റെജി കുര്യന്‍

ന്യൂഡല്‍ഹി

April 01, 2020, 9:35 am

സാമ്പത്തിക വര്‍ഷത്തിന് ഇന്നു തുടക്കം: സര്‍ക്കാരിനു മുന്നില്‍ കടമ്പകളേറെ

Janayugom Online

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്നു തുടക്കം. സര്‍ക്കാരിനു മുന്നില്‍ കടമ്പകളേറെ. രാജ്യത്തെ ആരോഗ്യ മേഖലയെയും സാമ്പത്തിക മേഖലയെയും ഒരുപോലെ ദുരിതത്തില്‍ ആഴ്ത്തിയാണ് കോവിഡെന്ന മഹാമാരി രാജ്യത്ത് നാശം വിതയ്ക്കുന്നത്. ഒരു വശത്ത് കോവിഡ് പ്രതിരോധത്തിനു പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തേടേണ്ട സാഹചര്യം നിലനില്‍ക്കുമ്പോള്‍ മറുവശത്ത് ലോക്ക്ഡൗണും അനുബന്ധ കോവിഡ് മുന്‍കരുതല്‍ നടപടികളും സൃഷ്ടിച്ച സാമ്പത്തിക നഷ്ടം സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ ആകെ ബാധിച്ചിരിക്കുന്നു. ജി എസ് ടിയെന്ന സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗത്തെ കോവിഡ് തിന്നുമ്പോള്‍ മറുവശത്ത് സാമൂഹ്യ സുരക്ഷയുടെ പേരില്‍ ആരോഗ്യ മേഖലയുള്‍പ്പെടെ ഉള്ള രംഗങ്ങളില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചിലവ് അധികരിച്ചിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗങ്ങളിലെ പട്ടികയില്‍ മുഖ്യ സ്ഥാനത്തുതന്നെ നിലകൊള്ളുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ വില്‍പനയും അതിലൂടെയുള്ള വരുമാനവും ലോക്ഡൗണിലൂടെ ഇല്ലാതായിരിക്കുകയാണ്. കോവിഡിന്റെ മുന്നോട്ടുള്ള പോക്കിനെ ആശ്രയിച്ചാകും ഇനി സര്‍ക്കാരിന്റെ സാമ്പത്തിത സ്ഥിരതയോ അസ്ഥിരതയോ നിര്‍ണ്ണയിക്കപ്പെടുക. രാജ്യത്തെ ഉല്പാദന മേഖലയിലെ വളര്‍ച്ച പിന്നോട്ടായിട്ട് കാലം കുറെയായി. ടൂറിസം വ്യോമയാന മേഖലകള്‍ ഇനി എന്നു കരകയറുമെന്നതിന് തിട്ടമില്ല. കോവിഡ് ഗ്രാമീണ മേഖലയില്‍ പിടി മുറുക്കിയാല്‍ കാര്‍ഷിക രംഗവും പിന്നോക്കാവസ്ഥയിലേക്കു പോകും.

കോര്‍പ്പറേറ്റുകളുടെ കോവിഡ് നഷ്ടം ലക്ഷോപലക്ഷം കോടികളിലേക്കു നീങ്ങിയതിന് പോയമാസം രാജ്യം സാക്ഷിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്ന 5.3 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിനായി 1.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പണം എവിടുന്നു സമാഹരിക്കും എന്നകാര്യം ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കാനായിരുന്നില്ല. കോവിഡിന്റെ ബാക്കിയായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക വെല്ലുവിളിയാണ്.

ഹോട്ടല്‍, റസ്റ്റോറന്റ്, ടൂറിസം, വ്യോമയാനം എന്നീ മേഖലകളെ സാരമായി കോവിഡ് ബാധിച്ചു. ക്വാറന്റൈനിലുള്ള ഈ മേഖലകളിലെ തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും നിലവില്‍ ഐസൊലേഷനിലുള്ള ഈ മേഖലകളെ വെന്റിലേറ്ററുകളിലേക്കു നീക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ബാങ്കിങ് രംഗം മുന്നേതന്നെ പിന്നോട്ടുള്ള സഞ്ചാര പാതയിലും. റീട്ടെയില്‍ മേഖലയെയും കോവിഡ് ബാധിച്ചു. കോവിഡിനു ശേഷം പഴയ നിലയിലേക്ക് കാര്യങ്ങള്‍ എത്താന്‍ കുറഞ്ഞത് ആറുമാസമെങ്കിലും കാലതാമസം നേരിടുമെന്നാണ് കരുതുന്നത്. 2008 നുശേഷം സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് ഈ മാസം ഓഹരി വിപണിയില്‍ ദൃശ്യമായത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഇന്നലെ നിഫ്റ്റി 3.82 ശതമാനം ഉയര്‍ന്ന് 8,597.75 പോയിന്റിലും സെന്‍സെക്‌സ് 3.62 ശതമാനം ഉയര്‍ന്ന് 29,468.49 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. അതേസമയം സാമ്പത്തിക വര്‍ഷം രണ്ടു മാസം കൂടി ദീര്‍ഘിപ്പിച്ച് ജലൈ ഒന്നിന് ആരംഭിക്കണമെന്ന നിര്‍ദ്ദേശം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.

Eng­lish Sum­ma­ry: The new finan­cial year begins today

You may also like this video