26 March 2024, Tuesday

Related news

March 25, 2024
March 4, 2024
March 3, 2024
February 27, 2024
February 26, 2024
February 25, 2024
February 11, 2024
January 30, 2024
January 28, 2024
January 27, 2024

ഭരണഘടനയിലെ റിപ്പബ്ലിക്കും മോഡിയുടെ ഇന്ത്യയും

ഡി രാജ
January 26, 2023 4:30 am

1950 ജനുവരി 26ന് ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത് രാജ്യത്തെ ജനങ്ങളുടെ വിമോചനയാത്രയിലെ ഏറ്റവും വലിയ ചരിത്രമായിരുന്നു. കൊളോണിയൽ വാഴ്ചയില്‍ നിന്ന് മോചിതരായതോടെ, സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിക്കുമ്പോള്‍ ലക്ഷ്യമാക്കിയിരുന്ന നവസമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയാണം രാജ്യം ആരംഭിച്ചു. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു ആ സമൂഹം. വിശാലമായ രാജ്യത്തെ വ്യത്യസ്തമായ നിലകളിലുള്ള പൗരന്മാർക്കിടയിൽ രാഷ്ട്രീയ സമത്വം സ്ഥാപിക്കുകയും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സംരക്ഷണം നല്കുകയും ചെയ്തുകൊണ്ടുള്ള ഭരണഘടനയുടെ നിർമ്മാണം തന്നെ വലിയ നേട്ടമായിരുന്നു. രാഷ്ട്രീയ സമത്വത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സാമൂഹികവും സാമ്പത്തികവുമായ സമത്വം നേടുക എന്ന മഹത്തായ ദൗത്യം ഭരണഘടന രാഷ്ട്രത്തിന് മുന്നിൽ വച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ, ഭരണഘടനയെ നിരന്തരം അവഹേളിക്കുകയും സമത്വത്തെ നിരസിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭരണത്തിനുകീഴിൽ ഭരണഘടനയുടെ ലക്ഷ്യങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 സമത്വത്തെ സമൂഹത്തിന്റെ ആണിക്കല്ലായി നിശ്ചയിച്ചു. നിയമത്തിനു മുമ്പിൽ സമത്വം അഥവാ തുല്യ നിയമസംരക്ഷണം ഉറപ്പുനൽകുന്ന മൗലികാവകാശമാക്കി. മതം, ജാതി, വർഗം, ലിംഗം, ഭാഷ, പ്രദേശം എന്നിവയുടെ പേരിലുള്ള വിഭജനത്തെ ഇല്ലാതാക്കി. എന്നാല്‍ വര്‍ത്തമാനകാലത്ത് ഇത് സത്യമാകുന്നുണ്ടോ? സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് സമത്വമോ നിയമത്തിന്റെ തുല്യപരിരക്ഷയോ ആസൂത്രിതമായി നിഷേധിക്കുകയാണ് മോഡി ഭരണം.

ഒരു മതത്തോട് പരസ്യമായി വിവേചനം കാണിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വം നല്കുന്നതിനുള്ള മാനദണ്ഡമായി മതത്തെ അവതരിപ്പിച്ച പൗരത്വ (ഭേദഗതി) നിയമം. ആർഎസ്എസ് മേധാവിയായിരുന്ന മാധവ് സദാശിവറാവു ഗോൾവാൾക്കർ ഭരണഘടനയെക്കുറിച്ച് പറഞ്ഞത്- ‘നമ്മുടെ ഭരണഘടനയുടെ നിർമ്മാതാക്കള്‍ ഏകരാഷ്ട്ര സിദ്ധാന്തത്തിൽ ഉറച്ചുനിന്നിട്ടില്ല’ എന്നായിരുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ മറ്റൊരു രൂപമായ ഈ ‘ഏക ദേശീയത’ സ്ഥാപിക്കാനാണ് ആർഎസ്എസ്-ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. ഈ പ്രക്രിയയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ പ്രയത്നങ്ങളെയും സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന രീതിയില്‍ രാഷ്ട്രീയ സമത്വമെന്ന ആദർശത്തെ വെട്ടിമുറിക്കുകയുമാണ്. ഭരണഘടനയുടെ കരട് ചര്‍ച്ചചെയ്യുമ്പോൾത്തന്നെ ഡോ. അംബേദ്കർ ഭാവി റിപ്പബ്ലിക്കിലുണ്ടാകാവുന്ന വൈരുധ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1950 ജനുവരി 26ന് ശേഷം രാഷ്ട്രീയത്തിൽ തുല്യതയും സാമൂഹികവും സാമ്പത്തികവുമായി അസമത്വവും ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരാൾക്ക് ഒരു വോട്ട് എന്ന രാഷ്ട്രീയ ജനാധിപത്യവും സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യവും തമ്മിലുള്ള അന്തരം ഡോ. അംബേദ്കറെ വിഷമിപ്പിച്ചിരുന്നു. ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനവും സാമ്പത്തിക അസമത്വവും അംബേദ്കറെ അസ്വസ്ഥപ്പെടുത്തുമ്പോള്‍ ആർഎസ്എസാകട്ടെ മറുവശത്ത്, തൊഴിലാളികളെ അടിമത്തത്തിലേക്കും സ്ത്രീകളെ വീട്ടിനുള്ളിലേക്കും ഒതുക്കിനിർത്തുന്ന ചാതുർവർണ്യ സമ്പ്രദായം ഉയർത്തിപ്പിടിച്ചു. നിലവിലെ ആർഎസ്എസ്-ബിജെപി ഭരണത്തിന് കീഴിൽ സാമ്പത്തിക അസമത്വവും സമ്പത്തിന്റെ കേന്ദ്രീകരണവും ക്രമാതീതമായി വളർന്നു. സ്വാതന്ത്ര്യസമര സേനാനികൾക്ക് വഴികാട്ടിയായിരുന്ന സാമൂഹിക‑സാമ്പത്തിക സമത്വമെന്ന ആദർശം ഹിന്ദുത്വ മുതലാളിത്തത്തിന് കീഴിൽ ദുര്‍ബലപ്പെട്ടു.


