തൊടുപുഴ: പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവർഹൗസ് പൂർണ്ണമായും നിർത്തിവെയ്ക്കും. ഇന്ന് രാവിലെ എട്ടു മണിയോടെ പവർ ഹൗസ് ഷട്ട്ഡൗൺ ചെയ്യും. ഏഴ് ദിവസത്തേക്ക് പവർ ഹൗസ് നിർത്തിവെയ്ക്കാനുള്ള അനുവാദമാണ് കെ എസ് ഇ ബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ ഒന്ന്, രണ്ട് നമ്പർ ജനറേറ്ററുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാട്ടർ കണ്ടക്ടർ സിസ്റ്റം പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് പവർ ഹൗസ് പൂർണ്ണമായും നിർത്തുന്നത്.
ആറാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലായതിനാൽ ആഴ്ചകളായി മൂന്ന് ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെയോടെ ഈ മൂന്നു ജനറേറ്ററുകളും ഷട്ട് ഡൗൺ ചെയ്യുന്നതോടെ പദ്ധതിയുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലുള്ളത്.
17ന് വൈകിട്ടോടെ ഓരോ ജനറേറ്റുകൾ വീതം പ്രവർത്തിപ്പിച്ച് തുടങ്ങാൻ സാധിക്കുമെന്നാണ് കെ എസ് ഇ ബി ജനറേഷൻ വിഭാഗത്തിന്റെ പ്രതീക്ഷ. പുറത്ത് നിന്ന് കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാലും ഉപഭോഗം കുറഞ്ഞുനിൽക്കുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ല. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉത്പാദന ശേഷി. നിലവിൽ 76.57 ശതമാനം വെള്ളം ഇടുക്കി സംഭരണിയിൽ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.