Web Desk

മലപ്പുറം/ നിലമ്പൂര്‍

February 18, 2020, 10:54 pm

പ്രളയം വന്നാലും ഇനി വീട്ടില്‍ വെള്ളം കയറരുത്; പഴയ വീട് ഭൂമിയില്‍ നിന്നും ഉയര്‍ത്തി

Janayugom Online

കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം ഭൂമികയിലേക്ക് താഴ്ത്തിയ കാഴ്ച കാണാനെത്തിയവരുടെ അതേ ആകാംക്ഷയോടെയാണ് ജനം എടക്കരയിലെ കാഴ്ച കാണാനെത്തുന്നത്. പക്ഷേ ഇപ്പോള്‍ ഇവരെത്തുന്നത് നിലവില്‍ താമസമുള്ള വീട് ഭൂമിയില്‍ നിന്നുയര്‍ത്തുന്നത് കാണാനാണ്. പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് വന്‍ നഗരങ്ങളില്‍ സ്ഥാപിച്ച കെട്ടിടം സൗകര്യാനുസരണം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നിരിക്കേ നാട്ടുഗ്രാമങ്ങളില്‍ തന്നെ ഇത്തരം വീട് ഉയര്‍ത്തുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. അതും തേക്കിന്റെ നാടായ നിലമ്പൂരിനു സമീപം എടക്കര പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വീട്.

നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന രാജന്റെ കോണ്‍ക്രീറ്റ് വീടാണ് ഭൂമിയില്‍ നിന്നും അഞ്ചടി മുകളിലേക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വെള്ളവും ചെളിയും അടിഞ്ഞ് കൂടി വീടാകെ നാശോന്മുഖമായി മാറിയിരുന്നു. ഇനിയുമൊരു പ്രളയം മുന്നില്‍ കണ്ടാണ് വീട്ടുകാര്‍ വീടുയര്‍ത്താന്‍ തീരുമാനിച്ചത്.

ഡിസ്‌കവറി ചാനലിലും മറ്റും കണ്ട് ശീലിച്ച അപ് ലിഫ്റ്റിങ് ആന്റ് ഷിഫ്റ്റിങ് ബില്‍ഡിങ്‌സ് പ്രോഗ്രാമുകള്‍ കണ്ട് ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്തരത്തിലൊരു കമ്പനിയെ രാജൻ സമീപിക്കുകയായിരുന്നു. ഒരു സ്‌ക്വയര്‍ ഫീറ്റിന് 250 രൂപ നിരക്കില്‍ ആണ് വീടുയര്‍ത്താന്‍ കമ്പനി കരാറായത്.

അഞ്ച് ദിവസത്തിനകം വീടിന്റെ ഭിത്തി പൂര്‍ണമായും തുരന്ന് ജാക്കി സ്ഥാപിച്ചു. 120 ഓളം ജാക്കിയാണ് ഇതിനായി ഉപയോഗിച്ചത്. ഏതാനും വര്‍ഷം മുമ്പ് നിര്‍മിച്ച വീടിന്റെ ഭിത്തിക്ക് യാതൊരു കേടും വരുത്താതെ വീട് ഏതാനും അടി ഉയരത്തില്‍ പൊക്കി നിര്‍ത്തി. തലസ്ഥാന നഗരിയില്‍ കെട്ടിടം മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടുണ്ടെങ്കിലും മലബാറില്‍ തങ്ങളുടെ ആദ്യത്തെ ബില്‍ഡിങ് അപ് ലിഫ്റ്റിങാണിതെന്നും കമ്പനി അധികൃതര്‍ പറയുന്നു. കൂടുതല്‍ തൊഴിലാളികള്‍ അടുത്ത ദിവസം എത്തുമെന്ന് സൈറ്റ് എന്‍ജിനീയര്‍ മധുപാല്‍ അറിയിച്ചു.

Eng­lish Sumam­ry: The old house was raised from the ground.

you may also like this video;