അംബേദ്കറുടെ അനശ്വരതയിൽ അയോധ്യയിലെ സദാചാര രാഹിത്യം

Web Desk
Posted on December 05, 2019, 10:19 pm

  ഡി രാജ

1956 ഡിസംബർ ആറിന് ഭരണഘടനാ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്കർ അനശ്വരനായി. അന്ന് രാജ്യം മുഴുവൻ ദുഃഖത്തിലാഴ്ന്നു. ലോകമാകെയുള്ള ഭരണാധികാരികളും നയതന്ത്രജ്ഞ­രും മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ മഹത്വത്തെ പ്രശംസിക്കുകയും ചെയ്തു. സാമൂഹ്യ അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിൽ അംബേദ്ക്കർ എന്നും ഓർമ്മിക്കപ്പെടുമെന്നാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടന രൂപീകരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും എന്നും ലോകം ഓർക്കുമെന്നുറപ്പ്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് പള്ളി തകർത്തത്. ഭൂരിപക്ഷ വാദത്തിന്റെ പേരിലുള്ള വലതുപക്ഷ ശക്തികളുടെ ഒരു കുതിച്ചുചാട്ടമായിരുന്നു അത്. രാജ്യത്തിന്റെ ഭരണഘടനയും ദേശീയ പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഒന്നായിരുന്നു പള്ളി തകർത്ത സംഭവം.

സ്വേ­ച്ഛാധിപത്യ ശക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്ലിങ്ങളും തോളോട് തോൾ ചേർന്ന് പോരാടി. ഇന്ത്യാ ഉപഭൂഖണ്ഡ­ത്തിന്റെ വിഭജനത്തോടെ വിശ്വാസമില്ലായ്മയുടേയും പൊരുത്തക്കേടുകളുടേയും വിത്തുകൾ പാകി. സമൂഹത്തെ വിഭജിക്കുന്ന രേഖയായി മതത്തെ കാണാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായിരുന്നില്ല. അതിന് പകരം സഹിഷ്ണുത, ബഹുസ്വരത, മതേതരത്വം എന്നിവയാണ് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തുന്ന ശക്തികളെന്ന നിലപാടാണ് രാജ്യത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നത്. മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുക, ശത്രുക്കളായി കാണുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സംഘപരിവാർ ഗുണ്ടകൾ ബാബറി മസ്ജിദ് തകർത്തത്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന ഗോൾവാൾക്കർ, ഹെ­ഗ്ഡെ­വാർ എന്നിവരുടെ ആശയങ്ങൾ സാക്ഷാത്കരിക്കുകയാണ് ബാബറി മസ്ജിദ് തകർത്തതിലൂടെ സംഘപരിവാർ പ്രവർത്തകർ നടത്തിയത്.

ഡിസംബർ ആറിന് കേവലം ഒരു കെട്ടിടം തകർത്തുവെന്ന് മാത്രമല്ല ചരിത്രത്തെപ്പോലും അംഗഭംഗം വരുത്തുന്ന നിലപാടുകളാണ് സംഘപരിവാർ സ്വീകരിച്ചത്. ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ മനസിൽ അതിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ഡോ. ബി ആർ അംബേദ്കർ, പെരിയോർ, ഫുലേ, ബിർസാ മുണ്ട എന്നിവർ സാമൂഹ്യ നീതിക്കായി നടത്തിയ പോരാട്ടങ്ങളെ അവമതിക്കുന്നതിന് തുല്യമാണിത്. മതം, ജാതി എന്നിവയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സംഘപരിവാറും ഹിന്ദുത്വ ശക്തികളും സ്വീകരിക്കുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് ഡിസംബർ ആറ് എന്ന ദിനം തെരഞ്ഞെടുത്തത് ആകസ്മികമായല്ല. രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ അംബേദ്ക്കർ മരിച്ച ദിവസം തിരഞ്ഞെടുത്തുവെന്നത് ഏറെ പ്രസക്തമാണ്. മറ്റുള്ള മതക്കാരേയും ജാതിക്കാരേയും ഒഴിവാക്കി ഹിന്ദു രാജ്യം നടപ്പാക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇതിന് വിഘാതമായ പ്രവർത്തനങ്ങളാണ് അംബേദ്ക്കർ നടത്തിയത്.

