June 7, 2023 Wednesday

ദേശീയ പൗരത്വ രജിസ്റ്റർ: മറ്റൊരു സാമ്പത്തിക ദുരന്തം

Janayugom Webdesk
December 12, 2019 10:19 pm

അമിത് ശ്രീവാസ്തവ

കഴിഞ്ഞ കുറേ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനുള്ള നിയമഭേദഗതി ലോക്‌സഭ പാസാക്കിയിരിക്കുന്നു. രാജ്യസഭ കടന്നതോടെ നിയമം പ്രാബല്യത്തിലാവും. രാജ്യത്തിന് ദുരന്തം വിതച്ച വിവിധ നടപടികളും ബിജെപി കെട്ടിയാടിയ പരിഹാസ്യ നാടകങ്ങളും ഉണ്ടായത് രാത്രിയിലായിരുന്നുവെന്നതുപോലെ ഇതുമൊരു രാത്രിയിൽ സംഭവിച്ചത് യാദൃച്ഛികവുമാവാം. ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിയമം അതിന്റെ മതേതര — ഭരണഘടനാ വിരുദ്ധ തലത്തിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ എതിർപ്പ് വിളിച്ചുവരുത്തിയിരിക്കുന്നതും. അതുകൊണ്ടുതന്നെ ഈയൊരു കുറിപ്പിൽ ആ മേഖലയെ സ്പർശിക്കാനുദ്ദേശിക്കുന്നില്ല. മറിച്ച് ഈ നിയമം, ദേശീയ മാധ്യമങ്ങളിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകടനങ്ങളിലും ഉയർന്നുവന്ന, ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലും സമ്പദ്ഘടനയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച ക്രോഡീകരണമാണ് ഉദ്ദേശിക്കുന്നത്.

ബിജെപി സർക്കാർ പ്രഖ്യാപിച്ച ഓരോ നടപടിയും രാജ്യത്തെ ബഹുഭൂരിപക്ഷത്തെ ക്യൂവിൽ നിർത്തിയവയുമായിരുന്നു. നോട്ടുനിരോധനമായാ­ലും ചരക്കുസേവന നികുതി ആയാലും ആധാർ വ്യാപകമാക്കിയതായാലും ജനങ്ങൾ ക്യൂവിൽ നിന്ന് മടുത്തിരുന്നു. കുറേയധികം പേർ അവിടെ കുഴഞ്ഞുവീണ് മരിക്കുയും ചെയ്തു. അസമിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എൻആർസിക്കായി ക്യൂവിൽ നിന്നും തടങ്കലിൽ വച്ചും മരിച്ചവരുടെ എണ്ണം ആയിരത്തിലധികമായിരുന്നു. വിലയില്ലാതായ നോട്ടുകൾ മാറ്റി വാങ്ങുന്നതിന് ക്യൂവിൽ നിന്ന് മരിച്ചവരുടെ ഔദ്യോഗിക എണ്ണം അഞ്ഞൂറിലധികമായിരുന്നുവെന്നതും ഓർക്കണം. രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക തയാറാക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ ഓ­രോ മനുഷ്യനും പലയിടങ്ങളിലാണ് ക്യൂവിൽ നിൽക്കേണ്ടി വരിക. നാലുവർഷംകൊണ്ട് ഇത് പൂർത്തിയാക്കുമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. പരമോന്നത കോടതിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച പ്രക്രിയ അസമിൽ പത്തുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. ബിജെപി സർക്കാരിന്റെ കാലത്ത് അതിന് വേഗം കൂടിയെന്നുമാത്രം.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം മാത്രമുള്ള ഇവിടെ ഇതിനായി അരലക്ഷത്തോളം ജീവനക്കാരെയാണ് നിയോഗിച്ചത്. 1,500 ഓളം കോടി രൂപയാണ് ഇതിനായി വിനിയോഗിക്കേണ്ടി വന്നത്. ഈ പശ്ചാത്തലത്തിൽ 130 കോടി ജനങ്ങളുള്ള രാജ്യത്താകെ ഈ പ്രക്രിയ നടക്കുമ്പോൾ ഉണ്ടായേക്കാവുന്ന ദുരിതങ്ങൾ കണ്ടറിയേണ്ടതാണ്. മൂന്നു ശതമാനം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് പത്തുവർഷമെടുത്ത് പൂർത്തിയാക്കിയ പ്രക്രിയ രാജ്യത്താകെ നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത, ജീവനക്കാരുടെ വിന്യാസം എന്നിവ കണക്കാക്കുക പ്രയാസകരവുമായിരിക്കും. അതുപോലെ തന്നെ നിയമം പ്രാബല്യത്തിലാവുകയും ചട്ടങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്നതോടെ ഇന്ത്യയിൽ താമസിക്കുന്ന ഓരോ വ്യക്തിയും ഇവിടെയുള്ള പൗരന്മാരാണെന്ന് തെളിയിക്കാൻ ബാധ്യതപ്പെടുന്നു. അതിന് സാധ്യമാകാത്തവരെല്ലാം അനധികൃത കുടിയേറ്റക്കാരെന്ന വിവക്ഷയുടെ പരിധിയിൽപ്പെടുകയും ചെയ്യും. അങ്ങനെ വരാതിരിക്കാനുള്ള രേഖകൾ സംഘടിപ്പിക്കുകയെന്നത് വലിയ വിഭാഗത്തിന് ബുദ്ധിമുട്ടാവുകയില്ലെങ്കിലും ന്യൂനപക്ഷത്തിന് അതൊരു കടമ്പ തന്നെയായിരിക്കും.

