ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ പേരുകള്‍

Web Desk
Posted on September 01, 2018, 10:55 pm

ഗിരീഷ് അത്തിലാട്ട്

ജീവനും ജീവിതവും എല്ലാം മറന്ന്, നാടിനുവേണ്ടി പോരാട്ടത്തിനിറങ്ങിയവരുടെ ത്യാഗോജ്ജ്വല ചരിത്രം ആവേശമായി ഉള്ളില്‍ കൊണ്ട് നടക്കുമ്പോഴും നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുടെയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പോരാട്ടങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി ജീവിതം മുഴുവന്‍ കഷ്ടപ്പാടുകള്‍ സഹിച്ച കുടുംബാംഗങ്ങളെ. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലും പോരാളികള്‍ക്ക് ഉറച്ച പിന്തുണയുമായി നിന്നിരുന്ന അങ്ങനെയുള്ള നിരവധി പേരില്‍ ഒരാളായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ ഗൗരി എന്ന അമ്മാളു അമ്മ. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന നണിയൂരിലെ പരേതനായ ഇ കുഞ്ഞിരാമന്‍നായരുടെ പത്‌നി. ഒളിവിലും തടവറകളിലും കഴിയുന്ന നേതാക്കളോട് പരിഭവമോ പരാതികളോ ഇല്ലാതെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും താങ്ങും തണലുമായി കഴിഞ്ഞിരുന്ന നിരവധി പേരിലൊരാള്‍.
1944ലാണ് പതിനാറുകാരിയായ അമ്മാളുഅമ്മയെ കുഞ്ഞിരാമന്‍നായര്‍ വിവാഹം കഴിക്കുന്നത്. സുകുമാര്‍ അഴീക്കോടിന്റെ സഹപാഠി കൂടിയായിരുന്ന, അഴീക്കോട് മൈലാടത്തടം പ്രദേശത്തുനിന്ന്, കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന് രൂപം കൊടുത്ത നാട്ടിലേക്ക്, നണിയൂരിലേക്ക്, എത്തുമ്പോള്‍ ഗൗരി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ജീവിതം ഇത്രയും സംഭവബഹുലമാകുമെന്ന്.
കര്‍ഷകപ്രസ്ഥാനത്തിന്റെ യോഗങ്ങളും അതിലെ ചര്‍ച്ചകളുമെല്ലാം വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. ടി സി നാരായണന്‍ നമ്പ്യാരും വിഷ്ണുഭാരതീയനും കേരളീയനുമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ സഹപ്രവര്‍ത്തകനായിരുന്നു കുഞ്ഞിരാമന്‍നായര്‍.
തുടര്‍ന്ന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും ഭാഗമായി മാറി ഗൗരി. യോഗങ്ങളില്‍ പങ്കെടുക്കുന്നതിനോടൊപ്പം തന്നെ അംഗങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിലും അവരുടെ ശ്രദ്ധയുണ്ടായിരുന്നു. അക്കാലത്ത് കര്‍ഷകസംഘം യോഗങ്ങള്‍ക്ക് ശേഷം നാട്ടിലെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന പൂരക്കളിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണമുള്‍പ്പെടെ തയാറാക്കി നല്‍കിയിരുന്നതും ഗൗരിയുടെ നേതൃത്വത്തിലായിരുന്നു. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മറന്നും കര്‍ഷകപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ കാലത്ത് കുഞ്ഞിരാമന്‍നായരോടൊപ്പം ഗൗരി ഉറച്ചുനിന്നു.
അധ്യാപകനായിരുന്ന കുഞ്ഞിരാമന്‍ നായരെ, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോഴും തുടര്‍ന്ന് ബഹുജനപ്രക്ഷോഭത്തിന് ശേഷം തിരിച്ചുകിട്ടിയ ജോലി ഇനി തനിക്ക് വേണ്ടെന്ന് പറഞ്ഞ് രാജിവച്ച് ഇറങ്ങിവന്നപ്പോഴും ഒരു എതിര്‍പ്പും പറയാതെ പിന്തുണ നല്‍കുകയാണ് ഗൗരി ചെയ്തത്. നാടിനുവേണ്ടിയുള്ള സമരത്തില്‍ തുടര്‍ന്ന് പല തവണ ഭര്‍ത്താവ് തടവറയിലും ഒളിവിലും കഴിഞ്ഞപ്പോഴൊക്കെ ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ കുടുംബത്തിന്റെ ചുമടും താങ്ങി അവര്‍ നടന്നു.
48ല്‍ പാര്‍ട്ടി നിരോധനത്തിന്റെ കാലത്തായിരുന്നു ഏറ്റവും വലിയ പരീക്ഷണഘട്ടങ്ങള്‍. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വേണ്ടി ദിവസങ്ങളോളം വീടുവിട്ട് നില്‍ക്കുമ്പോഴും തളരാതെ ഒമ്പത് മക്കളെയും ചിറകിനടിയില്‍ ഗൗരി ചേര്‍ത്തുനിര്‍ത്തി; പരാതികളില്ലാതെ. മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ അതിക്രമങ്ങളുടെ നാളുകളിലും പിടിച്ചുനില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ നല്‍കിയ കരുത്ത് ഗൗരിക്ക് തുണയായി. കുഞ്ഞിരാമന്‍നായരെ അന്വേഷിച്ചെത്തുന്ന എംഎസ്പിക്കാര്‍ വീടു മുഴുവന്‍ കയറിയിറങ്ങും. ചോറ് വച്ച കലം തല്ലിയുടയ്ക്കും. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുള്ള സാധനങ്ങള്‍ മുഴുവന്‍ നശിപ്പിക്കും. ഒന്നോ രണ്ടോ തവണയല്ല, പലതവണ ആവര്‍ത്തിക്കപ്പെട്ട സംഭവങ്ങള്‍. ഒടുവില്‍ അമ്മാവന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ, എംഎസ്പിക്കാരുടെ കയ്യിലകപ്പെട്ട ഭര്‍ത്താവിനെ മുകളില്‍ നിന്ന് വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ കാണേണ്ടിവന്നു. ഇതേ കാലത്തായിരുന്നു എകെജിയും കേരളീയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുഞ്ഞിരാമന്‍നായരുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചത്. അവര്‍ക്ക് ഭക്ഷണം നല്‍കുകയും എംഎസ്പിക്കാരുടെ കയ്യിലകപ്പെടാതെ സംരക്ഷിക്കുകയും ചെയ്ത് കുടുംബത്തോടൊപ്പം അമ്മാളുവും മുന്നില്‍ നിന്നു.


രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവും ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത്. ഇന്ന് സ്വന്തം കെട്ടിടത്തില്‍ കരിങ്കല്‍ക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന നണിയൂരിലെ വിദ്യാഭിവര്‍ധിനി വായനശാലയുടെ തുടക്കം കുഞ്ഞിരാമന്‍നായരുടെ വീട്ടുമുറ്റത്തായിരുന്നു. വായനശാലയില്‍ പത്രം വായിക്കാന്‍ എത്തുന്ന ആളുകളും അവരുടെ ചര്‍ച്ചകളുമെല്ലാം ഉള്‍പ്പെട്ടതായിരുന്നു അക്കാലത്ത് ഗൗരിയുടെ വീട്ടുകാര്യങ്ങളും. പിന്നീട് മക്കളെല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി തന്നെ നിര്‍ത്താനും സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സജീവസാന്നിദ്ധ്യമാകുന്നതിനും വീട്ടിലെ അന്തരീക്ഷവും ഗൗരി എന്ന മാതാവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പെണ്‍മക്കളുള്‍പ്പെടെ, കുഞ്ഞിരാമന്‍നായരുടെയും ഗൗരിയുടെയും ഒമ്പത് മക്കളില്‍ എല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. എഐവൈഎഫിന്റെ തളിപ്പറമ്പ് മേഖലയിലെ ആദ്യകാല നേതാവും ഇപ്പോള്‍ കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയുമായ വിജയന്‍ നണിയൂരും, സിപിഐയുടെ കൊളച്ചേരി ലോക്കല്‍ സെക്രട്ടറിയായ പി രവീന്ദ്രനും പാര്‍ട്ടി മെമ്പറും സജീവപ്രവര്‍ത്തകനുമായ അശോകനുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാണിപ്പോഴും. മകളുടെ മകനായ അഡ്വ. പി അജയകുമാര്‍ എഐവൈഎഫിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോള്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവുമാണ്.
പെണ്‍മക്കളില്‍ പലരും ജീവിതത്തിരക്കുകള്‍ കാരണം പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും പാര്‍ട്ടിയോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ നില്‍ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിച്ച, സംരക്ഷിച്ച, വളര്‍ത്തിയ കുഞ്ഞിരാമന്‍നായരുടെയും ഗൗരിയുടെയും മക്കളും ചെറുമക്കളുമെല്ലാം പാര്‍ട്ടിയെ ഇന്നും ജീവനോളം സ്‌നേഹിക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് വേറെയെങ്ങും പോകേണ്ടതില്ലല്ലോ.
ഒരു നാട് ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കാലത്ത്, നാമറിയാത്ത പലരുമുണ്ടായിരുന്നു ഗൗരിയെപ്പോലെ. ഭയവും മാനസിക സമ്മര്‍ദങ്ങളുംകൊണ്ട് പതറിപ്പോകാവുന്ന പല സന്ദര്‍ഭങ്ങളുണ്ടായിട്ടും തളരാതെ നിന്ന പലര്‍. ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഏടുകള്‍.