May 28, 2023 Sunday

മോഡി ഭരണകൂടത്തിന് സമനില തെറ്റുന്നു

Janayugom Webdesk
December 19, 2019 11:00 pm

മോഡി ഭരണകൂടത്തിന് സമനില തെറ്റിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് മോഡി സര്‍ക്കാരും ബിജെപിയുടെ സംസ്ഥാന ഭരണകൂടങ്ങളും ശ്രമിക്കുന്നത്. അതിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചെറുത്തുനില്‍പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രതലസ്ഥാനത്ത് ഇന്റര്‍ നെറ്റ് വിഛേദിച്ചും മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ദേശീയപാതകളടക്കം റോഡുകള്‍ അടച്ചും തടയാന്‍ നടത്തിയ ശ്രമങ്ങളെ വകവയ്ക്കാതെയാണ് വന്‍ജനാവലി പ്രതിഷേധ പരിപാടികളിലേക്ക് ഒഴുകിയെത്തിയത്. നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹിയില്‍ മണ്ഡിഹൗസില്‍ സംഘടിച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി ഇടതുപാര്‍ട്ടികളുടെ സമുന്നത നേതാക്കളെയടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ദീര്‍ഘനേരം തട‍‍ഞ്ഞുവച്ചു. പിന്നീട് വിട്ടയയ്ക്കപ്പെട്ട നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിരോധനാജ്ഞ ലംഘിച്ച് ജന്ദര്‍ മന്തറിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പം വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്, പത്രപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ തുടങ്ങി സാമൂഹിക‑രാഷ്ട്രീയ‑സാംസ്കാരിക രംഗത്തെ പ്രമുഖരും ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ ഒരു പരിഛേദമാകെ അണിനിരക്കുന്ന കാഴ്ചയാണ് കാണാനായത്. പ്രതിഷേധം രാഷ്ട്ര തലസ്ഥാനത്ത് മാത്രമായി ഒതുങ്ങി നില്‍ക്കുകയല്ല. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഓഗസ്റ്റ്ക്രാന്തി മൈതാനിയിലേക്ക് പതിനായിരങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തുകയായിരുന്നു. ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്നൗ, കൊല്‍ക്കത്ത തുടങ്ങി സംസ്ഥാന തലസ്ഥാന നഗരികളും ഇതര നഗരങ്ങളും പട്ടണങ്ങളും വന്‍പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അവയെല്ലാം സര്‍ക്കാരിനു നല്‍കുന്ന മുന്നറിയിപ്പ് വ്യക്തമാണ്. കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല; എല്ലാവരെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാനാവില്ല.
ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. അത് രാഷ്ട്രീയ സംവാദത്തിന്റെ ഉന്നതരൂപമാണ്. പ്രതിഷേധത്തിലൂടെയുള്ള അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ തകര്‍ക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. വിവേകത്തിന്റെ ശബ്ദം കേള്‍ക്കാനോ അവധാനതയോടെ നീങ്ങാനോ ഉള്ള അവസരമാണ് പാര്‍ലമെന്റില്‍ മോഡി സര്‍ക്കാര്‍ നിഷേധിച്ചത്. ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വ അജണ്ട പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാമെന്ന വ്യാമോഹമാണ് ഗതികെട്ട ജനങ്ങള്‍ തെരുവുകളില്‍ ചോദ്യം ചെയ്യുന്നത്. പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും കെട്ടഴിച്ചുവിട്ടും നിരോധനാജ്ഞ കൊണ്ടും അറസ്റ്റുകള്‍ കൊണ്ടും വാര്‍ത്താവിനിമയോപാധികള്‍ തട‍ഞ്ഞും വ്യാജ പ്രചാരണങ്ങള്‍കൊണ്ടും ജനങ്ങളെ നിശബ്ദമാക്കാനാവുമെന്നും ഭരണകൂട അതിക്രമങ്ങള്‍കൊണ്ട് അവരെ അടിച്ചമര്‍ത്താനാവുമെന്നുമുള്ള ധാരണകളാണ് തിരുത്തപ്പെടുന്നത്. ഒരു ഫാസിസ്റ്റ് ന്യൂനപക്ഷത്തിന്റെ അജണ്ട നടപ്പാക്കാന്‍ ഇന്ത്യയെതന്നെ വിഭജിക്കാനും അസ്ഥിരീകരിക്കാനുമാണ് മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലും യുപിയിലും കര്‍ണാടകത്തിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍‍ നിരോധനാജ്ഞ പ്രഖ്യാപിക്കാതെ ഭരണക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നു. ജനങ്ങളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്താമെന്നും തങ്ങളും ഫാസിസ്റ്റ് വര്‍ഗീയ അജണ്ട നടപ്പാക്കാമെന്നുമുള്ള മോഡി സര്‍ക്കാരിന്റെ ധാരണയെയാണ് നിര്‍ഭയരായ ജനങ്ങള്‍ വെല്ലുവിളിക്കുന്നത്.
മോഡി സര്‍ക്കാരിനെ നയിക്കുന്നത് രാഷ്ട്ര ജീവിത യാഥാര്‍ഥ്യങ്ങളോടുള്ള ഭയമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാമ്പത്തിക തകര്‍ച്ച, അനിയന്ത്രിതമായി കുതിച്ചുയരുന്ന വിലകള്‍, തൊഴില്‍രാഹിത്യം, സമ്പദ്ഘടനയുടെ അടിത്തറ തോണ്ടുന്ന കോര്‍പ്പറേറ്റ് പ്രീണനം, രാജ്യത്താകെ വളര്‍ന്നുവന്നിരിക്കുന്ന അരക്ഷിതാവസ്ഥ തുടങ്ങിയവയാണ് അവ. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് രൂപം നല്‍കുകയാണ് അവര്‍. ജനകീയ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ഭരണകൂടം എന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ജീവിത പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന ഒരു യുദ്ധവും അതിലൂടെ വളര്‍ത്തിയെടുക്കാവുന്ന തീവ്രദേശീയതയും അവസാനത്തെ ആയുധമായി പ്രയോഗിക്കാന്‍ മോഡി പ്രഭൃതികള്‍ മടിച്ചേക്കില്ല. സമനിലതെറ്റിയ ഭരണകൂടത്തെ അത്തരം വിനാശകരമായ സാഹസികതകളില്‍ തട‍ഞ്ഞേ മതിയാവൂ. അതിന് നിശ്ചയദാര്‍ഢ്യമുള്ള ജനശക്തിക്ക് മാത്രമെ കഴിയു.
ബ്ലെര്‍ബ്
ജനകീയ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ഭരണകൂടം എന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ജീവിത പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന ഒരു യുദ്ധവും അതിലൂടെ വളര്‍ത്തിയെടുക്കാവുന്ന തീവ്രദേശീയതയും അവസാനത്തെ ആയുധമായി പ്രയോഗിക്കാന്‍ മോഡി പ്രഭൃതികള്‍ മടിച്ചേക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.