ഡാലിയ ജേക്കബ്

December 09, 2019, 12:12 pm

സർവീസിലിരിക്കെ മരണമടയുന്ന കെഎസ്ആർടിസി ജീവനക്കാരുടെ എണ്ണം കൂടുന്നു: കാരണം ഇതാണ്

Janayugom Online

ആലപ്പുഴ: സർവീസിലിരിക്കെ മരണം അടയുന്ന കെഎസ്ആർടിസി ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മൂന്നരവർഷത്തിനുള്ളിൽ 303 പേരാണ് സർവീസ് കാലാവധിയിൽ മരിച്ചത്. കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയതോടെ സ്ഥിരം ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയായി. ഇതേത്തുടർന്ന് രോഗങ്ങൾ മൂലമാണ് ഭൂരിഭാഗം പേരും മരിച്ചത്. 53 പേരാണ് മൂന്നു വർഷത്തിനുള്ളിൽ ഡ്യൂട്ടിക്കിടയിൽ മരിച്ചത്. അപകടത്തെ തുടർന്ന് മരിച്ചവർ ഇരുന്നൂറിലധികം പേർ വരും. കഴിഞ്ഞദിവസം കെഎസ്ആർടിസിയിലെ മൂന്ന് പേരാണ് മരണമടഞ്ഞത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ സ്ഥിരം കണ്ടക്ടർ പി ജി പ്രകാശ്, ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഉദയകുമാർ, കാസർകോഡ് ഡിപ്പോയിലെ ഡ്രൈവർ നിലേശ്വരം സ്വദേശി പി വി സുകുമാരൻ എന്നിവരാണ് മരിച്ചത്.

you may also like this video


കോടതി നിർദ്ദേശ പ്രകാരം താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയ സ്ഥാനത്ത് പിഎസ് സിയിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമിച്ചിട്ടില്ല. കെ എസ് ആർ ടി സി ജീവനക്കാർക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം എന്നിവ കൃത്യമായി കഴിക്കുവാൻ സാധിക്കുന്നില്ല. കഴിക്കുന്ന ഭക്ഷണം മെച്ചമുള്ളതാണോ എന്നുപോലും ജീവനക്കാർ ശ്രദ്ധിക്കാറുമില്ല. ഡ്യൂട്ടിക്കിടയിൽ വെള്ളം കൃത്യമായി കുടിക്കുവാൻ പോലും സാധിക്കാറില്ല. കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ പലരും കിഡ്നി സ്റ്റോൺ, യൂറിനറി ഇൻഫെക്ഷൻ, ഷുഗർ, പ്രഷർ, ഗ്യാസ് ട്രബിൾ, ശ്വാസകോശ സംബന്ധമായ സുഖങ്ങൾ എന്നിവ ബാധിച്ചവരാണ്.

മാനസിക പിരിമുറുക്കം, ജോലിസമ്മർദ്ദം, റൂട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾ, തൊഴിൽ അന്തരീക്ഷം എന്നിവ ഇവരെ അതിവേഗത്തിൽ രോഗബാധിതരാക്കുന്നു. ഡ്യൂട്ടിക്കിടയിൽ ഉറക്കം വരാതിരിക്കുവാൻ കാന്താരി മുളക് ചവയ്ക്കുക, കണ്ണുകളിൽ വിക്സ് പുരട്ടുക എന്നിങ്ങനെ പൊടികൈകൾ ചെയ്യാറുണ്ടെന്ന് ജീവനക്കാർ തന്നെ പറയുന്നു. ഈ വിഷയത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ദ്ധർ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന ആവശ്യവും ജീവനക്കാർ ഉയർത്തുന്നുണ്ട്.