അര്‍ജ്ജുന്‍ അനി

February 27, 2021, 6:52 pm

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി മോഡി സര്‍ക്കാര്‍

Janayugom Online

സമകാലിക ഇന്ത്യ ഏറ്റവും കൂടുതല്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് മാധ്യമ സ്വാതന്ത്ര്യം. ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേക ഭേതഗതി പ്രകാരം നിയമപരിരക്ഷയോടെ അനുച്ഛേദം 19 (1) എ പ്രകാരം സംരക്ഷിക്കപ്പെടുന്നതാണ് മാധ്യമ സ്വാതന്ത്ര്യം . എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ചുമത്തി തുറുങ്കിലടക്കുന്ന ഒട്ടേറെ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്നത്. അടുത്തിടെ ഡല്‍ഹിയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മൻദീപ് ലൂണിയയെ ഒന്നിലധികം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത സംഭവം മോഡി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ജനാധിപത്യത്തിന് മങ്ങലേല്‍ക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്. ഇന്നേ വരെ ഒരു പത്രസമ്മേളനം പോലും നടത്താതെ റേഡിയോയിലൂടെ മൻ കി ബാത് എന്ന പരിപാടിയിലൂടെ മാത്രം രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന വി‍ജ്ഞാപനങ്ങളും മറ്റും അതേപടി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിക്കാറുമുണ്ടെന്നതാണ് സത്യം. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതോ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് എതിരായി സംസാരിക്കുകയോ ചെയ്യുന്ന മാധ്യമങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ ആണ് രാജ്യദ്രോഹം പോലുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെ യുഎപിഎ അടക്കം കടുത്ത നിയമങ്ങള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പൊലീസ് ഒക്ടോബര്‍ 5ന് ജയിലിലടച്ചത്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാൻ പോയപ്പോഴായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം പിടിയിലായ കാപ്പൻ കലാപം ഉണ്ടാക്കാനായാണ് പുറപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. അറസ്റ്റ് ചെയ്ത് ഒരു മാസം വരെ അഭിഭാഷകന് കാണാനുള്ള അനുവാദം പോലും യോഗി സര്‍ക്കാര്‍ നിഷേധിച്ചു. ഒടുവില്‍ പ്രായമായ അമ്മയെ കാണാനായി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷം മടങ്ങിയെത്തിയ കാപ്പൻ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

ഒരു അറസ്റ്റില്‍ പോലും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചു പറയാത്ത ബിജെപി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിഷേധവുമായി രംഗത്തുവന്നു. സംഘ്പരിവാര്‍ അജണ്ടകളുടെ പ്രചാരകനായ ഗോസ്വാമിക്കു വേണ്ടി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് രംഗത്തിറങ്ങിയത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ തന്നെ പല മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തപ്പോഴൊന്നും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് മിണ്ടാതിരുന്ന ബിജെപി നേതാക്കളാണ് അര്‍ണബ് ഗോസ്വാമിക്കു വേണ്ടി വാദിച്ചത്.

ദി വയര്‍ ഹിന്ദിയുടെ റിപ്പോര്‍ട്ടറായിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ കനോജിയയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണയും ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയത്. എന്നാല്‍ രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടു. 

അസമീസ് ജേണലിസ്റ്റും ഡി വൈ 365 ന്റെ ലേഖകനുമായ ശര്‍മ്മയെ 2020 ജൂലൈ 16 ന് ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധത്തെക്കുറിച്ച് ശര്‍മ്മ വാര്‍ത്ത ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പല പ്രതിഷേധങ്ങള്‍ക്കും ശേഷം കേസിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാറിന് ഉത്തരവിടേണ്ടിവന്നു. 

ഗുജറാത്തിയിലെ ഒരു ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററായ ധവള്‍ പട്ടേലിനെ 2020 മെയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് വാര്‍ത്ത എഴുതിയതിന്റെ പേരിലാണ് അദ്ദേഹത്തിന് രാജ്യദ്രോഹക്കുറ്റം നേരിടേണ്ടിവന്നത്. അറസ്റ്റിലായി ആഴ്ചകള്‍ക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 

ഹരിയാനയിലെ ജജ്ജറില്‍ ഹിന്ദി ദിനപത്രത്തിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഖോഹല്‍ 2020 മെയ് 7 നാണ് പോലിസ് അറസ്റ്റു ചെയ്തത്. ഒരു മാസത്തിനുശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകനും പ്രമുഖ മറാത്തി ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാഹുല്‍ കുല്‍ക്കര്‍ണിയെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പാസഞ്ചര്‍ ട്രെയിനിനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന പേരില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കാലത്ത് വ്യാജവാര്‍ത്ത നല്‍കി ആളുകളെ ബാന്ദ്ര സ്റ്റേഷനില്‍ ഒത്തുകൂടാന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു കുറ്റം. നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി. 

രണ്ട് വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ചാരസംഘത്തിന്റെ ഭാഗമാണെന്ന പേരില്‍ 2020 സെപ്റ്റംബറില്‍ ഡല്‍ഹി പോലീസ് പോലീസ് സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ രാഹുല്‍ ശര്‍മയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ടൈംസിന്റെ ലേ ലേഖകന്‍ തെവാങ് റിഗ്‌സിന്‍ സെപ്റ്റംബര്‍ 5 ന് അറസ്റ്റിലായത് ബിജെപി എംപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയതിനാണ്. എന്നാല്‍ അറസ്റ്റു ചെയ്ത അന്നു തന്നെ തെവാങ് റിഗ്‌സിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
eng­lish summary;The Modi gov­ern­ment has silenced the media
you may also like this video;