27 March 2024, Wednesday

ജാതിവിപത്തിന്റെ പോഷണവും നവോത്ഥാനമൂല്യത്തിന്റെ ശോഷണവും

ടി കെ പ്രഭാകരകുമാർ
November 13, 2021 5:18 am

കേരളത്തിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന വിധത്തിൽ ജാതിവെറിയുടെ പരിഷ്കൃതരൂപങ്ങൾ സമസ്തമേഖലയിലും നിറഞ്ഞാടുന്ന കാഴ്ച ഏറെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ജാതിയുടെ പേരിലുള്ള വിവേചനങ്ങളും അയിത്ത വ്യവസ്ഥിതിയും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹ്യ‑സാംസ്കാരിക‑സാമുദായിക‑വിദ്യാഭ്യാസരംഗങ്ങളിലൊക്കെയും സ്വാധീനമുറപ്പിച്ചുതന്നെ നില കൊള്ളുകയാണ്. മഹാത്മാഗാന്ധി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥിനി, തനിക്ക് നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ വിജയം കണ്ടു എന്നതുകൊണ്ട് ആശ്വസിക്കാൻ വക നൽകുന്നതല്ല, ജാതീയപ്രവണതകളും അതിന്റെ സാമൂഹ്യജീവിത പ്രത്യാഘാതങ്ങളുമെന്ന് നാം ഓരോരുത്തരും മനസിൽ കുറിച്ചിടുക തന്നെ വേണം.

 


ഇതുകൂടി വായിക്കൂ:  ഗവേഷണത്തിന്റെ ജാതിവാല്‍


 

ദളിത് സമുദായത്തിൽ ജനിച്ചുവെന്നതുകൊണ്ടുമാത്രം ദീപ എന്ന ഗവേഷക വിദ്യാർത്ഥിനിക്ക് സഹിക്കേണ്ടിവന്ന ജാതീയ പീഡനങ്ങൾ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ മൊത്തം ആത്മാഭിമാനത്തെയും അന്തസിനെയുമാണ് ചോദ്യം ചെയ്തത്. ദീപയുടെ ഗവേഷണത്തെ തടസപ്പെടുത്തും വിധം ജാതിവിവേചനം നടത്തിയ അധ്യാപകനെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും മാറ്റണമെന്നും ഗവേഷണപഠനം തുടരാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹാരസമരത്തിലേർപ്പെട്ടിരുന്നത്. ഒടുവിൽ ദീപയ്ക്ക് നീതി കിട്ടാൻ സർക്കാർ തന്നെ ഇടപെട്ടത് ശ്ലാഘനീയമാണെങ്കിലും ഇക്കാര്യത്തിൽ അവസരോചിതമായ നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ ഈ വിഷയത്തിലുള്ള പല വിമർശനങ്ങളും ഒഴിവാക്കപ്പെടുമായിരുന്നു. അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലത്തും ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യുന്ന ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന സമയത്ത് ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് നീതി വൈകുന്നത് ഭൂഷണമല്ലെന്ന തിരിച്ചറിവ് ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കൈവരിക്കാൻ പ്രയോജനപ്പെടുമെന്നതാണ് വസ്തുത.

 

ഏത് മേഖലയിലായാലും തനിക്കെതിരെയുള്ള ജാതി പീഡനങ്ങൾ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തി ഉയർത്തിക്കൊണ്ടുവന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടിവരുന്ന കാലവിളംബം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. ഇന്ത്യയുടെ ഭരണഘടന തന്നെ സമൂഹത്തിൽ നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കാണ് മറ്റുള്ളവരെക്കാൾ മുൻഗണന നൽകുന്നുണ്ട്. ജാതീയ പീഡനങ്ങളും ജാതീയ അധിക്ഷേപങ്ങളും അയിത്തങ്ങളും ഉച്ചനീചത്വങ്ങളും ഗുരുതരമായ ക്രിമിനൽകുറ്റങ്ങളാണെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. പൊതുസമൂഹവും കോടതിയും മാധ്യമങ്ങളും ഇടപെടുമ്പോൾ മാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്നമായി ജാതിവിവേചനങ്ങളുമായി ബന്ധപ്പെട്ട വിഷയം മാറാൻ പാടില്ല. തുടക്കത്തിൽ തന്നെ പരിഹാരം കാണാനുള്ള ആർജവം അധികാരകേന്ദ്രങ്ങൾക്കുണ്ടായാൽ തല്‍പ്പരകക്ഷികൾക്ക് രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരം ലഭിക്കുകയില്ല. നിർഭാഗ്യവശാൽ എന്തുകൊണ്ട് അതുണ്ടാകുന്നില്ലെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. കേവലം രാഷ്ട്രീയതാത്പര്യങ്ങൾക്കപ്പുറം വിശാലമായ മാനവികതാ ബോധം കൂടിയുണ്ടെങ്കിൽ മാത്രമേ പട്ടികജാതി-പട്ടികവർഗവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിക്കാനാകൂവെന്നതാണ് യാഥാർത്ഥ്യം.

