അടുത്തലക്ഷ്യം സംവരണം; സൂചന നല്‍കി ആര്‍എസ്എസ്

Web Desk
Posted on August 19, 2019, 11:36 am

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കലെന്ന സൂചനയുമായി ആര്‍എസ്എസ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്. .
സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ സംവാദം നടക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം.

റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം. സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ടുളള ചര്‍ച്ചയാണ് അനിവാര്യം.

ആര്‍എസ്എസും ബിജെപിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുവരുകയാണ്. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആര്‍എസ്എസ് അജണ്ടകകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായിരുന്നു.

you may also like this video