ദേശീയ കൈത്തറിദിനാചരണത്തിന് തൊട്ടുമുമ്പ് കേന്ദ്രസർക്കാർ ദേശീയ കൈത്തറി ബോർഡും തലേദിവസം ദേശീയ കരകൗശല ബോർഡും പിരിച്ചുവിട്ടു. ഓഗസ്റ്റ് നാലിന് കൈത്തറി ദിനത്തിന്റെ സന്ദേശവുമായി കൈത്തറി വസ്ത്രവുമണിഞ്ഞ് രംഗത്തെത്തിയ മന്ത്രി സ്മൃതി ഇറാനിയുടെ വകുപ്പിൽനിന്ന് ജൂലൈ 27നാണ് കൈത്തറി ബോർഡ് പിരിച്ചുവിട്ട ഉത്തരവിറങ്ങിയത്. ഓഗസ്റ്റ് മൂന്നിനായിരുന്നു കരകൗശല ബോർഡ് പിരിച്ചുവിട്ടത്.
കുറഞ്ഞ ഭരണ സംവിധാനങ്ങളും കൂടുതൽഭരണവും എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ബോർഡ് നിർത്തലാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഭരണ ഉപകരണങ്ങൾ കുറച്ച് യുക്തിസഹമാക്കുന്നതിനാണ് നടപടിയെന്നും വിശദീകരണമുണ്ട്. കൈത്തറി, കരകൗശല മേഖലയുടെ പ്രോത്സാഹനത്തിനായാണ് ഈ രണ്ട് ബോർഡുകളും രാജ്യത്ത് സ്ഥാപിതമായത്. 1952 ലാണ് കരകൗശല ബോർഡ് രൂപീകൃതമായത്. കൈത്തറി ബോർഡ് സ്ഥാപിതമായത് 1992 ലും.
കേന്ദ്ര — സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥ പ്രമുഖർക്കൊപ്പം സംരംഭകർ,തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികൾ അടങ്ങിയതാണ് രണ്ട് ബോർഡുകളും. തൊഴിലാളികളുടെയും സംരംഭകരുടെയും പ്രശ്നങ്ങൾ ഉന്നയിക്കാനും ഉദ്യോഗസ്ഥ തലസംവിധാനങ്ങളിലൂടെ പരിഹാരം കാണാനും രണ്ടു മേഖലകൾക്കും ഉണ്ടാകേണ്ട പരിഗണനകൾ ചർച്ച ചെയ്യാനുമായിട്ടാണ് ബോർഡുകൾ പ്രവർത്തിച്ചിരുന്നത്. പ്രതിവർഷം ഒരുലക്ഷത്തിൽ താഴെ രൂപമാത്രമാണ് ബോർഡുകളുടെ പ്രവർത്തനത്തിനായി ചെലവിടുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ കുറഞ്ഞ ഭരണ സംവിധാനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാകുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനെക്കാൾ എത്രയോ മടങ്ങ് ചെലവ് വരുന്ന ബോർഡുകളും കോർപ്പറേഷനുകളും നിലനിൽക്കുമ്പോൾ തന്നെയാണ് കോടിക്കണക്കിന് ആൾക്കാർ ഉപജീവനം കഴിക്കുന്ന മേഖലയിലെ രണ്ട് ബോർഡുകൾ പിരിച്ചുവിട്ടിരിക്കുന്നത്. കൈത്തറിദിനത്തിൽ വസ്ത്രങ്ങൾ അണിഞ്ഞ് മന്ത്രിമാർ തന്നെ പ്രദർശന വസ്തുക്കളാകുമ്പോഴാണ് അതുമായിബന്ധപ്പെട്ട ബോർഡുകൾ പിരിച്ചുവിടുന്നതെന്ന വൈരുദ്ധ്യവുമുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.