പ്രശാന്ത് ഭൂഷണെതിരായ നീക്കം ഭൂഷണമല്ല

Web Desk
Posted on July 29, 2020, 3:00 am

മുതിർന്ന അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി രജിസ്റ്റർ ചെയ്ത രണ്ട് കോടതിയ ലക്ഷ്യ കേസുകൾ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പരിഗണനയ്ക്ക് വച്ചിരിക്കുകയാണ്. നീതിപീഠത്തെയും ന്യായാധിപന്മാരെയും വിമർശിച്ചതിനാണ് കേസുകൾ.

ഏറ്റവും വിചിത്രമായ കാര്യം 11 വർഷം മുമ്പ് നല്‍കപ്പെട്ട പരാതിയെ തുടർന്ന് ചാർജ്ജ് ചെയ്ത കേസാണ് ഇതിലൊന്ന് എന്നതാണ്. 2009 ൽ ഹരീഷ് സാൽവേ നൽകിയ പരാതിയാണ് ഒരു കേസിന് ആസ്പദമായത്. അക്കാലത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ നീതിന്യായസംവിധാനത്തെ പ്രശാന്ത് ഭൂഷൺ വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന മലയാളി കൂടിയായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, എസ് എച്ച് കപാഡിയ എന്നിവരാണ് അന്ന് വിമർശനത്തിന് ഇരയായത്. ഇതോടൊപ്പം നീതിപീഠത്തിലെ അഴിമതിയും അദ്ദേഹം തുറന്നു കാട്ടിയിരിരുന്നു. സ്റ്റെർലൈറ്റ് കമ്പനിയിൽ ഓഹരിയുള്ള കപാഡിയ, അതേകമ്പനി കക്ഷിയായ കേസ് പരിഗണിച്ചതുസംബന്ധിച്ചായിരുന്നു വിമർശനം. അതുവരെയുണ്ടായിരുന്നവരിൽ 16 ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരായിരുന്നുവെന്നും അദ്ദേഹം പ്രസ്തുത അഭിമുഖത്തിൽ പറയുകയുണ്ടായി. മറ്റ് പലരും വിളിച്ചു പറയാൻ മടിച്ച വാസ്തവങ്ങളായിരുന്നു മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ പ്രശാന്ത് ഭൂഷന്റെ വാക്കുകൾ. പരമോന്നത കോടതികളിൽ നിന്നുണ്ടാകുന്ന ചില വിധികൾ പഠിച്ചാൽ ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. നീതിയും ന്യായവും നടപ്പിലാക്കേണ്ട കോടതികളിൽ നിന്ന് ധാർമ്മികതയുടെ ലവലേശം പോലുമില്ലാതെ ഉണ്ടായ ചില വിധികളെങ്കിലും രാജ്യത്തെ ജനങ്ങൾക്കുണ്ടാക്കിയ വീക്ഷണം ശരിവയ്ക്കുന്നതായിരുന്നു ഭൂഷന്റെ പരാമർശം. ഈ കേസ് പരമോന്നത കോടതി പരിഗണിച്ച് വാദംകേൾക്കുകയും ചെയ്തിരുന്നതാണ്. ഏറ്റവും ഒടുവിൽ 2012 ലായിരുന്നു വാദം കേട്ടത്. പിന്നീട് വിസ്‌മൃതിയിലായതാണ് കേസ്. അതിന്റെ അന്തിമ വാദം ഓഗസ്റ്റ് നാലിന് കേൾക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുന്നിലാണ് ഇപ്പോൾ കേസുള്ളത്. കോവിഡിനെ തുടർന്ന് അടിയന്തര കേസുകൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന മാനദണ്ഡം നിലനില്ക്കുമ്പോഴാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാകുന്നത് തൊട്ടടുത്തദിവസം അതായത് ഓഗസ്റ്റ് നാലിന് പ്രശാന്ത് ഭൂഷണെതിരെ പരിഗണിക്കുന്ന അപകീർത്തിക്കേസിന്റെ ഉള്ളടക്കം മനസിലാക്കുമ്പോഴാണ്. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഒരു ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവന്ന ഘട്ടത്തിൽ ഉന്നയിച്ച രൂക്ഷ വിമർശനത്തിന്റെ പേരിലാണ് രണ്ടാമത്തെ കേസ്. സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ ജഡ്ജിമാരെ വിമർശിച്ചതും കേസിന് വിഷയമായിട്ടുണ്ട്. ഈ സംഭവത്തിൽ സ്വകാര്യ വ്യക്തിയുടെ ഹർജി ജൂലൈ ഒമ്പതിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

