Web Desk

കൊച്ചി

January 11, 2020, 8:10 pm

ഉടമസ്ഥരില്ലാത്ത ഫ്ലാറ്റുകൾ പൊളിക്കലിനുശേഷവും ദുരൂഹത നീങ്ങുന്നില്ല

Janayugom Online

ഇന്ന് പൊളിച്ചതും നാളെ പൊളിക്കാനുള്ളതുമായ ഫ്ലാറ്റിൽ ഉടമസ്ഥരില്ലാത്ത 50 ഫ്ളാറ്റുകൾ സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല .ഇന്ന് ആദ്യം പൊളിച്ച എച്ച്.ടു.ഒ ഫ്ലാറ്റിലാണ് കൂടുതൽ ഉടമകൾ ഇല്ലാത്ത ഫ്ലാറ്റുകൾ ഉണ്ടായിരുന്നത് .ഇത്തരം ഫ്ലാറ്റുകളിൽ ചിലത് ഉടമ കൈവശം വെച്ച് കയർടേക്കറെ കൊണ്ട് വാടകയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകൾ സംബന്ധിച്ച ദുരൂഹത നിലനിൽക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു .

ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകൾ പരിശോധിച്ച വിദഗ്‌ദ സമിതിയ്ക്ക് 12 ഓളം ഫ്ളാറ്റുകൾക്കു നഷ്ടപരിഹാരം നൽകാനുള്ള അർഹത പോലും ഇല്ലെന്നു കണ്ടെത്തിയിരുന്നു. ഇന്ന് പൊളിച്ച ഫ്ലാറ്റുകളിൽ ദിവസ വാടകയ്ക്ക് വിദേശികളെയടക്കം താമസിപ്പിക്കുകയായിരുന്നു പതിവ് . ഉടമസ്ഥരുടെ പേരിലുണ്ടായിരുന്ന ഫ്ളാറ്റിൽ നിന്നുള്ള വരുമാനം ചില രാഷ്ട്രീയ നേതാക്കൾക്ക് നല്കുകയായിരുന്നുവെന്ന മൊഴി വിജിലൻസിന് ലഭിച്ചിട്ടുണ്ട് ‚തൊട്ടടുത്തുള്ള പഞ്ചനക്ഷത്ര ആശുപത്രിയിൽ എത്തിയിരുന്ന വിദേശികൾക്കായി ഒരു ഡസനിലധികം ഫ്ളാറ്റുകളാണ് വാടകയ്ക്കായി നീക്കി വെച്ചിരുന്നത് .ആശുപത്രിയിൽ ചികിത്സാസംബന്ധമായ രേഖകൾ ഉണ്ടെങ്കിലും പോലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച രേഖകൾ ഇല്ല .

നാളെ പൊളിക്കുന്ന ജെയിൻ ഫ്ലാറ്റ് സമുച്ചയത്തിൽ വെള്ളത്തിന്റെ കണക്ഷൻ എടുക്കാൻ നൽകിയിട്ടുള്ള കെട്ടിട നമ്പർ ഒന്നാണെന്നും കണ്ടെത്തിയിരുന്നു .ഫ്ലാറ്റ് നിർമ്മാണം സംബന്ധിച്ച ക്ര മക്കേടുകൾ മുൻനിർത്തി ഉദ്യോഗസ്ഥ തലത്തിലെ ഏതാനും അറസ്റ്റുകൾ നടന്നെങ്കിലും അന്വേഷണം നിലച്ച മട്ടാണ് .എന്നാൽ ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകാതിരുന്നത് സംബന്ധിച്ചു ആദായനികുതി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുണ്ട്. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ഒരാൾ കുറഞ്ഞ കാലയളവിൽ വലിയ ഫ്ളാറ്റ് സമുച്ചയം നിർമിക്കുകയും വലിയ തോതിൽ ധനമിടപാട് നടത്തുകയും ചെയ്‌തത് സംബന്ധിച്ചു അന്വേഷണം ചെന്നെത്തുന്നത് ഒരു കോൺഗ്രസ് നേതാവിലേക്കാണ്. എണ്ണ പൈപ്പ് ലൈനുകൾ അടക്കം കടന്നുപോകുന്ന വഴിയിൽ എല്ലാത്തരത്തിലുള്ള അനുമതികളും നേടിയെടുത്തതിന് പിന്നിലും ഈ സ്വാധീനമാണ്. പ്രാദേശീക നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഫ്‌ളാറ്റിനെതിരെ ഉയർന്നുവന്ന എതിർപ്പുകൾ ഇല്ലാതാവുകയായിരുന്നു. ഫ്ലാറ്റ് നിർമാണത്തിലെ ക്രമകേട് സംബന്ധിച്ചു സി ബി ഐ അന്വേഷണം ആവശ്യപെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ ഏതാനും ചെറുപ്പക്കാർ ..

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം ഭാഗമായി ലോകമാകെ നേരിടുന്ന പ്രശ്നങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സുപ്രീംകോടതി വിധിയുണ്ടായത്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിടസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാതെയുള്ള ഒരു പരിഹാരത്തിനും കോടതി തയ്യാറായില്ല.

2019 മെയ് എട്ടിലെ സുപ്രീംകോടതി വിധിക്കുശേഷം ഫ്‌ളാറ്റ് ഉടമകള്‍ ഉള്‍പ്പെടെ വിവിധ ഹര്‍ജിയുമായി സമീപിച്ചെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറിയെ കോടതിയിൽ വിളിച്ചുവരുത്തിയ സന്ദര്‍ഭം പോലുമുണ്ടായി.

കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശത്തിലും നിര്മാണത്തിലുമുള്ള അവ്യക്തതകളും കള്ളക്കളിയും പുറത്തു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ സ്ഫോടനം കാണാ നെത്തിയവർ എല്ലാം തന്നെ പ്രതികരിച്ചത്.

Eng­lish sum­ma­ry: The mys­tery does not move even after the demo­li­tion of the own­ers’ flats