കണ്ണീര്‍ കുടിപ്പിക്കുന്ന വിലക്കയറ്റം: ഉത്തരവാദി മോഡി സര്‍ക്കാര്‍

Web Desk
Posted on December 04, 2019, 9:56 pm

ജനങ്ങളെയാകെ കണ്ണീരു കുടിപ്പിക്കുന്ന വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് രാജ്യം. ഉള്ളിയുടെ തീവില അടുപ്പിലെ തീയണയ്ക്കുംവിധം കുതിച്ചുയരുന്നു. രാജ്യത്തെമ്പാടും മൊത്തവ്യാപാര വിപണികളില്‍ ഇന്നലെ ഉള്ളിവില നൂറു രൂപ കടന്നു. ചില്ലറ വിപണിയില്‍ ഉള്ളിക്ക് തൊട്ടാല്‍ പൊള്ളുന്ന വില. അത് അടുത്ത ഫെബ്രുവരി വരെ തുടരുമെന്നാണ് സൂചന. ഇത് പൊടുന്നനെ ഉണ്ടായ വിലക്കയറ്റമല്ല. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തന്നെ വില 80 രൂപയായി ഉയര്‍ന്നു. അകാലത്തിലെ കനത്ത മഴ ഉള്ളിവില കുതിച്ചുയരാന്‍ കാരണമാകുമെന്ന വ്യക്തമായ സൂചന ഉണ്ടായിരുന്നു. അവസരോചിതമായ ഇടപെടലുകള്‍ക്ക് മുതിരാതെ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി. രാജ്യത്തെ പ്രതിമാസ ഉള്ളി ഉപഭോഗം 15 ലക്ഷം മെട്രിക് ടണ്‍ എന്നാണ് ദേശീയ കാര്‍ഷിക വിപണന സഹകരണ ഫെഡറേഷന്‍ (നഫേദ്) കണക്കാക്കുന്നത്. ദിനംപ്രതി 50,000 മെട്രിക് ടണ്‍.

ഇപ്പോള്‍ മൊത്ത വ്യാപാര വിപണിയില്‍ എത്തുന്നത് അതിന്റെ 10 – 12 ശതമാനം മാത്രം. തീപിടിച്ച ഉള്ളിവിലയുടെ കാരണം കണ്ടെത്താന്‍ മറ്റ് വെെദഗ്ധ്യമൊന്നും വേണ്ട. വര്‍ഗീയ അജണ്ടയുടെയും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും തിരക്കില്‍ വിലക്കയറ്റം പോലെ അതിപ്രധാനമായ ജനകീയ പ്രശ്നങ്ങള്‍ കാണാനോ അവയ്ക്ക് പരിഹാരം ആരായാനോ മോഡി സര്‍ക്കാര്‍ മെനക്കെട്ടില്ല. മോഡിയും ഷായും മഹാരാഷ്ട്രയില്‍ രായ്ക്കുരാമാനം അധികാരമുറപ്പിക്കാനും കുതിരക്കച്ചവടം നടത്താനുമുള്ള തിരക്കിലായിരുന്നു. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് അത്. കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കാള്‍ അധികാര രാഷ്ട്രീയത്തിനു നല്‍കിവരുന്ന മുന്‍ഗണനയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. അതീവ ഗുരുതരമായ ഈ അവസ്ഥയിലും ഉള്ളി കയറ്റുമതിയും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തുടരാന്‍ അനുവദിക്കുന്നതും അവരുടെ വര്‍ഗ താല്‍പര്യത്തെയും ജനങ്ങളോടുള്ള അവഗണനയേയും പുച്ഛത്തേയുമാണ് തുറന്നുകാട്ടുന്നത്.

