26 March 2024, Tuesday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

സമരൈക്യത്തിന് ഊർജമേകിയ നെടുമങ്ങാട് ചന്ത സമരം

Janayugom Webdesk
July 18, 2022 7:45 pm

തലസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും ജ്വലിച്ചു നിൽക്കുന്ന ഏടാണ് നെടുമങ്ങാട് ചന്ത സമരം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം അരുളാൻ തലസ്ഥാന ജില്ലയും ജില്ലാസമ്മേളനത്തെ വരവേൽക്കാൻ മലയോര താലൂക്ക് ആസ്ഥാനമായ നെടുമങ്ങാട് പട്ടണവും സുസജ്ജമാകുമ്പോൾ, ചന്ത സമരത്തിന്റെ വീറുറ്റ വിജയഗാഥ പാർട്ടി പ്രവര്‍ത്തകര്‍ക്കും ചരിത്ര പഠിതാക്കൾക്കും ഊർജം പകരും.
ജില്ലയിൽ കർഷകരുടെയും തൊഴിലാളികളുടെയും സമരൈക്യത്തിനും മുന്നേറ്റത്തിനും വഴിയൊരുക്കുകയും മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആഴത്തിൽ വേരോട്ടമുണ്ടാക്കുകയും ചെയ്ത ചന്ത സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന ചന്തമുക്കും കച്ചേരി നടയും സത്രംമുക്കുമെല്ലാം സിപിഐ ജില്ലാ സമ്മേളനത്തിന്റെ ആവേശപ്പകർച്ചയിലാണ്.

തിരുവിതാംകൂറിലെ പ്രധാന കമ്പോളമായിരുന്ന നെടുമങ്ങാട് ചന്തയിൽ വില്‌പനയ്ക്ക് എത്തിക്കുന്ന ഉല്പന്നങ്ങളുടെ പേരിൽ അധികാരികൾ ഏർപ്പെടുത്തിയ പിടിച്ചുപറി ചുങ്കത്തിനും ചൂഷണത്തിനും എതിരെ മാടമ്പിമാരുടെയും പൊലീസിന്റെയും കവലച്ചട്ടമ്പിമാരുടെയും എതിർപ്പുകളെ പ്രതിരോധിച്ച് നൂറു കണക്കിന് കർഷകരും തൊഴിലാളികളും ദിവസങ്ങളോളം യാത്ര ചെയ്ത് ചെറുജാഥകളായി പൈതൃക നഗരിയിലേക്ക് നടത്തിയ ഉജ്ജ്വല സമരമാണ് പ്രസിദ്ധമായ ചന്ത സമരം. 1954 ലാണ് ചന്തസമരം പൊട്ടിപ്പുറപ്പെട്ടത്. ചൂഷണത്തിന് ഇരകളാകുന്ന കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിട്ടിറങ്ങുകയായിരുന്നു.

ചന്തയുടെ കരാർ എടുത്തിരുന്നത് നൈനാമുഹമ്മദ് ചട്ടമ്പിയും മക്കളായ നൂഹ് കണ്ണും ഇസ്മായിലും ചേർന്നായിരുന്നു. ചന്ത പിരിവിന് ഗുണ്ടകളെയും നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത സിപിഐ ലോക്കൽ ഓർഗനൈസിങ് സെക്രട്ടറി എം എ ഖാനെ ചന്തയ്ക്കുള്ളിൽ വച്ച് നൂഹ് കണ്ണ് മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് ചന്തയിലെ കൊള്ളപ്പിരിവ് അവസാനിപ്പിക്കും വരെ സമരം ചെയ്യാൻ പാർട്ടി തീരുമാനിച്ചു. അടുത്ത ചന്ത മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി വോളണ്ടിയർമാർ കുറുവടികളും പ്ലക്കാർഡുകളും ഏന്തി ഗേറ്റിനു മുന്നിൽ നിലയുറപ്പിക്കാനും തുടങ്ങി. കർഷകർക്കും തൊഴിലാളികൾക്കും സംരക്ഷണം നൽകാൻ വോളണ്ടിയർ സേനയും രൂപീകരിച്ചു. പാർട്ടി താലൂക്ക് സെക്രട്ടറിയും മുൻ എംഎൽഎയുമായ എൻ എൻ പണ്ടാരത്തിൽ കച്ചേരി നടയിൽ നിരാഹാര സമരം തുടങ്ങി. പണ്ടാരത്തിലിന് അഭിവാദ്യങ്ങളുമായി ജില്ലയുടെ നാനാ ഭാഗത്തു നിന്ന് സ്ത്രീകൾ ഉൾപ്പെടെ ചെറുതും വലുതുമായ ജാഥകൾ കാൽ നടയായി കിലോ മീറ്ററുകൾ താണ്ടി സമരപ്പന്തലിൽ എത്തി.

എസ്റ്റേറ്റ് മേഖലകളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകി. സമരം ദിവസങ്ങൾ പിന്നിട്ടതോടെ തൊഴിലാളികൾ താലൂക്ക് കച്ചേരി കയ്യേറുമെന്ന ഘട്ടമായി. കച്ചേരി കവലയും ചന്ത മൈതാനിയും തൊഴിലാളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇതോടെ നിൽക്കക്കള്ളിയില്ലാതായ അന്നത്തെ ജില്ലാ കളക്ടർ അബ്ദുൽസലാം നെടുമങ്ങാട് എത്തി നേതാക്കളുമായി സംസാരിച്ചു.ചന്ത പഞ്ചായത്ത് ഏറ്റെടുക്കണമെന്നും തൊഴിലാളികൾക്കെതിരെ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. പാർട്ടി നേതാക്കളായ പി എം സുൽത്താൻ, മാമൂട്ടിൽ ശിവശങ്കരപ്പിള്ള, പി ജി വേലായുധൻ നായർ, പി ജി സുകുമാരൻ നായർ, കെ ജി കുഞ്ഞു കൃഷ്ണപിള്ള, വി സഹദേവൻ, എൻ നാരായണൻ നായർ, എം സദാശിവൻ, എം എ ഖാൻ, എഎ ലത്തീഫ്, എസ് ഗോവിന്ദൻ, മലങ്കോവ് കൃഷ്ണൻ , ആനാട് ദാമോദരൻ ആശാൻ , കന്നാലി വനം ദാമോദരൻ നായർ, സ്റ്റാലിൻ ശ്രീധരൻ, എ ജി തങ്കപ്പൻ നായർ, എസ് കെ ആശാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐതിഹാസിക വിജയം നേടിയത്. ഭുരിഭാഗം പേരും ഇന്നു മൺമറഞ്ഞു. ധീര സഖാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ജില്ലാ സമ്മേളന നഗരി ചുവപ്പിന്റെ പുതിയ പാഠവും സന്ദേശവുമാണ് നാടിനു സമ്മാനിക്കുന്നത്.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ്, ചെയർമാൻ അരുൺ കെ എസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പിഎസ് ഷൗക്കത്ത്, ജില്ലാ കൗൺസിൽ അംഗം വി ബി ജയകുമാർ എന്നിവർ നഗരി സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി.

Eng­lish Sum­ma­ry: The Nedu­man­gad Chan­da Sam­ram fueled the struggle

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.