ഭരണാധികാരവ്യവസ്ഥയെ ശക്തിപ്പെടുത്താൻ രാഷ്ട്രീയം പോലെ തന്നെ ജാതി-മതപ്രീണനങ്ങളും പ്രധാനമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ ഉയർന്നുവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജാതീയബോധത്തിലൂന്നിയ പരമ്പരാഗതശീലങ്ങൾ അധികാരത്തിന്റെ എല്ലാ തലങ്ങളിലും ആധിപത്യമുറപ്പിച്ചിട്ടുള്ളതിനാൽ ഇതിനെ ഇല്ലായ്മ ചെയ്യുകയെന്നത് അപ്രായോഗികമാണ്. നിയന്ത്രിക്കുകയെന്ന ദൗത്യം മാത്രമേ നിർവഹിക്കാൻ സാധിക്കൂ. അതിന് പോലും മനസ് കാണിക്കുന്നില്ലെന്നതാണ് അനുഭവം.

 


ഇതുകൂടി വായിക്കൂ:  ജാതിവിവേചനത്തെ ചെറുക്കാന്‍ നിതാന്ത മാനവിക ജാഗ്രത


 

ജാതിയെയും മതത്തെയും തങ്ങളുടെ വളർച്ചക്കായി ഉപയോഗിക്കുന്നത് കോൺഗ്രസും ബിജെപിയുമാണ്. മേൽജാതിക്കാരുടെ കീഴ്ജാതിക്കാരെ അകറ്റിനിർത്തുന്ന ആചാരങ്ങളുടെയും അയിത്ത വ്യവസ്ഥകളുടെയും സംരക്ഷകർ ഏറെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളാണ്. ജാതിസംഘടനകൾ വോട്ടുബാങ്കുകളായതിനാൽ ജാതിവെറികൾക്ക് നേരെ വലതുപക്ഷ രാഷ്ട്രീയക്കാർക്ക് മൗനം പാലിക്കേണ്ടിവരുന്നു. ഏതെങ്കിലും ജാതിക്ക് സ്വാധീനമുള്ള മേഖലയിൽ രാഷ്ട്രീയം വളർത്താൻ ആ ജാതിയുടെ പേരിലുള്ള വിവേചനങ്ങളെ അംഗീകരിക്കേണ്ടിവരുന്ന നിസഹായാവസ്ഥ കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ഇടതുപക്ഷവും നേരിടേണ്ടിവരുന്നു.

സവർണജാതിക്കാർ കൂടുതലുള്ള പ്രദേശങ്ങളായതിനാൽ ഇവരെ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്ക് രാഷ്ട്രീയമാണ് പ്രതികരണത്തിന് തടസമാകുന്നത്. അധഃസ്ഥിതരായി മുദ്രകുത്തപ്പെടുന്നവർ തങ്ങളുടെ കുടുംബത്തിലെ രോഗികളെ ചുമന്നുകൊണ്ട് കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയസമുദായക്കാർക്ക് സവർണജാതിക്കാരിൽ നിന്നും നേരിടേണ്ടി വരുന്ന അയിത്തവും തീണ്ടലും മറ്റൊരുദാഹരണം. മേൽജാതിക്കാർക്ക് സ്വാധീനമുള്ള ഭാഗങ്ങളിലെ ചായക്കടകളിൽ ചക്ലിയ സമുദായക്കാർക്ക് ചായ കുടിക്കാൻ പ്രത്യേകം ഗ്ലാസുകൾ തന്നെയുണ്ട്. ഇവർ കുടിക്കുന്ന ഗ്ലാസിൽ മറ്റ് ജാതിക്കാർ ചായ കുടിക്കില്ല. മുമ്പ് മേൽജാതിക്കാർ നടത്തുന്ന ചായക്കടകളിൽ ചക്ലിയ കോളനിവാസികൾക്ക് പ്രവേശനം തന്നെ നൽകിയിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ചായക്കടയിൽ വരാൻ അനുമതി നൽകിയെങ്കിലും രണ്ടുതരം ഗ്ലാസുകൾ ജാതീയ അന്തരം പ്രകടമാക്കുന്നു. പൊതു ടാപ്പുകളിൽ നിന്ന് കുടിവെള്ളം ശേഖരിക്കുമ്പോൾ പോലും തീണ്ടാപ്പാടകലെ മാറിനിൽക്കാൻ ചക്ലിയ കോളനിക്കാർ നിർബന്ധിതരാകുകയാണ്. മേൽജാതിക്കാർ കുടിവെള്ളം ശേഖരിച്ച ശേഷമേ ദളിതർക്ക് വെള്ളമെടുക്കാനുള്ള അവകാശമുള്ളൂ. മുന്നാക്ക ജാതിക്കാരുടെ ക്ഷേത്രങ്ങളിലും ഇവർക്ക് സന്ദർശനം നിഷിദ്ധമാണ്. ചക്ലിയ സമുദായക്കാർ സ്വന്തമായി ക്ഷേത്രം നിർമ്മിച്ചാണ് പ്രാർത്ഥന നടത്തുന്നത്.