തുച്ഛമാ­യ വിലയ്ക്ക് സ്വകാര്യ കച്ചവടക്കാര്‍ ഇറക്കുമതി ചെ­യ്യുന്ന ഉള്ളിയും ജനങ്ങളെ കൊള്ളയടിക്കാനുള്ള അ­വസരമാക്കി മാറ്റിയിരിക്കുന്നു. ആ പകല്‍കൊള്ളയ്ക്ക് നേരെയും മോഡി സര്‍ക്കാ­ര്‍ കണ്ണടയ്ക്കുന്നു. ഉള്ളിവില മാത്രമല്ല പയ­ര്‍വര്‍ഗങ്ങളടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലയും രാജ്യത്തെമ്പാടും കുതിച്ചുയരുകയാണ്. വിവിധ പയര്‍, പരിപ്പിനങ്ങളാണ് സാധാരണ ഇന്ത്യക്കാരന്റെ മാംസ്യാഹാര സ്രോതസ്. അവയും ആവശ്യമായ അളവില്‍ നിയന്ത്രിത വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കേന്ദ്രഭരണകൂടം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും അവയുടെ വിലനിയന്ത്രണവും നിര്‍വഹിക്കേണ്ട എഫ്‌സിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും നഫേദ് പോലുള്ള സഹകരണ സ്ഥാപനങ്ങളും മോഡി ഭരണത്തില്‍ ദുര്‍ബലമാക്കപ്പെട്ടു. ശൂന്യത കയ്യടക്കുന്നതാവട്ടെ റിലയന്‍സും ബിര്‍ലയും അടക്കമുള്ള സ്വകാര്യ കോര്‍പ്പറേറ്റുകളും. അവര്‍ രംഗം കയ്യടക്കുന്നത് വില നിയന്ത്രിക്കാനല്ല, കൊള്ള ലാഭം ഉറപ്പിക്കാന്‍ മാത്രമാണ്. അതിന് കുടപിടിക്കുകയാണ് മോഡി സര്‍ക്കാര്‍.

പൊതുമേഖലയെ തകര്‍ക്കുന്നതും നികുതിയിളവടക്കം കോര്‍പ്പറേറ്റ് പ്രീണനവും മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവഞ്ചനയുടെയും പകല്‍കൊള്ളയുടെയും രണ്ട് മുഖങ്ങളാണ്. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെയും ആവശ്യമായ ഗൃഹപാഠം കൂടാതെയും നടപ്പാക്കിയ ചരക്ക് സേവന നികുതിയാണ് ജനജീവിതത്തിനുമേല്‍ ഇടിത്തീയായി പെയ്തിറങ്ങുന്നത്. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ വന്‍തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. നികുതിവരുമാനത്തില്‍ 30 ശതമാനം വര്‍ധന പ്രതീക്ഷിച്ചിരുന്ന കേരളത്തിന് 14 ശതമാനം വളര്‍ച്ച മാത്രമെ കെെവരിക്കാനായുള്ളു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ലഭ്യമാക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാര തുകയും ഇന്റ‍ഗ്രേറ്റഡ് ജിഎസ്‌ടി വിഹിതവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുന്നു. സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുമായിരുന്ന 25,000 കോടി രൂപയില്‍ 6000 കോടി വെട്ടിക്കുറച്ച നടപടിയും വിനയായിരിക്കുന്നു. കേരളമടക്കം ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിച്ച് തകര്‍ക്കുക എന്ന ഗൂഢപദ്ധതിയാണ് മറനീക്കി പുറത്തുവരുന്നത്.

നികുതിവരുമാനത്തില്‍ ഉണ്ടായ വന്‍കുറവ് വിലക്കയറ്റത്തിന്റെ നാളുകളില്‍ വിപണി ഇടപെടല്‍ നടത്തുന്നതിന് വിഘാതമായിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതിന് കേരളത്തില്‍ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന് തടസം സൃഷ്ടിക്കുന്നു. വരുമാനം കുറയുകയും വായ്പാ സാധ്യതകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതോടെ ഇതിനകം നടത്തിയ വിപണി ഇടപെടലുകളുടെ നൂറുകണക്കിനു കോടി രൂപയുടെ ബാധ്യത നികത്താനാവാത്ത അവസ്ഥയെയാണ് സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ നേരിടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ്യ വസ്തുക്കള്‍ നിയന്ത്രിത വിലയ്ക്ക് ലഭ്യമാക്കാന്‍ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷനും ഭക്ഷ്യ‑പൊതു വിതരണ വകുപ്പും നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കേരളത്തോടും ഇതര സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അവലംബിക്കുന്ന നിഷേധാത്മക സമീപനം നിശിതമായി ചെറുക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. ജനജീവിതം താറുമാറാക്കുന്ന വിലക്കയറ്റത്തിനും കേന്ദ്രസര്‍ക്കാരിന്റെ പ്രതിലോമ‍ നയങ്ങള്‍ക്കും എതിരെ രാജ്യവ്യാപകമായി ജനരോഷം വളര്‍ന്നുവരണം.