എം സങ്

February 02, 2020, 4:38 am

മരണത്തിന്റെ പേര്

Janayugom Online

ഇന്നലെ

മരണത്തിന്

ഞാനൊരു പേരിട്ടു

വ്യാകരണവും അർത്ഥവുമില്ലാതെ.

വേരറ്റ ഭൂമിയുടെ നേരായിരുന്നില്ല നൂലു പൊട്ടിപ്പോയ ആകാശത്തിന്റെ അതിരായിരുന്നില്ല.

അനാഥനായവന്റെ അടങ്ങാത്ത ദു:ഖവുമായിരുന്നില്ല,

പിന്നെയും എന്തായിരുന്നു എന്ന ചോദ്യം വല്ലാതെ നിറയുന്നു.

പ്രിയരേ,

ഈ സംഭാഷണം അവസാനിക്കുമ്പോൾ

നമ്മളിൽ ആരൊക്കെ ബാക്കി ഉണ്ടാകുമെന്ന് എനിക്കല്ല നിങ്ങൾക്കും അറിയില്ല.

പക്ഷേ,

ഭാഷയുടെ പാഠഭേദമനുസരിച്ച് ഈ പ്രശ്നത്തെ ലഘൂകരിച്ചു കാണാൻ കഴിയില്ല.

ആകയാൽ

മരണത്തിന് ഞാനിട്ടപേരുകൾ

abcd

എന്ന ഓപ്ക്ഷൻതന്ന് പരിഹരിക്കാൻ

ഞാൻ KPSC അല്ല അതിനാൽ മുഖാമുഖം ചർച്ച ചെയ്യാൻ..

അതായത്

നേർ മോന്തയ്ക്കായ് നിങ്ങൾ ഞാൻ കിടക്കുന്ന ഈ ആശുപത്രിയിൽ വരാം

കാലിലെ ചങ്ങല കണ്ട് പേടിക്കണ്ട

ഇത്

ആർക്കും അഴിച്ചുമാറ്റാം

പക്ഷേ

നിങ്ങളെ കെട്ടിയ ചങ്ങലകൾക്ക് താക്കോലുകൾ ഇല്ലാതെ പോയി.

എങ്കിലും വരിക

ഇത്തിരി നേരം വർത്താനം പറഞ്ഞിരിക്കാം.

എനിക്കറിയില്ല എന്റെ പേര് നിന്റെ പേര്,

എന്നിട്ടുമിന്നലെ മരണത്തിന് ഞാനൊരു പേരിട്ടു.

ആ.… കാലു വയ്യാത്ത കുട്ടിയെന്തിനാ സ്നേഹം സ്നേഹം എന്ന് വിളിച്ചുകൂവുന്നത്?