 


ഇതുകൂടി വായിക്കൂ:  തത്വമസി; പക്ഷേ അതു നീയല്ല


 

സവർണജാതിക്കാർ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ തങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒട്ടനവധി ദുരനുഭവങ്ങളെ ആദിവാസികൾക്കും ദളിതർക്കും ഈ കാലഘട്ടത്തിലും നേരിടേണ്ടിവരുന്നുണ്ട്. മേൽജാതിക്കാരുടെ ജീവിതത്തിൽ വിവാഹം, ഗൃഹപ്രവേശനം, മരണാനന്തരചടങ്ങിന്റെ ഭാഗമായുള്ള അടിയന്തിരം തുടങ്ങിയ ചടങ്ങുകൾ വരുമ്പോൾ ചെറുമൻ, മാവിലൻ, വേട്ടുവൻ, മലവേട്ടുവൻ തുടങ്ങി വിവിധ ആദിവാസി വിഭാഗങ്ങൾക്ക് ക്ഷണം ലഭിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

അധികാരകേന്ദ്രങ്ങളുടെ ആഘോഷമായാലും ഉത്സവാഘോഷങ്ങളായാലും മുൻനിരകളിൽ നിന്ന് ആദിവാസികളും ദളിതരും മാറ്റിനിർത്തപ്പെടുന്ന കാഴ്ചക്കുനേരെ പൊതുസമൂഹം തികഞ്ഞ മൗനം അവലംബിക്കുകയാണ്. എന്തുകൊണ്ട് ഘോഷയാത്രകളിൽ ബാനർ പിടിക്കാനും മുൻനിരയിൽ നിൽക്കാനും ആദിവാസി പെൺകുട്ടികളെ നിയോഗിക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ നമ്മുടെ നാട്ടിലെ നവോത്ഥാനം യാഥാസ്ഥിതികത്വത്തിന്റെ തീണ്ടാപ്പാടകലെയാണെന്ന് പറയേണ്ടിവരും. സവർണജാതിയിൽപ്പെട്ട വെളുത്ത സുന്ദരിപെൺകുട്ടികൾ ഘോഷയാത്രയിലെ മുൻനിരയിലില്ലെങ്കിൽ ഐശ്വര്യമുണ്ടാകില്ലെന്ന പൊതുബോധം തന്നെ ജാതീയമേൽക്കോയ്മയുടേതാണ്. ഇത്തരമൊരു സാമൂഹ്യചുറ്റുപാടിൽ വളർന്നുവരുന്ന തലമുറകളിലെ സവർണരും അവർണരും ഏതുമേഖലയിലും രണ്ട് ധ്രുവങ്ങളിൽ തന്നെയായിരിക്കും. ജാതി-മതചിന്തകൾക്കതീതമായ സമത്വബോധം വളർത്തുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും നമ്മുടെ സമൂഹത്തിൽ ഇനിയും സംഭവിച്ചിട്ടില്ല. ആദിവാസി-ദളിത് പീഡനങ്ങളും അധഃസ്ഥിതവർഗങ്ങളുടെ നിലവിളിയും കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയസങ്കുചിതത്വം അറുതിവരുത്തേണ്ട ഒന്നുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.