20 April 2024, Saturday

യുപിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം രണ്ടു ലക്ഷം കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2022 9:45 am

2012നും 19 നുമിടയില്‍ ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണത്തില്‍ രണ്ടു ലക്ഷത്തിന്റെ വര്‍ധന. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2012ല്‍ അലഞ്ഞുതിരിയുന്ന പത്തുലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 11.84 ലക്ഷമായി ഉയര്‍ന്നു. ഇത്തരം കന്നുകാലികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപവും കോവിഡ് തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമല്ലെന്ന മറുപടിയും നിലനില്‍ക്കെയാണ് കന്നുകാലികളുടെ സെന്‍സസ് നടത്തിയ കണക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 21.11 ലക്ഷം രൂപ ചെലവഴിച്ച് 8.87 ലക്ഷം അലഞ്ഞു തിരിയുന്ന കന്നുകാലികളെ പുനരധിവസിപ്പിച്ചതായും മന്ത്രി അറിയിച്ചു.

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുള്ള ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അലഞ്ഞുതിരിയുന്നവയുടെ എണ്ണം പെരുകിയത്. ഇതാകട്ടെ സംസ്ഥാനത്ത് വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുയാണ്. കന്നുകാലികള്‍ എല്ലാ ജില്ലകളിലും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പ്രായമെത്തുന്ന കന്നുകാലികളെ തീറ്റിപ്പോറ്റുന്നത് ബുദ്ധിമുട്ടായതിനാലും കൊല്ലുന്നത് നിയമ വിരുദ്ധമായതിനാലും ഉടമകള്‍ ഉപേക്ഷിക്കുന്നവയാണ് ഇവയില്‍ ഭൂരിപക്ഷവും. സംഘപരിവാര്‍ നേതൃത്വത്തിലുള്ള ജാഗ്രതാ സംഘങ്ങളുടെ നിരീക്ഷണമുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് വിറ്റൊഴിവാക്കുവാന്‍ കഴിയാത്ത സ്ഥിതിയും ഇത്തരമൊരു സാഹചര്യത്തിന് കാരണമാണ്.

Eng­lish sum­ma­ry; The num­ber of stray cat­tle in UP has increased

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.