നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍

Web Desk
Posted on August 10, 2019, 1:06 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഞായറഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത്. കുടുങ്ങിയ എട്ട് വിമാനങ്ങളില്‍ മൂന്നെണ്ണം പറന്നുയര്‍ന്നു .

പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടയ്‌ക്കേണ്ടി വന്നത്. വെള്ളം കയറിയ മേഖലകളില്‍ ശുചീകരണ ജോലികള്‍ നടന്നുവരുന്നു .റണ്‍വേയില്‍ ചെളി അടിയാത്തതുകൊണ്ടു കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി . കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞിട്ടുണ്ട്. കുഴിപ്പള്ളം ഭാഗത്താണ് 100 മീറ്ററോളം ഭാഗം മതില്‍ ഇടിഞ്ഞത്. ഇവിടെ താത്കാലികമായി ഷീറ്റ് സ്ഥാപിച്ചിരിക്കുകയാണ്.

റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. നിത്യേന ആഗമനപുറപ്പെടല്‍ വിഭാഗങ്ങളിലായി 260 സര്‍വീസുകളാണ് കൊച്ചി വിമാനത്താവളത്തിലുള്ളത്.അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച യാത്ര പുറപ്പെടാനെത്തിയവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിയത്.