March 31, 2023 Friday

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3072 കടന്നു; നിർണ്ണായക ഘട്ടത്തിലേയ്ക്ക്

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 4, 2020 9:10 pm

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,900 കടന്നു. കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ അതിശക്തമാക്കി. അടുത്തയാഴ്ച നിര്‍ണ്ണായകമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3072 ആയി ഉയര്‍ന്നു. ഇതില്‍ 75 പേര്‍ മരിച്ചു. 183 പേരുടെ രോഗം ഭേദമായി. ഇതിൽ 50 പേർ കേരളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവരുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തില്‍ വയ്ക്കുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എല്ലാവരുടെയും സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.

കോവിഡ് ബാധിതരില്‍ പകുതിപ്പേരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര തലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ കണക്കാക്കിയാല്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ സംഖ്യ എത്രയെന്ന കാര്യത്തില്‍ കൃത്യത ഉറപ്പു വരുത്താന്‍ കഴിയില്ല. ഒരു പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ആ പ്രദേശത്തെ പൂര്‍ണ്ണമായും ക്വാറന്റൈന്‍ ചെയ്യുന്ന രീതിയാണ് ദേശീയ തലത്തില്‍ നിലവില്‍ അവലംബിച്ചു പോരുന്നത്. രോഗബാധ ഉണ്ടായാല്‍ അത് പ്രകടിപ്പിക്കാന്‍ ഏതാണ്ട് പത്ത്-പന്ത്രണ്ട് ദിവസം എടുക്കും എന്നതിനാല്‍ വരും ദിനങ്ങള്‍ അതിനിര്‍ണ്ണായകമാണ്. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും സംസ്ഥാനങ്ങള്‍ നടപ്പിലാക്കുകയും പിന്തുടരുകയും ചെയ്യുമ്പോഴും ഭക്തിയുടെയും മതത്തിന്റെയും പേരില്‍ വ്യത്യസ്തമായ നീക്കങ്ങള്‍ ഉണ്ടാകുന്നത് രാജ്യം ആശങ്കയോടെയാണ് നോക്കി കാണുന്നത്.

you may also like this video;

രാജ്യത്ത് കോവിഡ് സമൂഹവ്യാപനത്തിന്റെ പരിധിയിലേക്ക് എത്തിയിട്ടില്ലെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നേരിട്ട് രോഗിയുമായോ അവരുമായി ബന്ധപ്പെട്ടവരുമായോ ബന്ധം പുലര്‍ത്താത്തവര്‍ക്കും കോവിഡ് ബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ അക്കാര്യം പരിശോധിക്കുകയാണെന്നു മാത്രമായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. അത്തരത്തില്‍ സമൂഹവ്യാപനം സംഭവിച്ചെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്നത് സര്‍ക്കാരിനും ബോധ്യമുള്ള വസ്തുതയാണ്. രാജ്യത്തെ കോവിഡ് ബാധ പരിധിയിലായോ എന്നത് സംബന്ധിച്ച നിഗമനങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള കാര്യങ്ങൾ സര്‍ക്കാർ തീരുമാനിക്കുകക.

ലോക്ഡൗണ്‍ നീട്ടില്ലെന്നു പ്രധാനമന്ത്രി സൂചന നല്‍കുമ്പോഴും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയം ആയിട്ടില്ല എന്നതാണ് വസ്തുത. വരുന്നയാഴ്ചത്തെ കോവിഡ് കണക്കുകളാകും രാജ്യം കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുക. കോവിഡ് പ്രതിരോധത്തിനുള്ള 11 എംപവേഡ് ഗ്രൂപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ആശയ വിനിമയം നടത്തി. ഒരോ ഗ്രൂപ്പിനും ഓരോ ചുമതലയാണുള്ളത്. രാജ്യത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ക്കായും ബാക്കി നടപടി ക്രമങ്ങള്‍ക്കുമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള പതിനൊന്ന് ഗ്രൂപ്പുകളെ നിയോഗിച്ചിരിക്കുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.