കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പ്രതീക്ഷയായി യുഎസ് കമ്പനിയായ മോഡേണയുടെ മൂന്നാംഘട്ട പരീക്ഷണഫലം. വാക്സിന് 94.5 ശതമാനം ഫലപ്രാപ്തിയുള്ളതായി കമ്പനി അറിയിച്ചു. 30,000 പേരെ ഉള്‍പ്പെടുത്തിയാണ് മൂന്നാംഘട്ട പരീക്ഷണം. പകുതിപേര്‍ക്ക് രണ്ട് ഡോസ് വാക്സിന് കുത്തിവച്ചു. ബാക്കിയുള്ളവരില്‍ പ്ലാസിബോ കുത്തിവയ്പ്പ് നല്കി. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് പഠനം. വാക്സിന് നല്കിയ അഞ്ച് പേരില്‍ മാത്രമാണ് കോവിഡ് പോസിറ്റീവായത്. 94.5 ശതമാനം പരിരക്ഷ വാക്സിന് നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.
പൂർണ്ണമായ ഫലം പുറത്തുവരുമ്പോൾ പരീക്ഷണത്തിന്റെ ഫലപ്രാപ്തിയിൽ മാറ്റമുണ്ടായേക്കും. വരുന്ന ആഴ്ചകളില്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതിക്കായി അപേക്ഷ നല്‍കുമെന്നും മോഡേണ പ്രസിഡന്റ് ഡോ. സ്റ്റീഫൻ ഹോഗ് അറിയിച്ചു. പ്ലാസിബോ കുത്തിവയ്പ്പ് ലഭിച്ചവരിൽ 11 പേർ ഗുരുതരമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചപ്പോൾ വാക്സിൻ കുത്തിവയ്പ്പെടുത്ത അഞ്ച് പേരിലും മിതമായ രോഗലക്ഷണങ്ങളാണ് പ്രകടമായതെന്ന് കമ്പനി സിഇഒ സ്റ്റെഫാൻ ബാൻസെൽ പറഞ്ഞു. മറ്റൊരു യുഎസ് മരുന്നുകമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്സിന് 90 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
വാക്സിൻ ഗവേഷണത്തിലെ പുതിയ സാങ്കേതികവിദ്യയായ എംആർഎൻഎ അടിസ്ഥാനമാക്കിയതാണ് മോഡേണയുടെയും ഫൈസറിന്റെയും വാക്സിനുകൾ. ഒരേ ദിവസമാണ് രണ്ട് വാക്സിനുകളുടെയും മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ മൂന്നാഴ്ചയ്ക്കിടയിലും മോഡേണ വാക്സിന്റെ രണ്ട് ഡോസുകൾ നാല് ആഴ്ചകൊണ്ടുമാണ് നൽകുന്നത്. ഇതാണ് ഫലം വരുന്നതിൽ മോഡേണ ഒരാഴ്ച പിന്നിലായത്. 30 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് മോഡേണ വാക്സിനെന്നും ഫൈസറിനെ അപേക്ഷിച്ച് പ്രത്യേക സംഭരണശാലകൾ വേണ്ടിവരില്ലെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
ENGLISH SUMMARY:The modern vaccine is 94.5 percent effective
You may also like this video