8 September 2024, Sunday
KSFE Galaxy Chits Banner 2

മോഡി പ്രഭാവം അസ്തമിച്ചു; സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുപാര്‍ട്ടികള്‍ കനിയണം

ആര്‍എസ്എസ് പിടിമുറുക്കുമെന്നും സൂചന
Janayugom Webdesk
ന്യൂഡല്‍ഹി
June 5, 2024 9:13 pm

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തോളം ഏകാധിപത്യ രീതിയില്‍ പ്രധാനമന്ത്രിപദം വഹിച്ച നരേന്ദ്ര മോഡിയുടെ ഒന്നാം നമ്പര്‍ സ്ഥാനം ഇനിയില്ല. ബിജെപി സഖ്യം 400 സീറ്റ് നേടുമെന്ന സ്വപ്നം വൃഥാവിലായതോടെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒന്നാമനായി വിലസിയിരുന്ന മോഡിക്ക് ഇനി ചെറുകക്ഷികളുടെ അഭിപ്രായത്തിന് വില കൊടുക്കേണ്ടതായി വരും. 2014 മുതല്‍ പാര്‍ട്ടിയിലും ഭരണത്തിലും വാക്കിന് മറുവാക്കില്ല എന്ന തരത്തില്‍ ഭരണം നിയന്ത്രിച്ച മോഡിക്ക് തെരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതമായി. ആന്ധ്രാപ്രദേശിലും ബിഹാറിലും ടിഡിപിയും ജെഡിയുവും വിജയിച്ച് കയറിയതോടെ അവരെ ആശ്രയിച്ച് മാത്രമെ മോഡിക്ക് ഇനി മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ.
കേവല ഭൂരിപക്ഷത്തില്‍പോലും എത്താന്‍ ബിജെപിക്ക് സാധിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ മോഡിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വളരും. കൂട്ടുകക്ഷി മന്ത്രിസഭയുടെ നാഥന്‍ എന്ന നിലയില്‍ ഇതുവരെ സ്വീകരിച്ച് വന്ന ഏകാധിപത്യ — ഫാസിസ്റ്റ് നിലപാടില്‍ നിന്നും മോഡിക്ക് തിരിച്ചുനടക്കേണ്ടി വരും. 

അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കുമെന്നും സൂചനയുണ്ട്. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെ പി നഡ്ഡ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് തിരിച്ചടിയേറ്റത്. മോഡിയെ മാത്രം ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. സാമ്പത്തികരംഗത്ത് ഉള്‍പ്പെടെ പൊളിച്ചെഴുത്തിനുള്ള സാധ്യതകളിലേക്കും തെരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നു. ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം തെരഞ്ഞെടുപ്പിൽ നേടാനാവാത്തതിനാൽ സാമ്പത്തിക പരിഷ്കരണ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് വിലയിരുത്തല്‍. 

പുതിയ സർക്കാർ രൂപീകരിക്കാനായാലും നിർണായക നയങ്ങൾക്ക് രൂപം നൽകുമ്പോൾ സഖ്യ കക്ഷികളുടെ താല്പര്യങ്ങൾ പരിഗണിക്കേണ്ടതായി വരും. കാർഷിക, ചില്ലറ, വിദേശ നിക്ഷേപ മേഖലകളിൽ നിർണായക നയ രൂപീകരണത്തിലും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ പുതിയ സാഹചര്യത്തിൽ സാധിക്കില്ല. സബ്‌സിഡികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയെന്ന നയത്തിനാണ് നരേന്ദ്ര മോഡി 10വര്‍ഷവും പ്രാധാന്യം നല്‍കിയത്. ഇത് ഇനിയും തുടരണമോയെന്ന് ബിജെപി പുനര്‍വിചിന്തനം നടത്തും. വീണ്ടും എല്‍പിജി സബ്സിഡി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായേക്കും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അപ്രതീക്ഷിത തിരിച്ചടിക്ക് കര്‍ഷകരുടെ രോഷം കാരണമായി. ഇത് കാര്‍ഷിക നയങ്ങളില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കും. ഗ്രാമീണ മേഖലകളില്‍ താഴെത്തട്ടിലുള്ളവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സംഭാവന വലുതായിരുന്നു. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെ ഫണ്ട് വെട്ടിക്കുറച്ചും അനാവശ്യ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏര്‍പ്പെടുത്തിയും മോഡി സര്‍ക്കാര്‍ ഞെരുക്കുകയായിരുന്നു. വലിയ താല്പര്യമില്ലെങ്കില്‍ പോലും ഇനി പദ്ധതികളിലേക്ക് കൂടുതല്‍ പണം അനുവദിക്കാന്‍ തയ്യാറാകേണ്ടതായി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

Eng­lish Summary:The Modi effect has fad­ed; Small par­ties should be used to form the government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.