍ഥിക്ക് നല്‍കിയ അധമമായ ശിക്ഷാവിധിയെക്കുറിച്ചാണ് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നത്. വളരെ അടുത്തകാലത്ത് നടന്നൊരു സംഭവമാണ്. കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത് പഠനത്തിനുവേണ്ടി മാത്രമല്ല; അവരുടെ സാംസ്‌കാരികവും കലാപരവും കായികവുമൊക്കെയായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയും കൂടിയാണ് കലാലയങ്ങള്‍. അത്തരത്തിലുള്ള കഴിവ് പ്രകടിപ്പിച്ച ഒരു വിദ്യാര്‍ഥി നേരിട്ട കയ്‌പേറിയ അനുഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
നവമാധ്യമങ്ങളിലൂടെ ട്രോളുകളുടെ മഹാപ്രവാഹമാണിപ്പോള്‍. ആ സൃഷ്ടികള്‍ക്ക് പിന്നിലെ കഴിവുകളെ കാണാതെ പോകരുത്. വിഷയം എന്തുതന്നെയായാലും അത് രസകരമായി അവതരിപ്പിക്കാനുള്ള കഴിവിനെ അംഗീകരിക്കുകതന്നെ വേണം. അല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കയല്ല വേണ്ടത്. നിരവധി ട്രോളുകളുണ്ടാക്കി സമ്മാനം വാങ്ങുകയും അധ്യാപകരുള്‍പ്പെടെയുള്ളവരുടെ പ്രശംസ നേടുകയും ചെയ്ത അരവിന്ദ് ശര്‍മ്മ എന്ന വിദ്യാര്‍ഥിക്കുണ്ടായ അനുഭവം ഞെട്ടലോടെയാണ് കേട്ടത്. കുട്ടിയുടെ കഴിവിനെ, തമാശ അവതരിപ്പിക്കുമ്പോള്‍ അത് തമാശയാണെന്ന് ചിന്തിക്കുവാനുള്ള വിശാല മനസില്ലാത്തവരെ അധ്യാപകര്‍ എന്നെങ്ങനെ വിളിക്കും.

തൃപ്രയാര്‍ ശ്രീരാമ പോളി ടെക്‌നിക്കില്‍ നിന്ന് 2016–19 കാലഘട്ടത്തില്‍ ഇലക്ട്രിക്കല്‍ ബാച്ചില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയാണ് അരവിന്ദ്. ട്രോളുകളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഴിവിനെ കഴിവായി കാണാനാകാത്ത ഒരു അധ്യാപകന്‍ ആ സ്ഥാപനത്തിലുണ്ടായാല്‍ മതിയല്ലോ. കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുപോകുമ്പോള്‍ നല്‍കിയ ടി സിക്കൊപ്പം നല്‍കുന്ന സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ സ്വഭാവത്തില്‍ തൃപ്തിയില്ല (Not Sat­is­fac­tary) എന്നെഴുതിക്കൊടുത്താല്‍ എന്തു ചെയ്യാന്‍ കഴിയും? തുടര്‍ പഠനത്തിനുള്ള പ്രധാന സര്‍ട്ടിഫിക്കറ്റ് ഇങ്ങനെയായാല്‍ ആ കുട്ടി ഇനി എങ്ങനെ ഉപരിപഠനം നടത്തും? ”അവന്‍ മിടുക്കനാണ്, നല്ല കുട്ടിയാണ്, പക്ഷെ സ്വഭാവം ശരിയല്ല.” ഇതാണ് സ്ഥാപനമേധാവിയുടെ വാക്കുകള്‍. ഈ ഒരു വൈരുദ്ധ്യാത്മക നിലപാടില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ വളരെ ഖിന്നരാണ്. കൂടാതെ കുട്ടിയുടെ സ്ഥിതിയും മോശമായി മാറിയിരിക്കുന്നു. പഠിക്കാന്‍ മിടുക്കനും വളരെ ആക്ടീവുമായിരുന്ന അരവിന്ദ് ഇപ്പോള്‍ കതകടച്ച് മുറിക്കുള്ളില്‍ ഇരിക്കുന്ന അവസ്ഥയിലായി.

തുടര്‍പഠനം തടസപ്പെടുന്നത്
ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ക്കുപോലും പഠിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുന്ന ജയിലധികൃതരെ നമ്മള്‍ കാണുന്നുണ്ട്. നിയമം അനുശാസിക്കുന്നതങ്ങനെയായതുകൊണ്ടാണല്ലോ പൊലീസുകാരുടെ അകമ്പടിയോടെ കുറ്റവാളികള്‍ പരീക്ഷാ ഹാളിലിരുന്ന് പരീക്ഷ എഴുതി പാസാകുന്നത്. അപ്പോഴാണ് ട്രോളുകളുടെ പേരില്‍ ഒരു കുട്ടിയുടെ ഭാവി തുലാസില്‍ തൂങ്ങുന്നത്.
ഈ സ്വഭാവസര്‍ട്ടിഫിക്കറ്റിനെ മുഖവിലയ്‌ക്കെടുക്കാതെ അരവിന്ദിന് തുടര്‍ന്ന് പഠിക്കുവാനുള്ള അവസരം ഒരുക്കുന്നതിന് ഏതെങ്കിലും സ്ഥാപനം സന്നദ്ധത പ്രകടിപ്പിക്കുമെന്ന് പ്രത്യാശിക്കാം. ഭ്രാന്തമായ ചിന്തകള്‍ക്കടിപ്പെട്ട് അല്‍പ്പത്തം കാണിക്കുന്ന ആരുടെയോ ചിലരുടെ പകരം വീട്ടലായി മാത്രം ഈ സംഭവത്തെ കാണാന്‍ അധികൃതര്‍ക്ക് കഴിയട്ടെ. അധ്യാപകന്‍ ഗുരുവാണ്. ഗുരു എന്ന വാക്കിന് അന്ധകാരം ഇല്ലാതാക്കുന്നവന്‍ എന്നാണര്‍ഥം. ആദ്യം പറഞ്ഞ ശിക്ഷാവിധിയും ഈ ശിക്ഷാവിധിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ ഗുരു — വിദ്യാര്‍ഥിയെ മനഃപൂര്‍വം അന്ധകാരത്തിലേക്ക് തള്ളിവിടുന്നു. എന്തൊരു വൈപരീത്യം.