കൊച്ചി: കേരളത്തിനു വാഗ്ദാനം ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്ന കേന്ദ്ര പദ്ധതികളുടെ എണ്ണം കൂടുന്നു. പട്ടികയിൽ നിലവിൽ ഒടുവിലത്തേതാകാനുള്ള ദുര്യോഗം കിട്ടിയത് കണ്ണൂരിലെ ഇരിണാവിൽ 2011 മെയ് മാസത്തിൽ തറക്കല്ലിട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമിയും. കഞ്ചിക്കോട് റയിൽവേ കോച്ച് ഫാക്ടറി, ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ് ), രണ്ടാം കപ്പൽശാല എന്നിവ വച്ചുനീട്ടിയിട്ട് കേന്ദ്രം പിൻവലിച്ച പദ്ധതികളാണ്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ തിരുവനന്തപുരത്തെ സംസ്ഥാന സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗി (നിഷ് ) നെ, നാഷണൽ യൂണിവേഴ്സിറ്റി ഫോർ റിഹാബിലിറ്റേഷൻ ആന്റ് ഡിസെബിലിറ്റി സ്റ്റഡീസ് എന്ന പേരിൽ ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനം കേന്ദ്ര സർക്കാർ തന്നെ അടുത്ത കാലത്ത് അട്ടിമറിച്ചു. ശബരി റയിൽ പദ്ധതിയിൽ നിന്നു കേന്ദ്രം പിന്നാക്കം പോയി. കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡിന്റെ ആസ്ഥാനം ബിജെപി ഭരിക്കുന്ന അസമിലേക്കു കൊണ്ടുപോകാനുള്ള നീക്കം തകൃതിയായി നടക്കുന്നു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി കേന്ദ്രം നിരസിച്ചതോടെ, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ തീരദേശ പരിശീലന കേന്ദ്രമാണ് കേരളത്തിനു നഷ്ടമായത്. 2009‑ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനമെടുത്തതോടൊപ്പംതന്നെ അത് കേരളത്തിനു നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളും ശക്തമായിരുന്നു. നേരത്തേ താപനിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിൽ 164 ഏക്കർ ഭൂമിയാണ് അക്കാദമിക്കായി വിട്ടു കൊടുത്തത്. 500 കോടി വിഭാവനം ചെയ്ത് 65.55 കോടി കോസ്റ്റ് ഗാർഡ് ചെലവഴിക്കുകയും ചെയ്തു.
കർണാടകത്തെ മംഗലാപുരത്തിനടുത്തുള്ള വൈക്കംപാടി എന്ന സ്ഥലത്തേക്ക് അക്കാദമി മാറ്റി സ്ഥാപിക്കാൻ ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ കാലം മുതലേ കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. പാലക്കാട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്ൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ താത്പര്യത്തിനെതിരെ കേന്ദ്രം ഇടങ്കോലിടുകയാണ്. വെള്ളൂർ എച്ച് എൻഎൽ സംസ്ഥാന സർക്കാരിനു വിട്ടുകൊടുക്കാതിരിക്കാൻ, ഭൂമി കൈമാറ്റത്തിൽ വിസമ്മതവുമായി കേന്ദ്രം അവസാന നിമിഷം വരെ ശ്രമിച്ചു. അങ്ങനെയെങ്കിൽ, കമ്പനിക്കു സംസ്ഥാനം ഏറ്റെടുത്തു നൽകിയ ഭൂമി തിരിച്ചു നൽകണമെന്ന് സംസ്ഥാനം കടുത്ത നിലപാടെടുത്തു.അതോടെ കേന്ദ്രം ആ വിഷയത്തിൽ അടിയറവ് പറയുകയായിരുന്നു. കേന്ദ്ര പദ്ധതികൾക്കു ഫണ്ട് അനുവദിക്കുന്നതിലും സംസ്ഥാനത്തോടു ചിറ്റമ്മനയം പ്രകടമാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന കേരളത്തിന് സർവശിക്ഷ അഭിയാൻ ഫണ്ടായി 413 കോടി രൂപ മാത്രം അനുവദിച്ചപ്പോൾ യുപി — ക്കു നൽകിയത് 4,900 കോടി. കൂട്ടുകക്ഷിയായ എ ഐ എ ഡിഎംകെ ഭരിക്കുന്ന തമിഴ്നാടിന് 1,427 കോടി. ഉത്തരാഖണ്ഡിന് 2,000 കോടി.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തയ്യാറെടുക്കുന്ന വേളയിലും രണ്ടാം ഘട്ടത്തിൽ അനുവദിച്ച റോഡിന്റെ നിർമ്മാണം മുഴുമിപ്പിക്കാൻ അനുമതി നൽകാതെ കേന്ദ്രം സംസ്ഥാനത്തെ വലച്ചു. പ്രധാനമന്ത്രിയുടെ സൗജന്യ പാചക വാതക പദ്ധതിയുടെ കാര്യത്തിലും കേന്ദ്രം ഉഴപ്പി. ഇതിനൊക്കെ പുറമെയാണ്, ജിഎസ്‌ടി വരുമാന നഷ്ടത്തിന്റെ പേരിൽ മാത്രം നൽകേണ്ട 1600 കോടി കേന്ദ്രം പിടിച്ചു വച്ചിരിക്കുന്നത്. മറ്റു പല പദ്ധതികളുടെയും പേരിലുള്ള 1000 കോടി രൂപ വേറെയുമുണ്ട്. വായ്പാ പരിധി നിജപ്പെടുത്തിയതുവഴി, 2000 കോടിയോളം രൂപ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവസരവും കേന്ദ്രം നഷ്ടപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.