കടം കൊടുത്ത പണം തിരിച്ചു ലഭിച്ചില്ല; തർക്കത്തിനൊടുവിൽ പണം വാങ്ങിയ ആളിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

Web Desk
Posted on November 15, 2019, 10:15 am

കോട്ടയം: കടം കൊടുത്ത പണം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വ്യാപാരി പണം വാങ്ങിയ ആളിന്റെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി. വാടയാർ കൃഷ്ണനിവാസിൽ ബിജു ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

വൈക്കത്ത് കൃഷ്ണാ ടെക്സ്റ്റൈൽസ് നടത്തുകയാണ്. ഇന്നലെ രാവിലെ പണം തിരികെ നൽകാനുള്ള ആളിന്റെ വീടിനു മുന്നിലെത്തി. പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പണം കടം വാങ്ങിയ ആളിന്റെ ഭാര്യക്കും പരുക്കേറ്റു. ഇവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ കോട്ടയം മെഡിക്കിൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിന് മുൻപ് ബിജു പാലാ മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പണം തിരികെ ചോദിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ ഇന്നലെ വാക്കേറ്റം നടന്നതായും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.