പ്രത്യേകിച്ച് ചട്ടങ്ങൾ കൂടി രൂപീകരിച്ച് ഏതൊക്കെ രേഖകൾ സമർപ്പിക്കണമെന്ന് വ്യക്തമാകുമ്പോഴേ ഇതുണ്ടാക്കുന്ന പ്രയാസങ്ങൾ കൃത്യമായി വിലയിരുത്താനാവുകയുള്ളൂ. കയ്യിലുള്ള രേഖകൾ മാത്രം മതിയാകുമെന്ന് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വഭാവഗുണം വച്ച് പറയാനാകുകയുമില്ല. ഏതായാലും മനുഷ്യരെല്ലാം ഒരിക്കൽകൂടി ക്യൂവിൽ നിൽക്കാനുള്ള സാധ്യതയുണ്ടാകുവാൻ പോകുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ദേശീയ പൗരത്യ രജിസ്റ്റർ എന്ന പ്രക്രിയ പൂർത്തിയാകുമ്പോഴാണ് ഇതിന്റെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ നാം നേരിടേണ്ടിവരിക. ആദ്യം പട്ടികയിൽ ഉൾപ്പെടാതെ പോകുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതുതന്നെ. അസമിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അവിടെ 19 ലക്ഷം പേരാണ് പുറത്തുനിൽക്കുന്നത്. കുറേയധികം ഹിന്ദുക്കൾ കൂടി ഉൾപ്പെട്ടതിനാൽ ഒരു അപ്പീൽ അവസരം കൂടി നൽകപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി കുറച്ചു പേർ കൂടി പട്ടികയി­ൽ­കടന്നുകൂടിയെന്നിരിക്കും, പ്രത്യേകിച്ച് ഹിന്ദുക്കൾ. അതൊഴിവാക്കിയാലും എത്രയോ ലക്ഷങ്ങൾ അനധികൃത കുടിയേറ്റക്കാരെന്നോ താമസക്കാരെന്നോ ഉള്ള പട്ടികയിലാണ് ഉൾപ്പെടുക. ഇവരെ എങ്ങോട്ടാണ് പറഞ്ഞയക്കുക, ഇവിടെ എങ്ങനെയാണ് അവരെ താമസിപ്പിക്കുക.

ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ചരിത്രത്തി­ൽനിന്ന് ലഭിക്കുന്നത് കോൺസൺട്രേഷൻ ക്യാമ്പുകളുടെ ഭീകരതയാണ്. ഇറ്റലിയിലെയും ജർമ്മനിയിലെയും മാത്രമല്ല വംശമഹിമയുടെയും വർണ്ണ മേന്മയുടെയും പേരിൽ ഇതര വിഭാഗക്കാരെയോ നിറക്കാരെയോ വേർതിരിക്കാൻ ശ്രമിച്ച എല്ലാ രാജ്യങ്ങളുടെയും പിൽക്കാല ചരിത്രത്തി­ൽ കോൺസൺട്രേഷൻ ക്യാമ്പുകളുടെ ഭീതിതമായ ഓർമ്മകൾ അവശേഷിക്കുന്നുണ്ട്. ഇ­ന്ത്യയുടെ ഭാവി ചരിത്രത്തിലും അത്തരം അനുഭവമായിരിക്കും ഉണ്ടാകുവാൻ പോകുന്നതെന്നതാണ് ഭയാനകം. അതല്ല പട്ടികയിൽപ്പെടാത്തവരെ അതാത് രാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുവാനുള്ള ശ്രമങ്ങളുണ്ടാകുമോ, ഉണ്ടായാൽ തന്നെ ആ രാജ്യങ്ങൾ അവരെ സ്വീകരിക്കുമോ. അങ്ങനെ സ്വീകരിച്ചാൽതന്നെ മതാതിഷ്ഠിത രാജ്യങ്ങൾ ഇനി മുതൽ ഇന്ത്യയിൽ നിന്ന് ഇതര മതസ്ഥരെ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാൽ ഇന്ത്യയിലെ തൊഴിൽരഹിത സമൂഹത്തിന്റെ ഭാവിക്ക് ഏതുവിധത്തിലാണ് ഭരണാധികാരികൾ പരിഹാരം ചെയ്യുക.

ഇപ്പോൾതന്നെ ലോകരാജ്യങ്ങളിൽ നിന്ന് ഈ നിയമത്തിനെതിരെ ശക്തമായ എതിർപ്പുയർന്നിരിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. ഇന്ത്യയിലെ ഭരണാധികാരികൾ ഇതര മതസ്ഥരോട് കാട്ടുന്ന സമീപനങ്ങൾ മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും ഏറ്റെടുത്താൽ പ്രതിസന്ധിയിലേയ്ക്ക് പതിച്ചിരിക്കുന്ന സമ്പദ്ഘടനയെ കൂടുതൽ അഗാധതയിലേയ്ക്ക് തള്ളിയിടുമെന്നതിൽ തർക്കമില്ല. എന്നാൽ ഇത് ആഭ്യന്തരമായുണ്ടാകുന്ന സാമ്പത്തികാഘാതം തടയാവുന്നതിലുമപ്പുറവും പ്രതീക്ഷിക്കുന്നതിനേക്കാൾ ഭീകരവുമായിരിക്കും. അസമിൽ എൻആർസിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടത് 1,200 കോടി രൂപയായിരുന്നുവെന്നതും അരലക്ഷത്തോളം ജീവനക്കാരെ അതിനുമാത്രമായി വിന്യസിക്കേണ്ടിവന്നുവെന്നതും പരിഗണിക്കുമ്പോൾ രാജ്യത്താകെ എൻആർസിയെന്നത് ലക്ഷക്കണക്കിന് കോടി രൂപ അധികച്ചെലവും ലക്ഷക്കണക്കിന് ജീവനക്കാരുടെ വിന്യാസവും വഴിമാത്രമേ പൂർത്തിയാക്കാനാകൂ എന്ന് കാണാവുന്നതാണ്. അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതായിരിക്കും. കൂടാതെ ഇത്രയധികം ജീവനക്കാരെ അത്തരം ജോലി ഏൽപ്പിക്കുമ്പോൾ ഒന്നുകിൽ സാധാരണ ഭരണ നടപടികൾ തടസപ്പെടും. അല്ലെങ്കിൽ പുതിയതായി കുറേയധികം പേ­രെ നിയോഗിക്കേണ്ടിവരും. രണ്ടായാലും അത് സമ്പദ്ഘടനയ്ക്കുണ്ടാക്കുന്ന ആ­ഘാതം പറഞ്ഞറിയിക്കാനാവാത്തതായിരിക്കും.

