Web Desk

പാലക്കാട്

December 18, 2020, 9:19 pm

പാലക്കാട് നഗരസഭാ കാര്യാലയത്തിൽ ദേശീയ പതാക പാറിച്ചു

Janayugom Online

തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ബിജെപി- ആര്‍എസ്എസ് പ്രവർത്തകർ പാലക്കാട് നഗരസഭാ കാര്യാലയത്തെ കാവി പുതപ്പിച്ച് പാര്‍ട്ടി ഓഫീസാക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനിടയിൽ നഗരസഭാ ഓഫീസിന് മുകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ദേശീയപതാക പാറിച്ചു. നഗരസഭാ കാര്യാലയത്തില്‍ ശിവജിയുടെ ചിത്രമുള്ള ജയ് ശ്രീറാം ബാനറും നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും കൂറ്റന്‍ ചിത്രങ്ങളുള്ള ബാനറും സ്ഥാപിച്ച് വിജയാഹ്ലാദം നടത്തിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരെ വന്‍ പ്രതിഷേധമാണ് നാടെങ്ങുമുണ്ടായത്.

തുടര്‍ന്നാണ് കേരളത്തെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഇന്നലെ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചുണ്ടായത്. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിന് മുകളിലെത്തി ദേശീയ പതാക പാറിക്കുകയായിരുന്നു. ദേശീയ പതാകയുടെ മാതൃകയില്‍ കൂറ്റന്‍ ഫ്ളക്സ് പ്രദര്‍ശിപ്പിച്ച് മുദ്രാവാക്യം മുഴക്കി. പൊലീസും സുരക്ഷാജീവനക്കാരുമെത്തി പ്രതിഷേധക്കാരെ പിന്നീട് നീക്കം ചെയ്തു. ജനാധിപത്യത്തെ അവഹേളിച്ച് ജയ്‌ശ്രീറാം ബാനർ സ്ഥാപിച്ച അതേ സ്ഥലത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ചത്. ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ അനുവദിക്കില്ലെന്നും മതതീവ്രവാദത്തിന് നഗരസഭയേയും കേരളത്തെയും വിട്ടുതരില്ലെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ശിവദാസ് അധ്യക്ഷനായി.

കഴിഞ്ഞ വോട്ടെണ്ണൽ ദിനത്തിലാണ്‌ ഭരണഘടനാ സ്ഥാപനത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ ബിജെപി–ആർഎസ്‌എസ്‌ പ്രവർത്തകര്‍ നഗരസഭാ ഓഫീസിന്റെ മുകളിൽ കയറി ‘ജയ്‌ ശ്രീറാം’എന്നെഴുതിയ വലിയ ബാനർ ചുവരിൽ വിരിച്ചത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസ് ഇതിനെതിരെ കേസെടുത്തിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മനഃപൂർവം ഇരുവിഭാഗങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു എന്നതാണ് കേസ്. സ്ഥാനാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ കണ്ടാലറിയാവുന്ന പത്തിലധികം പേർക്കെതിരെയാണ് കേസ്. സർക്കാർ ഓഫീസുകളിലും അവയുടെ പരിസരത്തും ചുമരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട്ഔട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ലെന്ന‌ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമായിരുന്നു ഫലപ്രഖ്യാപന ദിവസം നടന്നത്.

Eng­lish sum­ma­ry; The nation­al flag was hoist­ed at the Palakkad Munic­i­pal Cor­po­ra­tion office

You may also like this video;