അനുദിനം ശക്തിയാർജ്ജിക്കുന്ന കർഷക പ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി പ്രക്ഷോഭത്തെ സഹായിക്കുന്ന വ്യക്തികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യെ ഉപയോഗിച്ച് വേട്ടയാടാൻ തുടങ്ങി. കർഷകരെ ഡൽഹി അതിർത്തിയിലെത്തിച്ച വാഹന ഉടമകൾ, കേബിൾ ടി വി ഓപ്പറേറ്റർമാർ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സർക്കാരിതര സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ 12 പേർക്കെതിരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി നോട്ടീസ് നല്കി. ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇന്നും നാളെയുമായി ദക്ഷിണ ഡൽഹിയില് സിജിഒ കോംപ്ലക്സിലെ എൻഐഎ ഓഫീസിൽ ഹാജരാകുന്നതിനാണ് ഇവരോട് നിർദ്ദേശിച്ചിട്ടുള്ളത്. കാർഷിക നിയമങ്ങളെ കുറിച്ച് സർക്കാരുമായി നടന്ന ചർച്ചയിൽ പങ്കെടുത്ത ലോക് ബലായി ഇൻസാഫ് വെൽഫേർ സൊസൈറ്റി എന്ന കർഷക സംഘടനയുടെ പ്രസിഡന്റ് ബൽദേവ് സിങ്, സുരീന്ദർ സിങ് തിക്രിവാൾ, പൽവീന്ദർ സിങ്, പ്രദീപ് സിങ്, നോബൽജിത് സിങ്, കർണൗൽ സിങ് തുടങ്ങിയവരോടാണ് ഈ ദിവസങ്ങളിൽ ഹാജരാകുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത്. അതിർത്തിയിലെ പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങളെ സഹായിച്ചവർക്കെതിരെയും പ്രക്ഷോഭകർക്ക് സംഭാവന നല്കുന്നവർക്കും നോട്ടീസുകൾ നല്കിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസുടമ, സ്പെയർപാർട്സ് നിർമാതാവ്, കേബിൾ ടിവി ഓപ്പറേറ്റർ എന്നിവർക്കു ലഭിച്ച നോട്ടീസിന്റെ പകർപ്പ് ലഭിച്ചതായി ക്വിന്റ് വാർത്തയിലുണ്ട്.
ജനുവരി 15 ന് വിജ്ഞാൻഭവനിൽ നടന്ന ചർച്ചയിൽ കർഷകസംഘടനകൾ ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രക്ഷോഭത്തെസഹായിക്കുന്നവരെ സമ്മർദത്തിലാക്കുന്നതിനുള്ള തന്ത്രമാണിതെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി.
കാർഷിക കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഖലിസ്ഥാൻ ഭീകരവാദികളുമായിബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് കേന്ദ്രസർക്കാരും സംഘപരിവാറും പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിലും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷക പ്രക്ഷോഭം ആരംഭിച്ച് മൂന്നാഴ്ചയ്ക്കുശേഷം ഡിസംബർ 15 ന് യുഎസിലുള്ള ഗുർ പ്രത്വന്ത് സിങ്, ബ്രിട്ടനിലെ പരംജിത് സിങ് പമ്മ, കാനഡയിലെ ഹർദീപ് സിങ് നിജ്ജാർ എന്നിവർക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തി നേരത്തേ കേസെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നീതിക്കുവേണ്ടിയുള്ള സിക്കുകാർ (സിക്ക്സ് ഫോർ ജസ്റ്റിസ്) തുടങ്ങിയ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ കലാപത്തിനുള്ള ഗൂഢാലോചന നടത്തുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് കേസിന്റെ ഭാഗമായി പഞ്ചാബിലെ മൊഹാലി എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. നല്ല തോതിൽ പണപ്പിരിവും സംഘടനകൾ ചേർന്ന് നടത്തുന്നുണ്ടെന്നും ഇത് നാട്ടിലെത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ തുടർച്ചയായാണ് സിക്ക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധം ആരോപിച്ച് കർഷക നേതാക്കൾ ഉൾപ്പെടെയുള്ളവരെ നോട്ടീസ് നല്കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളത്.
English summary:Farmers protest followup
You may also like this video: