Web Desk

February 28, 2020, 5:10 am

നിയമവാഴ്ചയ്ക്ക് മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രഹരംകൂടി

Janayugom Online

ഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 38 മനുഷ്യജീവന്‍ അപഹരിച്ച ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിനു പിന്നിലെ ആസൂത്രിത ഗൂഢാലോചന മറച്ചുവയ്ക്കാനും കൊലപാതകങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും ഉത്തരവാദികളായവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് സംരക്ഷിക്കാനും മോഡി സര്‍ക്കാര്‍ വാശിയോടെ രംഗത്ത് ഇറങ്ങിയിരിക്കുന്നു. ബുധനാഴ്ച കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഖണ്ഡിതമായി നിര്‍ദേശിച്ച ഡല്‍ഹി ഹെെക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ് മുരളീധറിനെ അര്‍ധരാത്രി പഞ്ചാബ്-ഹരിയാന ഹെെക്കോടതിയിലേക്ക് സ്ഥലംമാറ്റി. സ്വതന്ത്രവും നിര്‍ഭയവുമായി നീതി നടപ്പാക്കാന്‍ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവന്ന ന്യായാധിപനെയാണ് വെെര്യനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ആ സ്ഥലംമാറ്റം പതിവു നടപടിക്രമമാണെന്ന വാദം അംഗീകരിക്കാനും മാത്രം വിഡ്ഢികളാണ് ജനങ്ങളെന്ന ധാരണ മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതയെയും ജനവികാരത്തോടുള്ള തികഞ്ഞ അഗവണനയുമാണ് തുറന്നുകാട്ടുന്നത്.

350 പേരുടെ മരണത്തിനിടയാക്കിയ മീററ്റ് വര്‍ഗീയ കലാപത്തിനെ തുടര്‍ന്ന് 42 മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്ന കേസില്‍ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി)യിലെ 16 ജവാന്മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ജസ്റ്റിസ് മുരളീധര്‍ ആയിരുന്നു. 1964ലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുവിധിച്ചതും അദ്ദേഹമായിരുന്നു. രണ്ട് തവണ അദ്ദേഹത്തെ സ്ഥലംമാറ്റാന്‍ ശ്രമമുണ്ടായിട്ടും സുപ്രിംകോടതി കൊളീജിയം അംഗങ്ങള്‍ അടക്കം ന്യായാധിപ സമൂഹത്തിന്റെയും ബാര്‍ കൗണ്‍സിലിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് നടപടി ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ വടക്കുകിഴക്ക­ന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിനെതിരെ, സൊളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് വകവയ്ക്കാതെ, കെെക്കൊണ്ട കര്‍ക്കശ നിലപാടാണ് സ്ഥലംമാറ്റത്തിലേയ്ക്ക് നയിച്ചത്. ന്യായാധിപരെ സ്ഥലം മാറ്റരുതെന്ന് ആരും പറയില്ല. എന്നാ­ല്‍, അത് ഭരണകൂട താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പേരിലാണെങ്കില്‍ രാജ്യത്തിന്റെ നീതിന്യായ നി­ര്‍വഹണത്തിന്റെ അ­വ­സ്ഥയും ഗതിയും എ­ന്തെന്ന് തിരിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടതില്ല.

ജസ്റ്റിസ് മുരളീധറിന്റെ രായ്ക്കുരായ്മാനമുള്ള സ്ഥലംമാറ്റം നീതിനിര്‍വഹണം തടസപ്പെടുത്താനും സ­ത്യത്തിന്റെ മുഖം മറയ്ക്കാനും മോഡി സര്‍ക്കാര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം മോഡി ഭരണകൂടത്തിന്റെയും ബിജെപി ഉന്നത നേതൃത്വത്തിന്റെയും അറിവോടെയും ഒത്താശയോടെയുമാണ് അരങ്ങേറിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച എട്ട് നിയോജകമണ്ഡലങ്ങളില്‍ ആറെണ്ണമായിരുന്നു കലാപത്തിന്റെ പ്രഭവകേന്ദ്രം. ആ നിയോജക മണ്ഡലങ്ങാളകട്ടെ ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിനോട് ചേര്‍ന്നുകിടക്കുന്നവയാണ്. ആ മണ്ഡലങ്ങളില്‍ ചുറ്റപ്പെട്ട, എഎപി പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാണ് അക്രമങ്ങളും കൊള്ളിവയ്പും കൊലപാതകങ്ങളും അരങ്ങേറിയത്. പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരത്തിന് എതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം സായുധ ഗുണ്ടകളെ ഇളക്കിവിട്ടതും ബിജെപി നേതാക്കളാണ്. അവര്‍ക്കെതിരെ കേസെടുത്താല്‍ ഗൂഢാലോചനയുടെ ചിത്രം പുറത്തുവരുമെന്നതുകൊണ്ടാണ് ജസ്റ്റിസ് മുരളീധറിനെ സത്വരം സ്ഥലം മാറ്റിയത്. അതിന്റെ പരിണിത ഫലം ഉടന്‍തന്നെ വ്യക്തമായി.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നാലാഴ്ച സമയം അനുവദിച്ചിരിക്കുന്നു! പൊലീസിനെയും നീതിപീഠത്തെയും നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പരസ്യമായി ദുരുപയോഗം ചെയ്യാന്‍ തങ്ങള്‍ക്ക് തെല്ലും മടിയില്ലെന്ന് മോഡി ഭരണകൂടം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും മോഡി ഭരണകൂടം മറ്റൊരു കനത്ത പ്രഹരംകൂടി ഏല്പിച്ചിരിക്കുന്നു. നീതിന്യായ സംവിധാനത്തെ വരുതിയിലാക്കിയ മോഡി ഭരണകൂടം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന്റെയും കൊലപാതകങ്ങളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തുവരാന്‍ ഒരിക്കലും അനുവദിക്കുമെന്ന് കരുതാനാവില്ല. അങ്ങനെ വന്നാല്‍ ഭരണകൂടം തന്നെയായിരിക്കും പ്രതിസ്ഥാനത്ത്. സംഭവത്തെപ്പറ്റി സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം, അമിത്ഷായുടെ രാജി എന്നീ ആവശ്യങ്ങള്‍ മോഡി ഭരണത്തില്‍ തെല്ലും ചലനം സൃഷ്ടിക്കില്ല. ജനകീയ സമരങ്ങള്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുക മാത്രമാണ് അവശേഷിക്കുന്ന മാര്‍ഗം.