ന്യൂഡൽഹി: മുത്തലാഖ് ബില്ലിന് നിയമ വകുപ്പ് അനുമതി നൽകിയത് ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളുമായി ചർച്ചചെയ്യാതെയാണെന്ന് റിപ്പോർട്ട്. ദീർഘകാലമായി ശീതികരണിയിലായിരുന്ന ബിൽ കഴിഞ്ഞ വർഷമാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. ചർച്ചയ്ക്കിടെ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. എന്നാൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണ് ബിൽ സഭയിൽ അവതരിപ്പിച്ച് നിയമമാക്കിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നിയമം കൊണ്ടുവരേണ്ട അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മറ്റു മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്താത്തതെന്നും വിവരാവകാശ അപേക്ഷകൾക്കുള്ള മറുപടിയിൽ നിയമമന്ത്രാലയം പറയുന്നു.
ബിൽ വിവിധ വകുപ്പുകൾക്ക് അഭിപ്രായം ആരാഞ്ഞ് നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിക്കുന്നതിന് മുമ്പ് ലോക്‌സഭയിൽ അവതരിപ്പിച്ചുവെന്ന് മന്ത്രിസഭായോഗത്തിന് തയ്യാറാക്കിയ നോട്ടിൽ മന്ത്രി രവിശങ്കർ പ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2014 ലെ ലേജിസ്ലേറ്റിവ് ചട്ടങ്ങളുടെ ലംഘനമാണ് മന്ത്രി നടത്തിയതെന്ന് നിയമ വിദഗ്ധർ പറയുന്നു. ബില്ലുമായി ബന്ധപ്പെട്ട് മറ്റ് മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവർ നൽകുന്ന അഭിപ്രായങ്ങൾ കാബിനറ്റ് നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് ചട്ടം. മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം ലഭ്യമായില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കണമെന്ന് കാബിനറ്റ് സെക്രട്ടറിമാരുടെ യോഗത്തിലും തീരുമാനിച്ചിരുന്നു. എന്നാൽ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട നോട്ടിൽ ഇത്തരത്തിലുള്ള കാരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. നിയമ മന്ത്രാലയത്തിന്റെ നിലപാട് ചട്ട വിരുദ്ധമാണെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാര്യ പ്രതികരിച്ചു. ആഭ്യന്തരം, ന്യൂനപക്ഷകാര്യം, വനിതാ ശിശുക്ഷേമം എന്നീ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ ഇല്ലാതെയാണ് ബിൽ പാസാക്കിയതെങ്കിൽ അത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.