Friday
06 Dec 2019

ഒരുമിച്ച് നില്‍ക്കേണ്ട നിമിഷം

By: Web Desk | Saturday 10 August 2019 11:07 PM IST


മ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഈ മാസം ഏഴിന് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ധര്‍ണ സംഘടിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ ദേശീയ പതാകയേന്തി ഒരു കൂട്ടം സ്വയംസേവകര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി. മോഡി സര്‍ക്കാരിന്റെ യുക്തിരഹിതമായ തീരുമാനത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്ന തീവ്ര ഹിന്ദുത്വവാദികള്‍ ഇതിന്റെ പരിണതഫലങ്ങള്‍ അറിയുന്നില്ലെന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും അതിന്റെ ചെങ്കൊടിയേയും ഇവര്‍ അവമതിപ്പോടെ കാണുന്നു. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദങ്ങള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിനെ ഇവര്‍ വാഴ്ത്തിപ്പാടുന്നു. രാജ്യം എന്തോ നേടി എന്ന വികാരമാണ് സംഘപരിവാറും സമാന സംഘടനകളും സ്വീകരിക്കുന്നത്. ദേശീയ ഐക്യം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവര്‍ മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ചെയ്തിയുടെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് ജാഗരൂകരാകണം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ദിവസം യഥാര്‍ഥത്തില്‍ ഭരണഘടനയെ തകര്‍ത്തെറിഞ്ഞ ദിവസമാണ്. ഇത്തരത്തിലുള്ള എല്ലാ നടപടികളും ഒരു ഗൂഢാലോചന പോലെയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. സവിശേഷമായ രീതിയില്‍ ഇതിനുള്ള പശ്ചാത്തലം സൃഷ്ടിച്ചശേഷമാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഇപ്പോഴത്തെ തീരുമാനത്തിന് മുന്നോടിയായി കശ്മീരിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അതിനുശേഷം എല്ലാ അധികാരങ്ങളും ഗവര്‍ണറുടെ കൈകളിലാണെന്ന് ഉറപ്പാക്കി. തുടര്‍ന്നാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങുന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വേര്‍പെടുത്തി. പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ച് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇതിലൂടെ അനുച്ഛേദം 370ന് മാത്രമല്ല ജമ്മു കശ്മീര്‍ സംസ്ഥാനത്തിനുപോലും അവസാനമായി. ഈ ഒറ്റ പ്രഹരത്തിലൂടെ ഇവര്‍ രാജ്യത്തിന്റെ ചരിത്രവും രാഷ്ട്രീയവും തിരുത്തി എഴുതി. സംഘപരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചുള്ള വിധത്തിലായിരുന്നു ഇത്. ജമ്മു കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന ജീവനാഡിയെയാണ് മുറിച്ചുമാറ്റിയതെന്ന് ഇവര്‍ അറിയുന്നില്ല. ഇപ്പോഴത്തെ നടപടിയുടെ വിനാശകരമായ വശങ്ങള്‍ മനസിലാക്കുന്നതിന് പ്രാഥമികമായി ഇന്ത്യയുടെ ചരിത്രവും പൈതൃകവും അറിയണം. എന്നും സാംസ്‌കാരിക ദേശീയതയുടെ മുഖ്യധാരയില്‍ നിന്നും മാറിനിന്ന സംഘപരിവാറിന് ഇത് ബോധ്യപ്പെടില്ല. അടുത്ത ഘട്ടത്തില്‍ ഏകീകൃത സിവില്‍കോഡ്, രാം മന്ദിര്‍ എന്നിവ നടപ്പാക്കാനുള്ള സാഹചര്യങ്ങള്‍ മോഡി സര്‍ക്കാര്‍ ഒരുക്കും. ഇത് രാജ്യത്തിന്റെ ജനാധിപത്യ മതേതര സംവിധാനത്തിന് ഗുരുതരമായ ഭീഷണിയാകും സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ എല്ലാ കാലങ്ങളേയും ഒരുപോലെ ഉള്‍ക്കൊണ്ടുള്ളതാണ് നമ്മുടെ ഭരണഘടന. കേവലം അംഗബലം ഉപയോഗിച്ച് പാര്‍ലമെന്റിനെ നിയമ നിര്‍മ്മാണ ഫാക്ടറിയാക്കി. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ 32 ബില്ലുകള്‍ രാജ്യസഭയിലും 35 ബില്ലുകള്‍ ലോക്‌സഭയിലും പാസാക്കി. സമീപഭാവിയില്‍ പാര്‍ലമെന്റ് ഒരു ആലങ്കാരിക സംവിധാനമായി മാറും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിത്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയുടെ പാഠങ്ങള്‍ പഠിക്കണം. വര്‍ഗീയ അഹങ്കാരവും ആഗോള സാമ്പത്തിക കുത്തകകളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ എങ്ങനെയാണ് ജനാധിപത്യ സംവിധാനങ്ങളെ തമസ്‌കരിക്കുന്നുവെന്നത് ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയും രാജ്യത്തെ ജനങ്ങളെയും അപ്രസക്തരാക്കി ഫാസിസ്റ്റ് ഭരണത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ആദ്യ സൂചനകളാണിത്. മോഡി സര്‍ക്കാരിന്റെ നടപടികളില്‍ കശ്മീരിലെ ജനങ്ങള്‍ മാത്രമല്ല രാജ്യത്തെ ജനങ്ങളെല്ലാം കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച മറയ്ക്കാനാണ് ഇപ്പോഴത്തെ നടപടികള്‍. കൂടാതെ തികച്ചും ജനാധിപത്യ വിരുദ്ധമായ നിലപാടുകളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മുത്തലാഖ് ബില്‍, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍, വേജ് കോഡ്, യുഎപിഎ ഭേദഗതി ബില്‍ എന്നിവ പാസാക്കിയത് മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ ഫെഡറലിസത്തെപ്പോലും തരംതാഴ്ത്തുന്ന നടപടികളാണിത്. ഇത്തരത്തിലുള്ള നടപടികളെ രാജ്യത്തെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യവും മതേതരത്വവും ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇടതുപാര്‍ട്ടികള്‍ ഏറ്റെടുക്കണം. ഐക്യത്തോടെയുള്ള പോരാട്ടങ്ങള്‍ രാജ്യവ്യാപകമായി ഉണ്ടാകണം. ദേശീയ ഐക്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.