March 26, 2023 Sunday

ഡല്‍ഹിയില്‍ അരങ്ങേറിയത് ഗുജറാത്ത് മാതൃകയുടെ ദേശീയ പതിപ്പ്

രാജാജി മാത്യു തോമസ്
March 1, 2020 5:30 am

നാല്പത്തിരണ്ട് മനുഷ്യജീവനുകളെങ്കിലും കുരുതികഴിക്കപ്പെട്ട, നൂറുകണക്കിനു നിരപരാധികളെ മാരകമായി പരിക്കേല്പിച്ച, കോടാനുകോടി രൂപയുടെ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയ ഡല്‍ഹിയിലെ വര്‍ഗീയ കലാപം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് വരുത്തിതീര്‍ക്കാന്‍ ഭരണകൂടവും മാധ്യമകുത്തകകളും മത്സരിക്കുകയാണ്. ‘ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍’ നടന്ന ഗൂഢാലോചന എന്നാണ് ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണറെഡ്ഢി കലാപത്തെ വിശേഷിപ്പിച്ചത്. പൗരത്വ ഭേഭഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുംമുമ്പ് എഴുപതു ദിവസങ്ങളായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രതലസ്ഥാനത്തും രാജ്യത്തെമ്പാടും പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളാണ് നടന്നുവന്നിരുന്നത്. അക്രമസംഭവങ്ങള്‍ നടന്നിടത്തെല്ലാം അവ പൊലീസ് നടത്തിയ അതിക്രമങ്ങളാണെന്ന് തെളിയിക്കപ്പെട്ടിരുന്നു.

മാംഗ്ളൂരിലെ അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ച് കര്‍ണാടക ഹെെക്കോടതിവിധി അത് അര്‍ത്ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുന്നുണ്ട്. ഏറെയും മുസ്‌ലിം വനിതകളും കുട്ടികളും ഉള്‍പ്പെട്ട ഷഹീന്‍ബാഗ് പ്രതിഷേധ ധര്‍ണയടക്കം, ഒറ്റപ്പെട്ട സംഘപരിവാര്‍ പ്രകോപന ശ്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, തീര്‍ത്തും സമാധാനപരമായാണ് തുടര്‍ന്നുവന്നിരുന്നത്. ഭരണഘടനയുടെ ആമുഖവും മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, മൗലാന ആസാദ് എന്നിവരുടെ ചിത്രങ്ങളും ഒഴികെ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊന്നും ആ സമരസ്ഥലങ്ങളില്‍ ഉണ്ടായിരുന്നില്ല. സുപ്രീംകോടതി പോലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ അവകാശം അംഗീകരിക്കുകയും ചെയ്തിരുന്നു. മാര്‍ഗതടസം കൂടാതെ സമരം തുടരുന്നതിനുള്ള മാര്‍ഗം ആരായാന്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിക്കുക പോലും ഉണ്ടായി. പിന്നെ, പൊടുന്നനെ എങ്ങനെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്? ആരാണ് അതിന് ഉത്തരവാദി? ആരാണ് അക്രമങ്ങള്‍ക്ക് അനുമതി നല്‍കിയത്? ഉന്നത ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അക്രമത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍മിശ്രയും മറ്റുമാണോ കലാപത്തിന് ഉത്തരവാദികള്‍? കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന് രാജ്യത്തെ നടുക്കിയ കലാപത്തില്‍ എന്ത് പങ്കാണ് ഉള്ളത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരമായി വേണ്ടത്. അത്തരത്തിലുള്ള സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നിലവിലുള്ള സാഹചര്യത്തില്‍ എത്രത്തോളം സാധ്യമാകും എന്നതാണ് പ്രശ്നം. ഭരണകൂട വക്താക്കളും വമ്പന്‍ മാധ്യമ കുത്തകകളും പറയുന്ന തരത്തിലാണ് വസ്തുതയെങ്കില്‍ ‘ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ്ശ്രീറാം ഉദ്ഘോഷിക്കണ’മെന്ന് മുറവിളി കൂട്ടി അക്രമം നടത്തിയതിന്റെ അര്‍ത്ഥമെന്താണ്? അക്രമത്തില്‍ പരിക്കേറ്റ് നിലംപരിശായ യുവാക്കളെക്കൊണ്ട് ദേശീയഗാനം പാടിക്കാന്‍ അതിക്രൂരമായി ശ്രമിക്കുന്ന പൊലീസ് നടപടി എന്ത് സന്ദേശമാണ് നല്‍കുന്നത്? ഡല്‍ഹി പൊലീസിന്റെ സാന്നിധ്യത്തിലും അവരുടെ ഒത്താശയോടെയും നടന്ന അക്രമങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. മുസ്‌ലിങ്ങളെ ആക്രമിച്ച് ഭീഷണിയുടെ നിഴലിലാക്കുക, അവരെ ഭയത്തിലും അരക്ഷിതബോധത്തിലും നിലനിര്‍ത്തി മതാടിസ്ഥാനത്തില്‍ ഡല്‍ഹിയിലും രാജ്യത്തുടനീളവും ഭിന്നിപ്പിക്കുക എന്നതായിരുന്നു അത്. മുസ്‌ലിങ്ങളുടെ വീടുകളും കച്ചവട‑തൊഴില്‍ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി നടന്ന അക്രമണങ്ങള്‍ നല്‍കുന്ന ഉത്തരം ഡല്‍ഹിയില്‍ അരങ്ങേറിയത് വര്‍ഗീയ കലാപം എന്നുതന്നെയാണ്.

ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തെ അനുസ്മരിപ്പിക്കുന്നവയാണ് പുറത്തുവന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം ആരാധനാലയങ്ങള്‍‌ക്കു നേരെ നടന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍. കൂലിപ്പണിക്കാരായ പാവപ്പെട്ട മുസ്‌ലിങ്ങളുടെ വീടുകള്‍ അക്രമിക്കുമ്പോഴും അവയ്ക്ക് തീവയ്ക്കുമ്പോഴും മുഖംമൂടി ധാരികള്‍ ‘ജയ്ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച ഹിന്ദുക്കളായ അയല്‍ക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇരകളായ ഹിന്ദുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരിക്കേറ്റ് അവശരായ ഇരകളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡല്‍ഹി ഹെെക്കോടതി അര്‍ധരാത്രി ഇടപെടലിന് നിര്‍ബന്ധിതമായി എന്നതുതന്നെ ‘ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍’‍‍ നടന്ന ശ്രമമാണ് ഡല്‍ഹി വര്‍ഗീയ കലാപമെന്ന വാദത്തിന്റെ മുനയൊടിക്കുന്നു. ഇന്ദിരാവധത്തെ തുടര്‍ന്ന് 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുടെയും 2002ല്‍ മോഡിയുടെ ഗുജറാത്തില്‍ നടന്ന കൂട്ടക്കുരുതിയുടെയും തനി ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയത്. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപകാലത്ത് അക്രമം തടയുന്നതിന് ഒരുപക്ഷെ രാഷ്ട്രീയ ഭരണ രംഗങ്ങളില്‍ പുതുമുഖമായിരുന്ന രാജീവ് ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന ന്യായീകരണം നിരത്താനായേക്കും. എന്നാല്‍ ആഭ്യന്തര മന്ത്രി ആയിരുന്ന നരസിംഹറാവുവിന് തന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലല്ലൊ. മൂവായിരത്തിലധികം മനുഷ്യരാണ് ആ കലാപത്തില്‍ അരുംകൊല ചെയ്യപ്പെട്ടത്.