ഇതുകൂടി വായിക്കൂ:  കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല


ഇന്ത്യയെപ്പോലെ മഹത്തായ പാരമ്പര്യമുള്ള രാജ്യത്തിന് ഭരണഘടന സുശക്തമായ മാർഗരേഖയാണ് നല്കിയത്. ഭരണഘടനാ അസംബ്ലി ഈ വ്യവസ്ഥകളെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്യുകയും ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യത്തോട് സംവേദനക്ഷമതയുള്ള രാജ്യത്തിനു വേണ്ടി ഒരു ഫെഡറൽ സംവിധാനം വിഭാവനം ചെയ്യുകയും ചെയ്തു. പക്ഷേ ആർഎസ്എസ് എ‌പ്പോഴും പരസ്പരഐക്യത്തിന് പകരം ഏകശിലാത്മക രാജ്യമാണ് കാത്തിരിക്കുന്നത്. ജനങ്ങള്‍ തമ്മിലുള്ള ഐക്യം വൈവിധ്യത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യും. സ്വാതന്ത്ര്യസമരകാലത്ത്, കൊളോണിയൽവിരുദ്ധ ദേശീയത വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ രാജ്യത്തിന്റെ മോചനമെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. ഭാഷ, വിശ്വാസം, വസ്ത്രധാരണം, ഭക്ഷണശീലം തുടങ്ങിയ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആർഎസ്എസിന് നാനാത്വത്തിൽ ഏകത്വം സഹിക്കില്ല. അതുകൊണ്ട് ഫെഡറൽ സംവിധാനം ആർഎസ്എസ്-ബിജെപി ഭരണത്തിന് ദഹിക്കില്ല. ഇത് ഭരണസംവിധാനങ്ങളിലെ കടന്നുകയറ്റത്തിന് കാരണമായി. സര്‍ക്കാരിന്റെ ഘടകങ്ങളായ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ തമ്മിലുള്ള അധികാര വിഭജനവും ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. പാർലമെന്റിനെ നോക്കുകുത്തിയാക്കാനും എക്സിക്യൂട്ടീവിനെ ഏകാധിപത്യത്തിലേക്കും ജുഡീഷ്യറിയെ വിധേയത്വത്തിലേക്കും മാറ്റാനുമാണവരുടെ ശ്രമം. ആർഎസ്എസ്-ബിജെപി ഭരണത്തിന്റ ഈ രീതി ഭരണഘടനയ്ക്ക് തികച്ചും എതിരാണ്. രാജ്യത്തിനാകെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായാണ് പ്രഖ്യാപിക്കുന്നത്. മോഡിയുടെ ഇന്ത്യയാകട്ടെ ഈ സ്വഭാവങ്ങളൊന്നുമല്ല അവതരിപ്പിക്കുന്നത്. അമേരിക്കന്‍ നേതൃത്വത്തിലുള്ള ആഗോളക്രമത്തിന് വിധേയമായി രാജ്യത്തിന്റെ പരമാധികാരം ദുര്‍ബലപ്പെടുത്തുകയാണവര്‍. രാജ്യത്തുണ്ടായിരുന്ന പ്രാതിനിധ്യസ്വഭാവം, സാമൂഹിക നീതി, ശക്തമായ പൊതുമേഖല തുടങ്ങിയ സോഷ്യലിസ്റ്റ് സ്വഭാവവിശേഷങ്ങൾ മായ്ച്ചുകളയുകയാണ്.

മതേതരത്വത്തിന് പകരം ഒരു പ്രത്യേക മതത്തിന് ഔദ്യോഗിക പദവി നൽകപ്പെടുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്തയായ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം തുടങ്ങിയ സുപ്രധാനമായ കാര്യങ്ങൾ ഇല്ലാതാക്കുന്നു. ഡോ. അംബേദ്കർ പറഞ്ഞിട്ടുണ്ട്-‘ജനാധിപത്യം കേവലം ഒരു ഭരണകൂട രൂപമല്ല, അത് പ്രാഥമികമായ ജീവിതരീതിയാണ്’ എന്ന്. അടിസ്ഥാനപരമായി സഹജീവികളോട് ബഹുമാനമുള്ള ഒരു മനോഭാവമാണത്. മോഡി ഭരണത്തിന്‍കീഴിൽ, പരസ്പര ബഹുമാനത്തിന് പകരം വിദ്വേഷപ്രചരണം കൊണ്ട് വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ റിപ്പബ്ലിക്ക് സംരക്ഷിച്ചു നിലനിര്‍ത്താന്‍ ശക്തമായ ഐക്യം അനിവാര്യമാണ്. ഏകാത്മകവും സ്വേച്ഛാധിപത്യപരവുമായ ഇന്ത്യ എന്ന ആശയത്തെ തോല്‍പ്പിക്കാനുള്ള നിര കെട്ടിപ്പടുക്കേണ്ടതുണ്ട്. 1950 ജനുവരി 26ന് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ നാം വിഭാവനം ചെയ്ത സാഹോദര്യവും സമത്വവും നീതിയും നിലനിൽക്കണമെങ്കിൽ ഹിന്ദുത്വ മുതലാളിത്തത്തെ പരാജയപ്പെടുത്തണം. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ മുതലാളിത്തം ഇല്ലാതാവുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.