ചരിത്രത്തിൽ ആദ്യമായി യുഎസിൽ എണ്ണയുടെ വില പൂജ്യത്തിൽ നിന്നും കുറഞ്ഞ് നെഗറ്റീവ് സോണിലെത്തി. യുഎഇ സമയം തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് എണ്ണയുടെ വില ബാരലിന് പൂജ്യത്തിൽ നിന്നും കുറഞ്ഞ് നെഗറ്റിവ് 1.43 ഡോളറായി താഴ്ന്നത്. ഇതോടെ അമേരിക്കയുടെ എണ്ണ വില നിർണയിക്കുന്ന വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ നിക്ഷേപകർ വ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. എണ്ണ വില ഗണ്യമായി താഴ്ന്നതോടെ മെയ് മാസത്തിലെ കരാറിൽ നിന്നും നിക്ഷേപകർ പിൻവാങ്ങിയതായി ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ പ്യൂജ്യത്തിന് തൊട്ടുമുകളിലായിരുന്ന ക്രൂഡ് ഓയിലിന്റെ വില രാത്രിയോടെയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ബാരൽ എണ്ണ വാങ്ങുന്നവർക്ക് ബാരൽ ഒന്നിന് 40 ഡോളർ നൽകേണ്ട സ്ഥിതിയുണ്ടായി. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ എണ്ണ വാങ്ങാൻ വിതരണക്കാർ തയ്യാറാകുന്നില്ല. നേരത്തെ സാമ്പത്തിക മാന്ദ്യം, യുദ്ധങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പോലും എണ്ണയുടെ വില നെഗറ്റീസ് സോണിൽ എത്തിയിട്ടില്ല. തിങ്കളാഴ്ച്ചത്തെ കണക്കുകൾ പ്രകാരം വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് കരാർ ബാരൽ ഒന്നിന് 17.85 ഡോളറിൽ നിന്നും നെഗറ്റീവ് 37.63 ഡോളറായി. അതായത് ഒരു ബാരൽ എണ്ണ വാങ്ങുന്ന വ്യക്തിക്കും സ്ഥാപനത്തിനും 37.63 ഡോളർ ബോണസായി നൽകും. ചൊവ്വാഴ്ച്ച രാവിലെ സിംഗപൂർ സമയം 8.31ന് വ്യാപാരം ആരംഭിച്ചപ്പോൾ എണ്ണയുടെ വില നെഗറ്റീവ് സോണിൽ നിന്നും 0.50 ഡോളർ ( അര ഡോളർ) ആയി ഉയർന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കരാർ അവസാനിക്കുന്ന ദിവസത്തിൽ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ വ്യാപാരികൾ കരാർ പുതുക്കാൻ തയ്യാറാകാത്തതാണ് വില ഗണ്യമായി ഇടിയാനുള്ള കാരണമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്നുള്ള സാഹചര്യത്തിൽ എണ്ണയുടെ ഉപഭോഗം കുറഞ്ഞതും സംഭരണ ശേഷിയില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് കമ്പോള വിദഗ്ധരും പറയുന്നു.
ആഗോള വിപണയിൽ എണ്ണയുടെ വില ഗണ്യമായി ഇടിയുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ ഉൽപ്പാദനം 10 ശതമാനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചക്കിടെയുള്ള കണക്കുകൾ പ്രകാരം പ്രതിദിനം 745,000 ബാരൽ ക്രൂഡ് ഓയിലാണ് ഉൽപ്പാദിപ്പിക്കുന്നത്. കൊറോണയ്ക്ക് മുമ്പുള്ള സാഹചര്യത്തിൽ യുറോപ്യൻ രാജ്യമായ ബെൽജിയം മാത്രം സമാന അളവ് ക്രൂഡ് ഓയിലാണ് വാങ്ങിയിരുന്നത്. ലോകരാജ്യങ്ങളിൽ തുടരുന്ന ലോക്ഡൗൺ, വ്യോമയാന ഗതാഗതം റദ്ദാക്കിയത് എന്നിവയാണ് വില ഗണ്യമായി ഇടിയാനുള്ള കാരണമെന്ന് പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻസാക്സിനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ വിലതകർച്ച പിടിച്ചുനിർത്തുന്നതിനായി 75 ദശലക്ഷം ബാരൽ എണ്ണ വാങ്ങുമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിലൂടെ എണ്ണ വില തകർച്ച പിടിച്ചുനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ എണ്ണ വിതരണം ചെയ്യുന്ന സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ( എസ് പിആർ) ഇനത്തിൽ എണ്ണ ശേഖരിക്കാനാണ് യുഎസിന്റെ തീരുമാനം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ക്രമീകരിക്കുനന്തിനായി യുഎസ് ഫെഡറൽ റിസർവ് 1970കളിൽ രൂപീകരിച്ചതാണ് എസ് പിആർ. വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം 250.3 മില്യൺ ബാരൽ ഷെയിൽ ഉൾപ്പെടെ 635 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് എസ് പി ആർ വാങ്ങിയത്. അതിനിടെയാണ് വിലതകർച്ച തടയാൻ 75 ദശലക്ഷം ബാരൽ എണ്ണ അധികമായി വാങ്ങാനുള്ള യുഎസിന്റെ തീരുമാനം.
എന്നാൽ ഇപ്പോഴത്തെ വിലതകർച്ചയുടെ ആനുകൂല്യങ്ങൾ നേടാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ലോക്ഡൗണിനെ തുടർന്നുള്ള വാഹനഉപയോഗത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ, എണ്ണ സംഭരണ ശേഷിയിലെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് ഇതിനുള്ള കാരണമെന്ന് യുബിഎസ് സെക്യൂരിറ്റീസിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ തൻവി ഗുപ്ത ജെയിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.