2002ല്‍ ഗുജറാത്ത് കലാപം നടന്നത് നരേന്ദ്രമോഡി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയും ആയിരിക്കെയായിരുന്നു. രണ്ടായിരത്തില്‍പരം മുസ്‌ലിങ്ങളാണ് അവരുടെ കാര്‍മ്മികത്വത്തില്‍ കൊന്നുതള്ളപ്പെട്ടത്. ഇരു സംഭവങ്ങളിലും പൊലീസ് കാഴ്ചക്കാരായി മാറുകയായിരുന്നു. ഭരണകൂട ഒത്താശയോടെയും പിന്തുണയോടെയും നടക്കുന്ന കലാപങ്ങളില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനുള്ള നിര്‍ദേശമാണ് അവര്‍ക്ക് ലഭിച്ചിരുന്നതെന്ന് വ്യക്തം. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഇത്തരമൊരു കലാപം അരങ്ങേറാന്‍ മോഡി ഭരണകൂടം അനുവദിക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. 1984ല്‍ സിഖ് വിരുദ്ധ കലാപം അരങ്ങേറുമ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ലെന്ന് അത്തരക്കാര്‍ ഓര്‍മ്മിക്കണം. ഇന്ദിരാഗാന്ധിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയ അവസരത്തില്‍ തന്നെ ആയിരുന്നു രാഷ്ട്രതലസ്ഥാനത്ത് സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. നരേന്ദ്രമോഡിക്ക് മറ്റേതൊരു രാഷ്ട്രീയ സംഭവത്തെപ്പോലെയും ഒന്നു മാത്രമായിരുന്നു ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. എന്നാല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപമാകട്ടെ ഒഴിവാക്കാനാവാത്ത വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വോട്ട് ബാങ്ക് നിലനിര്‍ത്തുക എന്നതും തെരഞ്ഞെടുപ്പ് പ്രചാരണവും അധികാരോന്മത്തരായ മോഡി, ഷാ പ്രഭൃതികള്‍ക്ക് അനന്തമായ പ്രകിയയാണ്. മുസ്‌ലിം വിരോധത്തില്‍ അധിഷ്ഠിതമായ വോട്ടുബാങ്കാണ് മോഡി രാഷ്ട്രതന്ത്രത്തിന്റെ മുഖ്യതന്തു. ‘മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികളാണ്, അവരെ വെടിവച്ചു കൊല്ലണം’ അതായിരുന്നല്ലൊ ഡല്‍ഹി തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ തന്ത്രം. വിലപ്പോകാത്ത പ്രചരണം പ്രാവര്‍ത്തികമാക്കുക മാത്രമാണ് ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ പ്രായോഗികത എന്ന തിരിച്ചറിവാണ് ഡല്‍ഹി കലാപത്തിലേക്ക് നയിച്ചത്. കപില്‍ ശര്‍മ്മയടക്കമുള്ള ബിജെപി നേതാക്കള്‍ കേവലം കരുക്കള്‍ മാത്രമാണ്. കളിക്കാര്‍ മോഡിയും ഷായും തന്നെ. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പിഴച്ച കണക്കുകൂട്ടലുകള്‍ക്ക് പ്രായശ്ചിത്തമായാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയ വര്‍ഗീയ കലാപം. ബിജെപിയെയും സംഘപരിവാറിനെയും അറിയുന്ന ആരും ഡല്‍ഹിയില്‍ ഇത്തവണ അവര്‍ക്ക് അബദ്ധം പിണഞ്ഞുവെന്ന് കരുതില്ല.

അസംബ്ലി തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമാണ് അവര്‍ പ്രവര്‍ത്തിപഥത്തില്‍ വരുത്തിയത്. ഇനി ഒരു പരാജയം വിനാശമാകുമെന്ന് മോഡിയും ഷായും തിരിച്ചറിയുന്നു. കൃത്യവും രക്തരൂക്ഷിതവുമായ വിഭജനത്തിലൂടെ മാത്രമെ അധികാരം ഉറപ്പിക്കാനും നിലനിര്‍ത്താനും ആവൂ എന്ന തിരിച്ചറിവുതന്നെയാണ് ഡല്‍ഹി കലാപത്തിന്റെ പ്രഭവകേന്ദ്രം. മുസ്‌ലിങ്ങളും അക്രമത്തിലും കൊലപാതകത്തിലും കൊള്ളിവയ്പിലും പങ്കാളികളായിട്ടുണ്ട്. പക്ഷെ അത് അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പട്ടെതാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന പെെശാചിക പദ്ധതിയുടെ ഇരകളാണ് അവര്‍. ആറ് വര്‍ഷം പൂര്‍ത്തിയാ‌ക്കുന്ന മോഡി ഭരണം സമാനതകളില്ലാത്ത പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. ഭരണനേട്ടങ്ങളുടെ പേരില്‍ വോട്ട് ചോദിക്കാന്‍ അവര്‍ക്കാവില്ല. പട്ടേല്‍ പ്രതിമയും മൊട്ടേറ സ്റ്റേഡിയവും അഹമ്മദാബാദിലെ ചേരികളെ മറച്ചുയര്‍ന്ന വന്മതിലുമെല്ലാം മോഡിയുടെ ഗുജറാത്ത് മോഡലിന്റെ ബാക്കിപത്രങ്ങളാണ്. ലോകത്തിന് കണ്‍തുറന്നു കാണാവുന്ന മറ്റൊന്നും അവിടെയില്ല. ആ മാതൃക രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോള്‍. ഗുജറാത്ത് മാതൃക മതന്യൂനപക്ഷ ഉന്മൂലനത്തിന്റേതാണെങ്കില്‍ ദേശീയതലത്തില്‍ അതിന്റെ ശിലാസ്ഥാപനമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയത്. പൂര്‍ണ്ണതോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.