25 July 2024, Thursday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ സങ്കുചിത നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

Janayugom Webdesk
June 29, 2022 10:47 pm

കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിന്റെ സങ്കുചിത നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് ആരുമെത്തിയില്ലെന്നാരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തങ്ങളുടെ ഇടുങ്ങിയ ചിന്താഗതി തുറന്നുകാട്ടിയത്. മുഴുവന്‍ വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാവുന്ന ഏക സംസ്ഥാനമായി കേരളം ഉയര്‍ന്നുനില്‍ക്കുമ്പോഴാണ്, ഐക്യത്തില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്താന്‍ ബിജെപി മനസുള്ള ചില കോണ്‍ഗ്രസുകാരുടെ ശ്രമമുണ്ടായത്. 

നരേന്ദ്രമോഡിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നായിരുന്നു കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. സ്വർണക്കള്ളക്കടത്ത് കേസ് ഒത്തുതീർപ്പിന്റെ ഭാഗമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സിപിഐ(എം) മോഡിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു. വര്‍ഗീയതയ്ക്കെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ പാര്‍ട്ടികളെ അനാവശ്യ വിഷയങ്ങളുണ്ടാക്കി, വ്യാജ ആരോപണങ്ങള്‍ വഴി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ ശൈലിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നു. അതിനിടെ, യശ്വന്ത് സിന്‍ഹ തന്നെ ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ പ്രശംസിച്ച് രംഗത്തെത്തിയത് സുധാകരനും അനുകൂലികള്‍ക്കും തിരിച്ചടിയായി.
വളരെ നല്ല കൂടിക്കാഴ്ചയാണ് എല്‍ഡിഎഫ് നേതാക്കളുമായും നിയമസഭാംഗങ്ങളുമായും ഉണ്ടായതെന്നും മുഖ്യമന്ത്രി പൂര്‍ണമായ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. മറ്റൊരു രീതിയില്‍ ചിന്തിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സിന്‍ഹ വ്യക്തമാക്കിയത് സങ്കുചിത രാഷ്ട്രീയത്തിനുള്ള കനത്ത അടിയായി. 

യശ്വന്ത് സിന്‍ഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പി രാജീവായിരുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മികച്ച രീതിയിലാണ് സജ്ജീകരിച്ചത്. നൂറ് ശതമാനം വോട്ടുകളും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും മറ്റ് മന്ത്രിമാരുള്‍പ്പെടെ ഇടപെട്ടിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയനിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല, മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണെന്നും പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോഡിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയാറാകാത്തതെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

Eng­lish Summary:The nar­row stance of the Con­gress is being dis­cussed again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.