കഴിഞ്ഞ ഒരുമാസം സവാള വിറ്റു; കടക്കാരൻ ആയിരുന്ന കർഷകന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ!

Web Desk
Posted on December 15, 2019, 6:59 pm

ബംഗളൂരു: ഉള്ളിവില എല്ലാവരെയും ഒരുപോലെ കരയിപ്പിക്കുമ്പോൾ അങ്ങ് കർണ്ണാടകയിൽ ഒരാള്‍ മനം നിറഞ്ഞ് ചിരിക്കുകയാണ്. വേറെയാരും അല്ല, കര്‍ണാടക ചിത്രദുര്‍ഗയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് സന്തോഷിക്കുന്നത്. ഒരു മാസം മുമ്പ് കൃഷി നഷ്ടത്തിലായി കടം കയറിയ ഇയാളിപ്പോള്‍ കോടിശ്വരനാണ്. 42കാരനായ മല്ലികാര്‍ജുന ഒരുമാസം കൊണ്ടാണ് കോടിപതിയായത്. വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി എങ്കിലും വീണ്ടും ബാങ്ക് ലോണെടുത്ത് ഉള്ളി കൃഷി ചെയ്തു.

എന്നാല്‍, കുതിച്ചുയർന്ന ഉള്ളിവില മല്ലികാര്‍ജുനയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഉള്ളിവില എനിക്കും എന്റെ കുടുംബത്തിനും ഭാഗ്യം കൊണ്ടുവന്നു. ഈ വിള കൂടി നശിച്ചിരുന്നു എങ്കിൽ ജീവനൊടുക്കേണ്ടി വരുമായിരുന്നു. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. ഉള്ളി വില കിലോയ്ക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാല്‍ ഒരു കോടിയിലേറെ ലാഭം കിട്ടി. കടമെല്ലാം വീട്ടണം. പിന്നെ ഒരു വീടു പണിയണം. കൃഷി വ്യാപിപ്പിക്കുന്നതിനായി കുറച്ച് ഭൂമിയും വാങ്ങണമെന്ന് മല്ലികാര്‍ജുന പറഞ്ഞു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

you may also like this video;

10 ഏക്കറാണ് മല്ലികാര്‍ജുനയ്ക്ക് സ്വന്തമായുള്ളത്. 10 ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഉള്ളികൃഷിയിറക്കിയത്. 50ഓളം തൊഴിലാളികളെയും ജോലിയ്ക്കുവെച്ചു. മഴ കുറഞ്ഞ പ്രദേശമായതിനാല്‍ ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചാണ് കൃഷി. വെള്ളമില്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. മഴ സമയത്ത് മാത്രമായിരുന്നു മല്ലികാര്‍ജുനയും കൃഷിയിറക്കിയിരുന്നത്. 2004 മുതല്‍ ഉള്ളി തന്നെയാണ് പ്രധാനകൃഷി. അഞ്ചു ലക്ഷത്തിലധികം ലാഭം ഇതിന് മുമ്പ് ലഭിച്ചിട്ടില്ലെന്നും മല്ലികാര്‍ജുന പറഞ്ഞു.

ഒക്ടോബര്‍ വരെ ഉള്ളിയ്ക്ക് വില താഴ്ന്നത് ആശങ്കയുണ്ടാക്കി. വീണ്ടും നഷ്ടമുണ്ടാകുമെന്ന് കരുതി. നവംബര്‍ ആദ്യം ക്വിന്‍റിലിന് 7000 രൂപ നിരക്കിലാണ് ഉള്ളി വിറ്റത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്വിന്‍റലിന് 12,000 രൂപയായി. പിന്നീട് 20,000 രൂപവരെ ലഭിച്ചു. കുടുംബാംഗങ്ങളും മല്ലികാര്‍ജുനയും രാപ്പകല്‍ വിളവിന് കാവലിരുന്നാണ് മോഷ്ടാക്കളില്‍ നിന്ന് രക്ഷിച്ചെടുതത്ത്.

you may also like this video;