28 March 2024, Thursday

മുന്ദ്ര മയക്കുമരുന്ന് പ്രതികള്‍ക്ക് പാകിസ്ഥാന്‍ ബന്ധമെന്ന് എന്‍ഐഎ

Janayugom Webdesk
അഹമ്മദാബാദ്
March 15, 2022 9:40 pm

മുന്ദ്ര മയക്കുമരുന്ന് കേസിൽ വൻ വെളിപ്പെടുത്തലുമായി എൻഐഎ. പ്രതികൾക്ക് പാകിസ്ഥാൻ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അഹമ്മദാബാദിലെ പ്രത്യേക കോടതിയെ അറിയിച്ചു. കേസിൽ 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ഹെറോയിൻ പിടികൂടിയത്.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഭീകര സംഘടനയുടെ നിർദേശപ്രകാരമാണ് ഹെറോയിൻ ഇന്ത്യയിൽ എത്തിച്ചത്. മയക്കുമരുന്ന് കടത്ത് വഴി ലഭിക്കുന്ന തുക ഹവാല വഴി വിദേശത്തേക്ക് എത്തിക്കും. ശേഷം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുക ഉപയോഗിക്കാനായിരുന്നു പദ്ധതി. ഇവർ നേരത്തെയും മയക്കുമരുന്ന് കടത്ത് നടത്തിയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് 11 അഫ്ഗാൻ പൗരന്മാർ, നാല് ഇന്ത്യക്കാർ, ഒരു ഇറാനിയൻ എന്നിങ്ങനെ 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം കുറ്റാരോപിതരായ മുഹമ്മദ് ഹസ്സൻ ഹുസൈൻ ദാദ്, മുഹമ്മദ് ഹസൻ ദാദ് എന്നിവർക്ക് പാക് സംഘടനകളുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരം പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ എംഎസ് ഹസ്സൻ ഹുസൈൻ ലിമിറ്റഡിന്റെ പ്രമോട്ടർമാരാണ് ഇരുവരും. ‘സെമി-പ്രോസസ്ഡ് ടാൽക്ക്’ കല്ലുകളുടെ രൂപത്തിൽ ഹെറോയിൻ എത്തിച്ചത് കമ്പനിയാണെന്ന് എൻഐഎ കണ്ടെത്തി. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയേത്.

Eng­lish sum­ma­ry; The NIA said the mundra accused had Pak­istani links

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.