Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
മുഖപ്രസംഗം

June 14, 2021, 5:46 am

ദേശീയ പ്രക്ഷോഭം നിലനില്പിനായുള്ള പോരാട്ടം

Janayugom Online

പെട്രോളിയം ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കോവിഡ് മഹാമാരിയില്‍പ്പെട്ട് ഉഴലുന്ന ജനജീവിതത്തെ ദുര്‍വഹമായ സാമ്പത്തികഭാരത്തിലേക്കും പട്ടിണിയടക്കം കൊടിയ ദുരിതത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. നാലുസംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മരവിപ്പിച്ചിരുന്ന പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഓയില്‍ വിപണന കമ്പനികള്‍ ദിനംപ്രതിയെന്നോണം കുത്തനെ ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. മെയ് രണ്ടു മുതല്‍ ഇതിനകം 23 തവണകളായി ഉയര്‍ത്തിയ വില രാജ്യത്തിന്റെ പലഭാഗങ്ങളിലും നൂറുരൂപയില്‍ അധികമായി. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവ് സ്വാഭാവികമായും ചരക്കുനീക്കം കൂടുതല്‍ ചെലവേറിയതാക്കി. അത് അവശ്യ ഭക്ഷ്യവസ്തുക്കളടക്കം ഉപഭോഗവസ്തുക്കളുടെ വിലക്കയറ്റത്തിനും ദൗര്‍ലഭ്യത്തിനും പൂഴ്ത്തിവയ്പിനും വഴിതെളിച്ചു. ഭക്ഷ്യവസ്തുക്കളുടെ മൊത്തവിലയില്‍ത്തന്നെ അഞ്ച് ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ചില്ലറ വില്പന വില ഉപഭോക്താക്കള്‍ക്ക് ദുസഹമാംവിധം ഉയര്‍ന്നിരിക്കുന്നു. മറ്റ് പ്രാഥമിക ഉല്പന്നങ്ങളുടെയും നിര്‍മ്മിത വസ്തുക്കളുടെയും വില സമാന്തരമായി ഉയര്‍ന്നത് ഉപഭോക്താക്കളെ വീര്‍പ്പുമുട്ടിക്കുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഭരണപിന്തുണയോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും അരങ്ങുതകര്‍ക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവും കോവിഡ് മഹാമാരിയുടെ അന്തരീക്ഷവും രാജ്യത്ത് ആഴമേറിയ സാമ്പത്തിക മാന്ദ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാര്‍വത്രികമായ തൊഴില്‍രാഹിത്യം ജനങ്ങളെ പാപ്പരാക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ്. അവശ്യ ഔഷധങ്ങള്‍പോലും വിലക്കയറ്റത്തിന്റെ പിടിയിലായത് ജനങ്ങളുടെ ജീവനെയും നിലനില്പിനെയും അപകടത്തിലാക്കിയിരിക്കുന്നു. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാന്‍ പര്യാപ്തമായ നടപടികള്‍ക്ക് നരേന്ദ്രമോഡി സര്‍ക്കാര്‍ വിസമ്മതിക്കുന്നു.

എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച് കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിന് ജനങ്ങളെ എറിഞ്ഞുകൊടുത്ത ഭരണകൂടം വെെകി പ്രഖ്യാപിച്ച ആശ്വാസനടപടികള്‍ മഹാദുരിതത്തെ നേരിടാന്‍ അപര്യാപ്തമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്ന മുറവിളികളുടെയും രൂക്ഷവിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യ ഭക്ഷ്യധാന്യം പട്ടിണി അകറ്റാന്‍ മതിയാവില്ല. ഓരോ വ്യക്തിക്കും 10 കിലോ ഭക്ഷ്യധാന്യവും കുടുംബങ്ങള്‍ക്ക് 7500രൂപ പണമായും നല്‍കണമെന്ന ആവശ്യം മഹാമാരിയുടെ ഒന്നാം തരംഗത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. കൂടുതല്‍ രൂക്ഷമായ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ആറ് മാസക്കാലത്തേക്ക് മേല്‍പ്പറഞ്ഞ തോതില്‍ സഹായം നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം കര്‍ക്കശമായി പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന മഹാഭൂരിപക്ഷത്തിനും പട്ടിണിയകറ്റാനും ജീവന്‍ നിലനിര്‍ത്താനും മറ്റുമാര്‍ഗങ്ങള്‍ ഇല്ല. അത്തരം സഹായത്തോടൊപ്പം പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഗണ്യമായി കുറയ്ക്കാനും ഔഷധങ്ങളുടെയും ഭക്ഷ്യധാന്യങ്ങളടക്കം അവശ്യവസ്തുക്കളുടെയും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനും കര്‍‌ക്കശവും അടിയന്തരവുമായ നടപടികള്‍ കൂടിയേതീരൂ. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന ഭയത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ എല്ലാംസഹിച്ച് നിശബ്ദരായി ഇരുന്നുകൊള്ളുമെന്ന് കരുതുന്നത് ഭരണകൂട മൗഢ്യമാണ്. അഭൂതപൂര്‍വമായ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭരണകൂടത്തോട് സഹകരിച്ച് മുന്നോട്ടുപോകുന്ന ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആത്മസംയമനത്തെ ഭരണകൂടം ദൗര്‍ബല്യമായി കണക്കാക്കിക്കൂട.

പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിനംപ്രതി ഉയര്‍ത്തിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പും അരങ്ങുവാഴാന്‍ അനുവദിച്ചും തുടരുന്ന ഭരണകൂട ക്രൂരതയ്ക്കെതിരെ നിശബ്ദരായിരിക്കാന്‍ ഇനിയും ജനങ്ങള്‍ക്കാവില്ല. ഈ പശ്ചാത്തലത്തിലാണ് മെയ് 16 മുതല്‍ 30 വരെ പെട്രോളിയം വിലവര്‍ധനവിനെതിരെയും ഔഷധങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിലനിയന്ത്രണം ആവശ്യപ്പെ‍ട്ടും അഞ്ചു ഇടതുപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ഈ പ്രക്ഷോഭം വിജയിപ്പിക്കേണ്ടത് നിലനില്പിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ‍