റെജി കുര്യൻ

July 26, 2020, 10:37 pm

രാജ്യത്ത് രോഗികൾ 14 ലക്ഷം കടന്നു

Janayugom Online

രാജ്യത്തെ കോവിഡ് കേസുകളിലെ വർധന വൻതോതിൽ തുടരുന്നു. ഇന്നലെ പുതുതായി 48,661 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 14,12,522 ലേക്ക് ഉയർന്നു.

32,359 മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്. നിലവിൽ 4,67,882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8,85,577 പേർക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 36,145 പേർ രോഗമുക്തരായി. ഇത് ഏകദിന കണക്കിൽ പുതിയ റെക്കോഡാണ്.

മഹാരാഷ്ട്രയും തമിഴ്നാടുമാണ് കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 9,000 ത്തോളവും തമിഴ്‌നാട്ടിൽ 7,000 ത്തോളവും കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കോവിഡ് കേസുകളുടെ 50 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലാണ്.

രോഗവ്യാപനത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും മൂന്നാംഘട്ട ഇളവുകളിൽ തീരുമാനം എടുക്കാതെ പിന്നോട്ടുനിൽക്കുകയാണ്. സ്കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് സംബന്ധിച്ച് ജൂലൈയിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് അൺലോക്കിങ് പ്രഖ്യാപിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ രോഗവ്യാപന തോതിൽ പുറത്തുവരുന്ന കണക്കുകളേക്കാൾ അധികമാണ് യഥാർത്ഥ ചിത്രം എന്നാണ് പുതിയ നിലപാട് വ്യക്തമാക്കുന്നത്. ഗ്രാമങ്ങളിലേക്കും ചെറുകിട നഗരങ്ങളിലേക്കും രോഗവ്യാപനം രൂക്ഷമായതോടെ കനത്ത ആശങ്ക ഉയർന്നിട്ടുണ്ട്.

രാജ്യത്തെ ഉയരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ കരുതലും ജാഗ്രതയും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. സാമൂഹിക അകലവും മാസ്കു ധരിക്കലും കൃത്യമായി പാലിക്കണം. കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കൂടുതൽ കരുതലും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. എല്ലാവരും ഇതിനു തയ്യാറാകണമെന്നും പ്രധാനമന്ത്രി മൻകീ ബാത് എന്ന പരിപാടിയിൽ വ്യക്തമാക്കി. രോഗവ്യാപനം പരിധിക്കപ്പുറത്തേക്കു നീങ്ങുന്നതിന്റെ ആശങ്കയാണ് പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഇനി സർക്കാരുകൾക്കാകില്ലെന്ന പ്രഖ്യാപനംകൂടിയാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. സർക്കാർ സംവിധാനം അപര്യാപ്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം നിലയിൽ പ്രതിരോധം സൃഷ്ടിക്കുക. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിലവിൽ നൽകുന്ന സഹായങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഉള്ളു തുറന്ന് (മൻകീ ബാത്) പറഞ്ഞ മോഡി വ്യക്തമാക്കിയത്.