Web Desk

December 08, 2019, 9:23 pm

മോഡി ഭരണം രാജ്യത്തെ റേപിസ്ഥാനാക്കുന്നു

Janayugom Online

ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഭാരതമെന്നും ഹിന്ദുസ്ഥാനെന്നും വിളിക്കപ്പെടുന്നു. അതില്‍ അസ്വാഭാവികത യാതൊന്നുമില്ല. എന്നാല്‍ സ്വന്തം മാതൃരാജ്യത്തെ അഥവാ പിതൃഭൂമിയെ ആരെങ്കിലും ‘റേപിസ്ഥാന്‍’ അല്ലെങ്കില്‍ ബലാല്‍സംഗികളുടെ നാട് എന്നു വിളിക്കാന്‍ മുതിരുന്നെങ്കില്‍ അത് ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കണം, അവർ അപമാനഭാരംകൊണ്ട് തലകുനിക്കാന്‍ നിര്‍ബന്ധിതമാവണം. ഇന്ത്യയ്ക്ക് ആ ദുര്യോഗമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യ ബലാല്‍സംഗങ്ങളുടെയും കൂട്ടബലാല്‍സംഗങ്ങളുടെയും ആഗോളതലസ്ഥാനമായി മാറിയിരിക്കുന്നു. ബലാല്‍സംഗങ്ങള്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പുതിയ ഇനമൊന്നുമല്ല. അത് അനാദികാലങ്ങളായി ലോകത്തെമ്പാടും തുടര്‍ന്നുവരുന്ന ഹീനകൃത്യങ്ങളില്‍ അതീവ നിന്ദ്യമായ ഒന്നാണ്. രാജ്യാതിര്‍ത്തികളും വ്യവസ്ഥിതികളും വംശ, വര്‍ഗ, ഭാഷാ ഭിന്നതകളും അതിന് ഒരിക്കലും പ്രതിബന്ധമായിരുന്നില്ല. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും കീഴടക്കലിന്റെയും പ്രത്യയശാസ്ത്രം മുതല്‍ മാനസിക രോഗങ്ങള്‍ വരെ അത്തരം ഹീന കുറ്റകൃത്യങ്ങള്‍ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ പരിഷ്കൃതമെന്നും സംസ്കാരസമ്പന്നമെന്നും അഭിമാനിക്കുന്ന ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തില്‍ ആ കുറ്റകൃത്യം നിരന്തരം, ദൈനംദിനം ആവര്‍ത്തിക്കപ്പെടുകയും അതീവ ക്രൂരതയോടെയും പൈശാചികമായും പകര്‍ച്ചവ്യാധിപോലെ രാജ്യത്താകെ പടര്‍ന്നുപിടിക്കുകയും ചെയ്യുന്നത് അസാധാരണവും ഭീകരവുമാണ്. ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീജീവിതങ്ങളുടെ അത്യന്തം അരക്ഷിതമായ അവസ്ഥയെയാണ് ഈ സ്ഥിതിവിശേഷം അടയാളപ്പെടുത്തുന്നത്. സമൂഹത്തിന്റെയാകെ സമനില തെറ്റിക്കുന്ന അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. കുറ്റവാളി ആരെന്ന് നിര്‍ണയിക്കാനോ നിയമാനുസൃതം കുറ്റവിചാരണ നടത്താനോ കഴിയാത്തവിധം പകകൊണ്ട് ആള്‍ക്കൂട്ട നീതിയെയും ഏറ്റുമുട്ടല്‍ കൊലകളെയും തല്‍ക്ഷണ തൂക്കിക്കൊലയെയും മഹത്വവത്ക്കരിക്കുകയും അതിനുവേണ്ടി മുറവിളി ഉയരുകയും ചെയ്യുന്ന ഭ്രാന്തമായ സാമൂഹ്യ അന്തരീക്ഷത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