2009 ലെ കേസ് പരിഗണിച്ച് ഓഗസ്റ്റ് നാലിന് അന്തിമ വാദത്തിന് വയ്ക്കുമെന്നതു സംബന്ധിച്ച വാദപ്രതിവാദത്തിനിടയിൽ പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ ഉന്നയിച്ച ചില വിഷയങ്ങൾ പരിഗണിക്കുമ്പോൾ ആരെങ്കിലും ഇത് പരിഗണിക്കണമല്ലോ എന്ന പരാമർശമാണ് കോടതിയിൽ നിന്നുണ്ടായത്. ഇത് കേസിന്റെ ഇപ്പോഴത്തെ പരിഗണനയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും താല്പര്യങ്ങളുണ്ടോയെന്ന സംശയം ജനിപ്പിക്കുന്നതാണ്. ചീഫ് ജസ്റ്റിസിന്റെ നടപടി ധാർമികമല്ലെന്ന് കൊച്ചുകുട്ടിക്കുപോലും തോന്നിയേക്കാവുന്ന ചെയ്തിയാണ് വിമർശിക്കപ്പെട്ടത്. ഒരു ബിജെപി നേതാവിന്റെ മകന്റെ പേരിലുള്ള വൻവില വരുന്ന ആഢംബര ബൈക്കിലിരുന്ന് പ്രദർശന വസ്തുവാകുന്ന ചീഫ് ജസ്റ്റിസിന്റെ നടപടി പല കോണുകളിൽ നിന്നും വിമർശനത്തിന് വിധേയമായതാണ്. ഒരു അഭിഭാഷകനെന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻ കൂടിയായാണ് പ്രശാന്ത്ഭൂഷൺ അടയാളപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തെ നിരവധി പേരുടെ മനസിലുണ്ടായ വിമർശനം പരസ്യമായി പ്രകടിപ്പിച്ചുവെന്നതു മാത്രമാണ് പ്രശാന്ത് ഭൂഷൺ ചെയ്തത്. അതിനാണ് അദ്ദേഹത്തിനെതിരെ പഴയ കേസുൾപ്പെടെ പൊടി തട്ടിയെടുത്തിരിക്കുന്നത്. രണ്ടാമത്തെ കേസിനാസ്പദമായ പരാമർശങ്ങളാകട്ടെ ട്വിറ്റർ തന്നെ നീക്കം ചെയ്തു കഴിഞ്ഞു.

കോടതികൾ വിമർശനത്തിന് അതീതമാണോയെന്ന ചോദ്യം ഇതിലൂടെ വീണ്ടും പ്രസക്തമാകുകയാണ്. പരമോന്നത കോടതി പോലുള്ള നിരവധി സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവയെല്ലാം വിമർശന വിധേയമായിരിക്കണം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. തെരഞ്ഞെടുപ്പ് കമ്മിഷൻ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ, റിസർവ് ബാങ്ക് തുടങ്ങിയ 15 ഓളം ഭരണഘടനാ സ്ഥാപനങ്ങൾ പോലും വിമർശനത്തിന് അതീതരല്ല. ഈ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസിന്റെ ചെയ്തിയെയോ കോടതികളെയോ വിമർശിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നത് ഭൂഷണമല്ല. വിരുദ്ധാഭിപ്രായങ്ങളും വിമർശനങ്ങളും വൈവിധ്യങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് സാമൂഹ്യപരിഷ്‌ക‌ർത്താക്കൾ മാത്രമല്ല പറഞ്ഞുവച്ചിട്ടുള്ളത്. പല ഘട്ടങ്ങളിലായി പരമോന്നത കോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങളിൽ നിന്നും സമാനമായ നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഓർക്കാതെയുള്ള നടപടി വ്യക്തികൾ മറ്റുള്ളവരുടെ ചട്ടുകങ്ങളാകുന്നതിന്റെയും സ്വേച്ഛാധിപത്യ ജീർണമായ മനസിന്റെയും അനന്തരഫലങ്ങളാണ്. പക്ഷേ ഇത്തരം നടപടികൾകൊണ്ട് എതിർ ശബ്ദങ്ങൾ ഇല്ലാതാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നാണ് ലളിതമായ ഭാഷയിൽ പറയാൻ സാധിക്കുക.