എംഫില്‍ ഇല്ലാതാകും: വിദ്യാഭ്യാസം തൊഴിലധിഷ്ഠിതം

Web Desk

ന്യൂഡൽഹി

Posted on July 29, 2020, 10:08 pm

പുതിയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് സമഗ്ര പരിഷ്ക്കാരങ്ങൾ. ആറാം ക്ലാസ് കഴിഞ്ഞാല്‍ വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാകും. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തുടരുമെങ്കിലും മറ്റ് ക്ലാസുകളിലെ പ്രോഗ്രസ് കാര്‍ഡ് വിദ്യാര്‍ത്ഥിയുടെ സമഗ്രമായ കഴിവുകളുടെ അടിസ്ഥാനത്തിലാകും നല്‍കുക. നിരന്തരമായ വിലയിരുത്തല്‍ എന്ന നടപടിയാകും ഇക്കാര്യത്തില്‍ സ്വീകരിക്കുക.

ഉന്നത വിദ്യാഭ്യാസത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഏകീകൃത പ്രവേശന പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികളുടെ ബഹുമുഖമായ സകല കഴിവുകള്‍ക്കും ഇടം നല്‍കുന്നതിനൊപ്പം അത് തൊഴിലധിഷ്ഠിതവും ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലും പുനരാവിഷ്‌കരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവിലെ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഇല്ലാതാക്കി സ്വന്തം നിലയ്ക്ക് കോളജുകള്‍ മികവു തെളിയിക്കണം. എംഫില്‍ കോഴ്‌സുകള്‍ ഇല്ലാതാകും. നിയമ‑വിദ്യാഭ്യാസ മേഖലകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സ്വതന്ത്രമായ ഒറ്റ സംവിധാനം. സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനും ഏക സമിതി.

നിലവില്‍ കല്‍പിത സര്‍വ്വകലാശാല, കേന്ദ്ര സര്‍വ്വകലാശാല, ഇതിനു പുറമെയുള്ള സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഒരു നിയന്ത്രണ സംവിധാനത്തിലേക്ക് ഒതുങ്ങും. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം ആഭ്യന്തര ഉല്പാദനത്തിന്റെ ആറു ശതമാനത്തിലേക്ക് ഉയര്‍ത്തും. സംസ്ഥാനങ്ങളും കേന്ദ്രവും സംയുക്തമായാകും ഇത് സാധ്യമാക്കുക. അതേസമയം ഈ മേഖലയില്‍ സ്വകാര്യ മേഖലയുടെ നിക്ഷേപവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവില്‍ കാല്‍ ശതമാനത്തിലധികം നില്‍ക്കുന്ന ഉന്നത പഠന നിരക്ക് 50 ശതമാനത്തിലേക്ക് എത്തിക്കാന്‍ നയം വിഭാവനം ചെയ്യുന്നു. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്നര കോടി സീറ്റുകളും ഇതിന് ആനുപാതികമായി അദ്ധ്യാപക നിയമനവും പുതിയ നയത്തിന്റെ ഭാഗമാണ്. പ്രാദേശിക ഭാഷകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപിപ്പിക്കുന്നതിനൊപ്പം വയോജന വിദ്യാഭ്യാസവും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നുണ്ട്.