അക്രമങ്ങളും കലാപങ്ങളും ബലാല്‍സംഗങ്ങളും മനുഷ്യാവകാശ നിഷേധങ്ങളും അധികാരത്തിലേക്കുള്ള ജൈത്രയാത്രയുടെ പാതയായി ചരിത്രത്തില്‍ പലപ്പോഴും കാണാനാവും. ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനും അധികാരം കയ്യാളാനും ഈ ആയുധങ്ങള്‍ അതീവ കൗടില്യത്തോടെ ഉപയോഗിക്കപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു ദശകക്കാലത്തെ ചരിത്രത്തില്‍ നിന്നും അത്തരം പൈശാചികതയുടെ കറമായിച്ചുകളയാനാവില്ല. കഴിഞ്ഞ ശതാബ്ദത്തിന്റെ അവസാനത്തില്‍ നടന്ന രഥയാത്ര മുതല്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഓരോന്നും ജനാധിപത്യത്തിന്റെയും രാഷ്ട്രീയധാര്‍മികതയുടെയും മനുഷ്യാവകാശങ്ങളുടെയും എല്ലാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെട്ടതിന്റെ ചരിത്രമാണ്. 2002 ലെ ഗുജറാത്ത് കലാപവും കൂട്ടക്കൊലകളും ആ രാഷ്ട്രീയ തേരോട്ടത്തിന്റെ പിന്‍തുടര്‍ച്ചയാണ്. ഗുജറാത്ത് കലാപകാലത്ത് നൂറുകണക്കിന് കൂട്ടബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായി എണ്ണമറ്റ കുറ്റകൃത്യങ്ങളുമാണ് അരങ്ങേറിയത്. ഇരകളില്‍ ഏറെയും കൊലചെയ്യപ്പെട്ടു. ഇരകളെ വകവരുത്താന്‍ അക്രമികള്‍ കണ്ടെത്തിയ ഏറ്റവും പ്രചാരമേറിയ മാര്‍ഗമായിരുന്നു അവരെ ചുട്ടുകൊല്ലുകയെന്നത്.

അത് ഒരു ദേശീയ മാതൃകയായി സാമൂഹ്യവിരുദ്ധ ക്രിമിനലുകള്‍ സ്വീകരിച്ചാല്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? കേന്ദ്രഭരണത്തിലേക്ക് മോഡി-ഷാ കൂട്ടുകെട്ടിനെ ആനയിച്ച പാത മനുഷ്യത്വഹീനമായ കലാപങ്ങളും നിന്ദ്യമായ കൂട്ടബലാല്‍സംഗങ്ങളും തന്നെയാണ്. അത്തരം ക്രൂരതകള്‍ക്ക് കുടപിടിച്ച രാഷ്ട്രീയ നേതൃത്വത്തിന് ഇന്നത്തെ സാമൂഹ്യ ദുരന്തത്തെ എങ്ങനെയാണ് അപലപിക്കാനാവുക, തടയിടാനാവുക? ആ ചോരപ്പാടുകളും പാപക്കറകളും ഒരിക്കലും മായിച്ചുകളയാനാവില്ല. ആ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും ലിംഗനീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ആഖ്യാനം അസാധ്യവുമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ നാളിതുവരെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഓരോന്നിന്റെയും പൊള്ളത്തരങ്ങള്‍ ദിനംപ്രതിയെന്നോണം തുറന്നുകാട്ടപ്പെടുകയാണ്.

ഹൈദരാബാദും ഉന്നാവോയുമടക്കം രാജ്യത്തുടനീളം അരങ്ങേറുന്ന കൂട്ടബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ കൊടുംക്രൂരതകളും ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന മുദ്രാവാക്യത്തിന്റെ മുഖംമൂടിയാണ് വലിച്ചുചീന്തുന്നത്. അതിലൂടെ അനാവൃതമാകുന്നത് ബിജെപി ഭരണത്തിന്റെ വികൃതമുഖമാണ്. ലോകത്തെ നടുക്കുന്ന സ്ത്രീവിലാപത്തിന്റെ മുന്നില്‍ മോഡി-ഷാദ്വയങ്ങളുടെ നിശ്ശബ്ദതയ്ക്ക് മറ്റെന്ത് അര്‍ത്ഥമാണുള്ളത്? ഭരണഘടനയോ നിയമമോ ഭരണകൂട നിയന്ത്രിതമായ നിയമവാഴ്ചയോ അല്ല പ്രശ്നം. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ധാര്‍മ്മികതയും സംസ്കാരവും തന്നെയാണ് മുഖ്യപ്രശ്നം. ഈ ഫാസിസ്റ്റ് ആഖ്യാനം തിരുത്തിക്കുറിക്കാതെ സ്ത്രീകളുടെ കണ്ണീരൊപ്പാനോ അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനോ രാജ്യത്തിനാവില്ല.