ദേശീയ യന്ത്രത്തറി ബോർഡും പിരിച്ചുവിട്ടു

Web Desk

ന്യൂഡൽഹി

Posted on August 10, 2020, 9:19 pm

ദേശീയ കൈത്തറി ബോർ‍ഡും കരകൗശല ബോർഡും പിരിച്ചുവിട്ടതിനു പിന്നാലെ ദേശീയ യന്ത്രത്തറി ബോർഡും കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇതോടെ ഈ ഒരാഴ്ചയിൽ തന്നെ കേന്ദ്രം പിരിച്ചുവിടുന്ന ബോർഡുകളുടെ എണ്ണം മൂന്നായി. യന്ത്രത്തറി മേഖലയുടെ വികസനത്തിനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി 1981ലാണ് യന്ത്രത്തറി ബോർഡ് രൂപീകരിച്ചത്. കുറ‍ഞ്ഞ ഭരണ സംവിധാനങ്ങളും കൂടുതൽഭരണവും എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മൂന്നു ബോർഡുകളും നിർത്തലാക്കിയതെന്നാണ് നടപടിയിൽ കേന്ദ്രത്തിന്റെ വിശദീകരണം.

കൂടാതെ എട്ട് ടെക്സ്റ്റൈൽസ് റിസർച്ച് അസോസിയേഷനുകളെ (ടി‌ആർ‌എ) അംഗീകൃത ബോഡികൾ ആക്കി മാറ്റി. നേരത്തെ ടി‌ആർ‌എകൾ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായാണ് അംഗീകരിച്ചിരുന്നത്. സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കളുടെ വില്പന, കൈമാറ്റം, നീക്കം ചെയ്യൽ തുടങ്ങിയവയ്ക്ക് ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ മുന്‍കൂർ അനുമതി വേണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പരിശോധനകൾ. ഗവേഷണം, വികസനപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ടിആർഎ അംഗീകൃത ബോഡിയായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

കോയമ്പത്തൂരിലെ തെക്കേ ഇന്ത്യൻ ടിആർഎ, ഗാസിയാബാദിലെ വടക്കേ ഇന്ത്യൻ ടിആർഎ, അഹമ്മദാബാദിലെ ടെക്സ്സ്റ്റൈൽ ഇൻഡസ്ട്രി റിസർച്ച് അസോസിയേഷൻ, ബോംബെ ടിആർഎ, മുംബൈയിലെ സിന്തറ്റിക് ആന്റ് ആർട്ട് സിൽക്ക് മിൽസ് റിസർച്ച് അസോസിയേഷൻ , സൂറത്തിലെ മാന്‍ മെയ്ഡ് ടിആർഎ , താനെയിലെ വേൾഡ് റിസർച്ച് അസോസിയേഷൻ, കൊൽക്കത്തിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ജ്യൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ എന്നിവയെയാണ് അംഗീകൃത ബോഡികളായി മാറ്റിയത്.
നയരൂപീകരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കാത്തതിനാലാണ് മൂന്നു ബോർഡുകൾ പിരിച്ചുവിട്ടതെന്നും കേന്ദ്രം പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

you may also like this video