Web Desk

May 15, 2020, 2:30 am

നോവല്‍ കൊറോണ വെെറസിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കണം

Janayugom Online

നോവല്‍ കൊറോണ വെെറസ് ഇനി ഏറെക്കാലം നമ്മോടൊപ്പം ഉണ്ടാവും. ഫലപ്രദമായ പ്രതിരോധ ഔഷധം കണ്ടെത്തുംവരെ അപകടകാരിയായ ഈ വെെറസിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുകയെ, മനുഷ്യരാശിക്കു മുന്നില്‍ തല്‍ക്കാലം മാര്‍ഗ്ഗമുള്ളു. ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ ആരോഗ്യ അടിയന്തരവസ്ഥാ മേധാവി മെെക് റയല്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊറോണ വെെറസ് പൊട്ടിപ്പുറപ്പെട്ട ചെെനയിലെ വുഹാന്‍ നഗരത്തില്‍ വീണ്ടും രോഗബാധാ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും നഗരത്തിലെ പതിനൊന്ന് ദശലക്ഷം നിവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കാനും ആ രാജ്യം തീരുമാനിച്ചിരിക്കുന്നു.

ലെബനോന്‍ അടക്കം അടച്ചുപൂട്ടല്‍ പിന്‍വലിച്ച രാജ്യങ്ങള്‍ ഏറെ വെെകാതെ വീണ്ടും അടച്ചുപൂട്ടലിന് നിര്‍ബന്ധിതമായതായും റിപ്പോര്‍ട്ടുകളുണ്ട്. അടച്ചുപൂട്ടലിന് അയവുവരുത്തിയ നഗരങ്ങളിലും രാജ്യങ്ങളിലും രോഗവ്യാപനം അതിവേഗത്തില്‍ സംഭവിക്കുന്നു. കൊറോണ വെെറസ് മഹാമാരിയെ നേരിടാന്‍ അടച്ചുപൂട്ടല്‍ ഒരു പരിഹാരമല്ല. അത് താല്‍ക്കാലികമായി രോഗവ്യാപനം തടയാന്‍ മാത്രമെ സഹായകമാവു എന്നുതന്നെയാണ് അനുഭവം നല്‍കുന്ന പാഠം. പ്രതിരോധ വാക്സിനുവേണ്ടി സമാന്തരമായി നിരവധി ശ്രമങ്ങളാണ് ലോകത്തെമ്പാടും നടന്നുവരുന്നത്.

എന്നാല്‍, ഫലപ്രദമായ ഒരു പ്രതിരോധ വാക്സിനുവേണ്ടി ഏറെ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. മാത്രമല്ല, മാരകമായ കൊറോണ വെെറസ് കാലത്തിനും കാലാവസ്ഥയ്ക്കും ദേശത്തിനും അനുസൃതമായി ജനിതക മാറ്റത്തിന് വിധേയമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും നമുക്ക് മുന്നിലുണ്ട്. അത് ഫലപ്രദമായ ഒരു പ്രതിരോധ ഔഷധം എന്ന ദൗത്യത്തെ ഏറെ ദുഷ്കരമാക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും കരണീയ മാര്‍ഗം കൊറോണ വെെറസ് ബാധക്കെതിരെ ഫലപ്രദമായ, രോഗബാധയില്‍ ദൃശ്യമാകുന്ന വെെ­വിധ്യങ്ങള്‍ക്ക് അനുസൃതമായ, ചികിത്സാ ക്രമങ്ങള്‍ വികസിപ്പിക്കുക എന്നുള്ളതാണ്.

മാരകമായ ചില വെെ­റല്‍ രോഗങ്ങള്‍ക്കെങ്കിലും പ്രതിരോധ വാക്സിന്‍ കണ്ടെത്താന്‍ മനുഷ്യന്റെ സമസ്ത ശാസ്ത്ര വിജ്ഞാനത്തിനും വെെദഗ്ധ്യത്തിനും കഴിഞ്ഞിട്ടില്ല. എച്ച് ഐവിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇനിയും വിജയിച്ചിട്ടില്ലാത്ത മനുഷ്യന്‍ ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളിലൂടെ അതിനൊപ്പം ജീവിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും സമാന പോംവഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത്. അത് ഏറ്റവും ഫലപ്രദമായി വികസിപ്പിക്കുക എന്നതാണ് അടിയന്തര വെല്ലുവിളി. ടെസ്റ്റുകള്‍ വ്യാപകമാക്കാനും വെന്റിലേറ്ററുകള്‍, വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി സുരക്ഷ‑ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ലഭ്യമാക്കുക എന്നത് നിര്‍ണ്ണായക പ്രാധാന്യമര്‍ഹിക്കുന്നു.

രോഗവ്യാപനം തടയാന്‍ ഉതകുംവിധം സാമൂഹിക അകലം പാലിക്കല്‍ പൊതു-സ്വകാര്യ ജീവിതങ്ങളില്‍ പുതിയ ജീവിതക്രമമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു. നാളിതുവരെ അവലംബിച്ചുപോന്ന രീതികളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു ജീവിതക്രമം തന്നെ വികസിപ്പിക്കുക എന്നതാണ് വെല്ലുവിളി. വിദ്യാഭ്യാസം, കാര്‍ഷിക‑വ്യാവസായിക ഉല്പാദനം, സേവന സംരംഭങ്ങള്‍ എന്നിവയെല്ലാം പുനര്‍നിര്‍വചനത്തിന് വിധേയമാകേണ്ടിയിരിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സമൂഹത്തിന്റെ സാമ്പത്തികം ഉള്‍പ്പെടെ നാനാതരം താല്പര്യങ്ങളെയും കണക്കിലെടുത്തുകൊണ്ടായിരിക്കണം ആ പുനര്‍നിര്‍വചനം. സമാന്തരാമായി, യാതൊരു ഉദാസീനതയും കൂടാതെ, മനുഷ്യരാശിയുടെ ശത്രുവായി മാറിക്കഴിഞ്ഞ നോവല്‍ കൊറോണ വെെറസിനെതിരായ പ്രതിരോധ ഔഷധ വികസനം ഊര്‍ജ്ജസ്വലവും ഏകാഗ്രവുമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

കൊറോണ വെെറസിനെതിരായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് ലോകത്ത് പലയിടങ്ങളിലുമായി ഇരുന്നൂറോളം ഗവേഷണങ്ങള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല തലത്തിലും തരത്തിലും നടക്കുന്ന അത്തരം ഗവേഷണങ്ങളുടെ പ്രസക്തി ഒട്ടും കുറച്ചുകാണാതെ തന്നെ അവയുടെ ഏകോപനത്തിന്റെ അനിവാര്യതയെപ്പറ്റി ശാസ്ത്രവൃത്തങ്ങള്‍ തന്നെ അടിവരയിടുന്നു. ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ഏറെയും മനുഷ്യജീവനെക്കാള്‍ അത്തരം ഒരു കണ്ടുപിടുത്തം ലഭ്യമാക്കിയേക്കാവുന്ന കൂറ്റന്‍ ലാഭത്തില്‍ കണ്ണുനട്ടുള്ളതാണ്. മനുഷ്യജീവന് വില കല്പിക്കാത്ത, ലാഭത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള അത്തരം ഗവേഷണങ്ങളുടെ സ്ഥാനത്ത് പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ വിഭവശേഷി പ്രദാനം ചെയ്യാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ തയ്യാറാവണം. മനുഷ്യരാശി നേരിടുന്ന അസാധാരണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഒരു പുതിയ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടും നേതൃത്വവും അനിവാര്യമായിരിക്കുന്നു.