കൊവിഡിനെ നേരിടാൻ അക്ഷീണം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികൾക്ക് നാവിക സേനയുടെ ആദരം. ദക്ഷിണ നാവിക സേനയുടെ നേതൃത്വത്തിൽ കൊച്ചിയുടെ മാനത്തും കരയിലും അഴിമുഖത്തുമായി നാവികസേനാംഗങ്ങളും പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരന്ന ചടങ്ങുകൾ ശ്രദ്ധേയമായി. സ്വന്തം ജീവൻ പണയപ്പെടുത്തി കർമനിരതരായ ആരോഗ്യ പ്രവർത്തകരും സർക്കാർ ജീവനക്കാരും പൊലീസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കാണ് നാവിക സേന രാജ്യത്തിന്‍റെ നന്ദിയറിച്ചത്. രാവിലെ എറണാകുളം ജില്ലാ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ആദരിച്ചു പരിപാടികൾക്ക് തുടക്കമിട്ടു.
നാവിക സേന കൊച്ചി നേവൽ ബെയ്സിലെ സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കമാൻഡ് മെഡിക്കൽ ഓഫിസർ കമാൻഡർ ആരതി സറിൻ , ചീഫ് സ്റ്റാഫ് ഓഫിസർ കമാൻഡർ ജികെ ദത്ത എന്നിവർ ജനറൽ ആശുപത്രിയിലെത്തി ആരോഗ്യ പ്രവർത്തകർക്ക് പുഷ്പഹാരങ്ങൾ നൽകിയാണ് ആദരിച്ചത്. ഇതേസമയം ആദരസൂചകമായി നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ജനറൽ ആശുപത്രിയ്ക്ക് മുകളിലായി പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ അനിത, ഡിഎംഒ ഡോഎൻ കെ കുട്ടപ്പൻ, കളമശേരി മെഡിക്കൽ കോളെജിലെ ഡോക്റ്റർമാരായ ഗണേഷ് മോഹൻ, ഗീത ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. എറണാകുളം ജില്ലയെ ഗ്രീൺ സോണിൽ എത്തിക്കുന്നതിൽ ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാർ ജീവനക്കാരും കാട്ടിയ സേവനങ്ങളെ നാവിക സേനാ ഉദ്യോഗസ്ഥർ പ്രകീർത്തിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
തുടർന്നുള്ള ചടങ്ങുകൾ മറൈൻ ഡ്രൈവിലും രാജേന്ദ്ര മൈതാനിയിലുമായി നടന്നു.ഡോണിയർ എയർക്രാഫ്റ്റുകളും സീ കിങ് ഹെലികോപ്റ്ററും ചേതക് ഹെലികോപ്റ്ററുകളും അഡ്‌വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഉൾപ്പെടുന്ന നാവികസേനയുടെ ഏഴംഗ വ്യോമ വിഭാഗം ആകാശത്ത് നടത്തിയ ഫ്ലൈ പാസ്റ്റിനൊപ്പം കൊച്ചി കായലിന്‍റെ അഴിമുഖത്ത് “ഇന്ത്യാ താങ്ക്സ് കൊറോണ വാരിയേഴ്സ്‘എന്ന് ആലേഖനം ചെയ്ത ബാനറുമായി ഏഴ് യുദ്ധക്കപ്പലുകളും നിരന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു ചടങ്ങുകൾ വീക്ഷിക്കാൻ രാജേന്ദ്ര മൈതാനിയിൽ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. രാവിലെ, വെണ്ടുരുത്തി പാലത്തിനും കൊച്ചിൻ ഷിപ്പ്‌യാർഡിനും സമീപത്തായി നങ്കൂരമിട്ടു കിടന്നിരുന്ന യുദ്ധക്കപ്പലിൽ നാവിക സേനാംഗങ്ങൾ ബാൻഡ് മേളങ്ങൾ ആലപിച്ചു. പരിപാടികളുടെ ഭാഗമായി രാത്രി കൊച്ചി അഴിമുഖത്തും കടലിലുമായി കിടക്കുന്ന നാവിക സേനാ കപ്പലുകളിൽ ദീപാലങ്കാരങ്ങൾ തെളിയിച്ചത് വർണാഭമായ കാഴ്ചയായിരുന്നു. കൊറോണ പോരാളിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇതും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.