ഇതിന് പുറമേയാണ് എൻആർസി പൂർത്തിയായിക്കഴിഞ്ഞാലുണ്ടായേക്കാവുന്ന സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ. അനധികൃതമായിതാമസിക്കുന്നവരെ എന്തുചെയ്യുമെന്നതിന്റെ ഉത്തരം തേടുമ്പോൾ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് അവരെയെല്ലാം അതതു രാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുക. അതിന് ഇപ്പോഴത്തെ സാർവദേശീയ നിയമങ്ങൾ വച്ച് നിരവധി കടമ്പകളുണ്ട്. ഒന്നാമത്തെ പ്രശ്നം അത്തരം രാജ്യങ്ങൾ ഇവരെ സ്വീകരിക്കുമോ എന്നതാണ്. സ്വീകരിക്കുന്നില്ലെങ്കിൽ അത് അയൽരരാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുകയും ചെയ്യും. രണ്ടാമത്തെ പ്രശ്നം അങ്ങനെ സ്വീകരിക്കാതെ വരുമ്പോൾ അത്തരക്കാരെ ഇന്ത്യയിൽ തന്നെ നിലനിർത്തേണ്ടിവരും. അതിന് പുതിയ തടവറകൾ പണിയേണ്ടിവരും. അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറ്റൊരു പ്രശ്നമാണ്. ഇനി അവരെയൊന്നും തടവിലാക്കുന്നില്ലെന്നു വയ്ക്കുക. വോട്ടും സമ്പത്തുമില്ലാത്ത ഒരു വിഭാഗം ഇവിടെ അധിവസിക്കുന്നുവെന്ന് വരുമ്പോൾ അത് നമ്മുടെ തൊഴിൽ മേഖലയിൽ വലിയ അരക്ഷിതാവസ്ഥയും അസ്ഥിരാവസ്ഥയും സൃഷ്ടിക്കും.

നിയമപരമായി ചെയ്യാൻ പാടില്ലാത്ത തൊഴിൽ ചെയ്യാൻ അവർ കൂടി എത്തുമ്പോൾ ഇപ്പോൾതന്നെ പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലില്ലാപ്പടയിലാണ് അവരുടെ സ്ഥാനം. അത് കുറ‍ഞ്ഞ വേതനത്തിനും തൊഴിലെടുക്കാവുന്ന മാനസികാവസ്ഥയിലേക്കും ആദ്യംനയിക്കുക, ഈ അനധികൃത കുടിയേറ്റക്കാരെ ആയിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾതന്നെ നിയമപരമായി ഒരു നിശ്ചയവും നിബന്ധനയുമില്ലാതായിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ — പ്രത്യേകിച്ച് അസംഘടിത മേഖലയിൽ — വേതനം കുറയുന്നതിനും വിപണന മേഖലയിൽ അതിന്റെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത് സമ്പദ്ഘടനയെ ഇപ്പോഴുള്ളതിനെക്കാൾ പ്രതിസന്ധിയിലാക്കും. ഇങ്ങനെ മതേതരത്വത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാ തത്വങ്ങളുടെയും ലംഘനമെന്ന അടിസ്ഥാന പ്രശ്നത്തിനപ്പുറം സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്ന നിരവധി വിഷയങ്ങൾ കൂടി ദേശീയ പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കെട്ടഴിച്ചുവിടുന്നുണ്ട്. യഥാർഥത്തിൽ എലിയെ പേടിച്ച് ഇല്ലംചുടുന്ന കെട്ടുകഥയെ യാഥാർഥ്യമാക്കുന്ന നടപടികളാണ് ഇതിന്റെ പേരിൽ രാജ്യത്ത് ഉണ്ടാകുവാൻ പോകുന്നത്. (ദി വയർ ഓൺലൈൻ പോർട്ടലിനോട് കടപ്പാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.