Web Desk

January 04, 2020, 10:43 pm

കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി

Janayugom Online

കോട്ട (രാജസ്​ഥാൻ): ശനിയാഴ്​ച ഒരു മരണം കൂടി റിപ്പോർട്ട്​ ചെയ്യ​​പ്പെട്ടതോടെ രാജസ്​ഥാനിലെ കോട്ട ജെ​കെ ലോൺ ആശുപത്രിയിൽ 35 ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ്​ ഈ സർക്കാർ ആശുപത്രിയിൽ മരിച്ചത്​. ഈ വർഷം ഇതുവരെ ഏഴ്​ കുട്ടികൾ കൂടി മരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ആശുപത്രിയിൽ പരിശോധനയ്ക്കെത്തി. ജോഡ്​പുർ എഐഐഎം എസിലെ വിദഗ്​ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്​ഥാന സൗകര്യങ്ങളുടെ കുറവും ചികിത്സ​ പിഴവ്​ വന്നിട്ടുണ്ടോയെന്നും പരിശോധിച്ചു. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിച്ച്​ ശിശുമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ എത്ര ഫണ്ട്​ അനുവദിക്കേണ്ടി വരുമെന്ന കണക്കെടുപ്പും വിദഗ്​ധർ നടത്തി.

കോട്ടയിൽ നിന്നുള്ള എംപിയും ലോക്​സഭ സ്​പീക്കറുമായ ഓം ബിർളയും ആശുപത്രിയിലെത്തി മരിച്ച ശിശുക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ചർച്ച നടത്തി. അതേസമയം, രാജസ്​ഥാനിലെ മറ്റൊരു ആശുപത്രിയിൽ നിന്നും കൂട്ട ശിശുമരണം റി​പ്പോർട്ട്​ ചെയ്യപ്പെട്ടത്​ പ്രതിഷേധം വർധിപ്പിക്കുകയാണ്​. ബുന്ധി ജില്ലയിലെ ആശുപത്രിയിൽ ഡിസംബറിൽ 10 നവജാത ശിശുക്കൾ മരിച്ചെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശിശുമരണം വർധിച്ചുവരുന്നത്​ കോൺഗ്രസിനെതിരായ ശക്​തമായ രാഷ്​ട്രീയ ആയുധമാക്കുകയാണ്​ ബിജെപി. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന്​ പകരം കോട്ടയിലെ ശിശുമരണങ്ങൾക്ക്​ ഉത്തരവാദിത്തം പറയുകയാണ്​ വേണ്ടതെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെ​ലോട്ടിനോട്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ കഴിഞ്ഞദിവസം ആവശ്യ​പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിക്കാനെത്തിയ രാജസ്​ഥാൻ ആരോഗ്യമന്ത്രി രഘു ശർമയെ സ്വീകരിക്കാൻ ജീവനക്കാർ പച്ച പരവതാനി വിരിച്ചത്​ വിവാദമായിരുന്നു. പ്രതിപക്ഷം ഇത്​ ചോദ്യം ചെയ്​തതിനെ തുടർന്ന്​ മന്ത്രി വരുന്നതിന്​ തൊട്ടുമുമ്പ്​ പരവതാനി നീക്കുകയും ചെയ്തു.

എന്നാൽ മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്​ അധികൃതർ ആശുപത്രിയിലെ തകർന്ന ഭാഗങ്ങൾ നന്നാക്കിയതും ഭിത്തികൾ വൈറ്റ്​വാഷ്​ ചെയ്​തതും കുട്ടികളുടെ വാർഡുകളിലെ കേടായ ഉപകരണങ്ങൾ മാറ്റിയതുമെല്ലാം വിവാദമായിരുന്നു. ഡിസംബർ 23നും 24നും 48 മണിക്കൂറിനിടെ പത്ത്​ ശിശുക്കൾ മരിച്ചതോടെയാണ്​ കോട്ടയിലെ ശിശുമരണങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്​. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്നാണ്​ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ദുലാര പറയുന്നത്​. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​. പാർട്ടി സംസ്ഥാന പ്രസിഡന്റ് അവിനാഷ് പാണ്ഡേയോട് സോണിയാ ഗാന്ധി വിശദീകരണം തേടി.

Eng­lish Sum­ma­ry: The num­ber of new­borns who died in the rise to 107.