കർസേവകർ അയോധ്യയിൽ നടത്തിയ അക്രമങ്ങളുടെ സൂചനയായി ഡിസംബർ ആറ് സംഘപരിവാർ ശൗര്യ ദിവസമായാണ് ആചരിക്കുന്നത്. സംഘപരിവാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അക്രമത്തിൽ അധിഷ്ഠിതമാണ്. ഹിന്ദുത്വത്തിന്റെ നെറികേടുകൾ മനസിലാക്കിയ അംബേദ്ക്കർ ഹിന്ദുവായി ജനിച്ചെങ്കിലും ബുദ്ധമതക്കാരനായാണ് മരിച്ചത്. 1935ലാണ് അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധമതം തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇസ്ലാം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള മതങ്ങൾ സംബന്ധിച്ച് അദ്ദേഹം ഗഹനമായ പഠനം നടത്തി. ജാതി, മതം, അസമത്വം തുടങ്ങിയ കാര്യങ്ങൾക്കെതിരെയാണ് അംബേദ്ക്കർ എന്നും പോരാടിയിരുന്നത്. എന്നാൽ സമൂഹത്തിൽ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് സംഘപരിവാർ സ്വീകരിച്ചത്.

ഇന്ത്യൻ സമൂഹത്തിന് അനുയോജ്യമായ വിധത്തിൽ ബുദ്ധമത തത്വങ്ങളെ അംബേദ്കർ പുനരാവിഷ്കരിച്ചു. തൊഴിലാളികളുടെ സ്വാതന്ത്ര്യം മോചനം എന്നിവയ്ക്കുവേണ്ടിയും അംബേദ്ക്കർ പോരാടി. ഭരണഘടന, അത് വിഭാവനം ചെയ്യുന്ന തത്വങ്ങൾ എന്നിവയെ എന്നും തമസ്കരിക്കുന്ന നിലപാടുകളാണ് സംഘപരിവാർ സ്വീകരിക്കുന്നത്. സമൂഹത്തിൽ മതത്തിന്റെ പേരിൽ ധ്രുവീകരണം നടത്തി രാഷ്ട്രീയ- തെരഞ്ഞെടുപ്പ് നേട്ടങ്ങൾ നേടിയെടുക്കുകയാണ് സംഘവാറിന്റെ പരമമായ ലക്ഷ്യം. ഇതിനായി വിവിധ മാർഗങ്ങൾ സംഘപരിവാർ അവലംബിക്കുന്നു. ഓരോ തവണയും പാഠപുസ്തകങ്ങളിൽ നിന്ന് അബേദ്ക്കറുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കുന്നു. അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡിസംബർ ആറിന്റെ പ്രസക്തി ഏറെയാണ്. ഹിന്ദു വർഗീയ വാദികളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു എന്നതിന് തെളിവാണ് തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടനയിലൂടെ അബേദ്ക്കർ ലക്ഷ്യമിട്ടത്. ഇക്കാര്യമാണ് അദ്ദേഹത്തിന്റെ ജീവിതവും മറ്റ് രചനകളും രാജ്യത്തെ ജനങ്ങളെ പഠിപ്പിക്കുന്നത്. അബേദ്ക്കർ തങ്ങളിൽ ഒരാളാണ് എന്ന് വരുത്തിതീർക്കാനുള്ള എല്ലാ ശ്രമങ്ങളും ആർഎസ് എസും മറ്റ് സംഘപരിവാർ സംഘടനകളും സ്വീകരിക്കുന്നുണ്ട്. അധകൃത വർഗത്തെ ധ്രൂവീകരിച്ച് വോട്ട് നേടാനുള്ള തന്ത്രമാണിതെന്ന് പകൽപോലെ വ്യക്തം. ഇതിനായി പല രീതിശാസ്ത്രങ്ങളും ഇവർ അവലംബിക്കുന്നു. സമൂഹത്തിലെ വരേണ്യ വർഗങ്ങളുടെ അവകാശ സംരക്ഷണങ്ങൾക്കായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും മറ്റ് സാഹചര്യങ്ങളിൽ ഭരണഘടനയെ അവമതിക്കുകയും ചെയ്യുന്ന സമീപമാണ് സംഘപരിവാർ സ്വീകരിക്കുന്നത്.

മറ്റ് മതക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കുന്ന രീതികളാണ് സംഘപരിവാർ സ്വീകരിക്കുന്നത്. ഇതിനായി ചരിത്രത്തെ പോലും ഇവർ വളച്ചൊടിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്നു. വിവേചനങ്ങളില്ലാത്ത ഒരു സമൂഹം സ്വപ്നം കാണുന്നവർക്ക് അബേദ്ക്കറുടെ പ്രവർത്തനങ്ങൾ എന്നും പ്രചോദനമാണ്. രാജ്യത്തിന്റെ സാമൂഹ്യ, ഭരണഘടനാ ചരിത്രത്തിൽ ബാബറി മസ്ദിജ് തകർത്തത് ഒരു കറുത്ത അധ്യായമാണ്. അബേദ്ക്കർ നിലകൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയൊക്കെ ഇന്ന് ഭീഷണി നേരിടുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങൾ ഡിസംബർ ആറിന്റെ പ്രസക്തി ഓർക്കുന്നത്.