August 9, 2022 Tuesday

Related news

January 30, 2022
May 19, 2021
May 18, 2021
May 11, 2021
May 6, 2021
April 27, 2021
April 16, 2021
February 23, 2021
November 13, 2020
November 4, 2020

അങ്കണവാടി പ്രവർത്തകരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു

Janayugom Webdesk
December 28, 2019 9:58 pm

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഓണറേറിയം വർധിപ്പിച്ചു. അങ്കണവാടി വർക്കർ, മിനി അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായാണ് വർധിപ്പിച്ചത്. വർധിപ്പിച്ച ഓണറേറിയം നൽകുന്നതിനായി 29,76,48,000 രൂപ ബജറ്റ് വിഹിതത്തിൽ നിന്നും അനുവദിച്ചു. ബജറ്റ് വിഹിതം തീരുന്ന മുറയ്ക്ക് അധിക ധനാനുമതിക്കുള്ള ശുപാർശ സമർപ്പിക്കാൻ വനിത ശിശുവികസന ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 ഹെൽപ്പർമാർക്കും പ്രയോജനം ലഭിക്കും.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നൽകുന്നത്. കേന്ദ്ര സർക്കാർ അങ്കണവാടി വർക്കർമാരുടെ ഓണറേറിയം 4,500 രൂപയും ഹെൽപ്പർമാരുടെ ഓണറേറിയം 2,250 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി വരുന്ന അങ്കണവാടി വർക്കർമാർക്കുള്ള 9,300 രൂപയും ഹെൽപ്പർമാർക്കുള്ള 6,650 രൂപയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
കേരളത്തിലെ അങ്കണവാടി ജീവനക്കാർക്ക് നൽകുന്ന വേതനം മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ വളരെ കൂടുതലാണ്. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം 6,600 രൂപയും 4,100 രൂപയുമായിരുന്നത് യഥാക്രമം 10, 000 രൂപയും, 7,000 രൂപയും ആയി വർധിപ്പിച്ചിരുന്നെങ്കിലും വർദ്ധിപ്പിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ വർധനവ് പ്രാബല്യത്തിൽ വന്നിരുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വർധനവിന്റെ 50 ശതമാനം സാമൂഹ്യ നീതി വകുപ്പ് വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ച തുക ജീവനക്കാർക്ക് ലഭ്യമാക്കി. 2018–19 മുതൽ സാമൂഹ്യ നീതി വകുപ്പ് വഴി തന്നെ വർധിപ്പിച്ച തുക മുഴുവനായും നൽകി വരുന്നു. ഇതുകൂടാതെ അങ്കണവാടി വർക്കർമാരുടെ പെൻഷൻ 500 രൂപയിൽ നിന്നും 2,000 രൂപയായും ഹെൽപ്പർമാരുടെ പെൻഷൻ 300 രൂപയിൽ നിന്നും 1200 രൂപയായും അടുത്തിടെ വർധിപ്പിച്ചിരുന്നു. ഇതിന് പുറമേ അങ്കണവാടി ഹെൽപ്പർമാർക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പിൽ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 250 രൂപ പെർഫോമൻസ് ഇൻസന്റീവ് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വർക്കർമാർക്കും 500 രൂപ പെർഫോമൻസ് ഇൻസന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.