പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുതിച്ചുയരുന്നു

സ്വന്തം ലേഖകൻ

മുംബൈ:

Posted on July 04, 2020, 10:28 pm

സ്വന്തം ലേഖകൻ

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കുത്തനെ ഉയരുന്നു. സ്വകാര്യ ബാങ്കുകളുടെ ഇരട്ടിയിലേറെയാണ് പൊതുമേഖലാ ബാങ്കുകളുടെ എന്‍പിഎ എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പാദത്തില്‍ പല പൊതുമേഖലാ ബാങ്കുകളും ലാഭത്തിലായിരുന്നു. എന്നാൽ പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകൾ ചേർന്ന് 5.47 ലക്ഷം കോടി രൂപയുടെ എന്‍പിഎ രേഖപ്പെടുത്തി. ഇതേസമയം 19 സ്വകാര്യ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2.04 ലക്ഷം കോടി രൂപയാണ്.

ഇതേ കാലയളവില്‍ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ച ആറ് പൊതുമേഖലാ ബാങ്കുകളുടെ പാദ വര്‍ഷ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലാത്തതിനാൽ നിഷ്‌ക്രിയ ആസ്തികളുടെ യഥാര്‍ത്ഥമൂല്യം ഇതിലും ഉയര്‍ന്നതായിരിക്കുമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനവും അനുബന്ധ ലോക്ഡൗണുകളും കാരണം വായ്പാ തിരിച്ചടവ് സമ്മർദ്ദത്തിലായതിനാൽ എന്‍പിഎ ഇനിയും ഉയരുമെന്ന കാര്യവും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക് എന്‍പിഎകളില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളിൽ സിറ്റി യൂണിയന്‍ ബാങ്ക്, സിഎസ്‌ബി ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയുടെ മൊത്തം എന്‍പിഎകള്‍ 2019 ഡിസംബറിനും 2020 മാര്‍ച്ചിനുമിടയില്‍ 14 മുതൽ 20 ശതമാനം വരെ വര്‍ദ്ധിച്ചു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൊത്തം എന്‍പിഎ 12.4 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ പാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ എൻപിഎയിൽ അഞ്ചുശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ൽ ഇത് ബാങ്കുകൾ പ്രതീക്ഷിക്കുന്നില്ല.

ലോക്ഡൗണിനെത്തുടര്‍ന്ന് വായ്പാ തിരിച്ചടവില്‍ ആറു മാസത്തെ മൊറട്ടോറിയം വന്നത് ബാങ്കുകളുടെ പണലഭ്യത കുറയാനിടയാക്കി. കുടിശ്ശികയുള്ള വായ്പകളില്‍ 25 മുതല്‍ 30 ശതമാനം വരെ മൊറട്ടോറിയത്തിന്റെ പരിധിയിലാണെന്ന് ബാങ്കുകൾ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍ കിട്ടാക്കടം ഉയരുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടുവര്‍ഷം കൊണ്ട് ഒന്നരലക്ഷം കോടി മുതല്‍ 3.75 ലക്ഷം കോടി വരെ രൂപ വേണ്ടിവരുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ENGLISH SUMMARY:The non-per­form­ing assets of pub­lic sec­tor banks are ris­ing
YOU MAY ALSO LIKE THIS VIDEO

<